Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

300 രൂപയ്ക്ക് റബർ സംഭരിക്കാൻ കേന്ദ്രസർക്കാരിന് ആർജ്ജവമുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് റബർ സംഭരിക്കുവാനുള്ള ആർജ്ജവമുണ്ടോയെന്ന് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്നും പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബർ സംഭരണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

അനിയന്ത്രിത റബർ ഇറക്കുമതിക്ക് കുടപിടിക്കുകയും നിലവിലുള്ള റബർ ആക്ട് ഇല്ലാതാക്കാൻ നിയമനിർമ്മാണം നിർദ്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കർഷകനിർദ്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാൻ തയ്യാറാകണം. റബർ ഉൾപ്പെടെ കാർഷികമേഖല കാലങ്ങളായി നേരിടുന്ന വിലത്തകർച്ച കർഷകരുടെ ജീവിത പ്രശ്നമാണ്. അതിനാൽ കർഷകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരോടൊപ്പം കർഷകരുണ്ടാകും. പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വിലയ്ക്കെടുക്കാമെന്ന് ആരും കരുതണ്ട. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സ്ഥിരനിക്ഷേപമാകാനും കർഷകരെ കിട്ടില്ല. വിവിധ രാജ്യാന്തര വ്യാപാരക്കരാറുകളിലൂടെ റബർ കർഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവർ സംരക്ഷകരുടെ കുപ്പായമിട്ടുവന്നാൽ തിരിച്ചറിയാൻ കർഷകർക്കാവുമെന്നും 2014 മുതലുള്ള പൊതുതെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണ്. രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് പുറത്തുവന്ന് രാഷ്ട്രീയ നിലപാടുകളിലേയ്ക്ക് കർഷകർ മാറുന്നില്ലെങ്കിൽ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടും. കർഷകർക്കുവേണ്ടി സംസാരിക്കുമ്പോൾ വർഗീയവികാരവും സമൂഹത്തിൽ വിഭാഗീയതയും സൃഷ്ടിക്കുന്ന സ്ഥിരം രാഷ്ട്രീയ കുതന്ത്രങ്ങൾ കാലഹർണപ്പെടും.

സംസ്ഥാന സർക്കാരിന്റെ ബജറ്റുകളിലെ കോടികളുടെ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപനവും കർഷകരെ വിഢികളാക്കുന്നതാണ്. 500 കോടി പ്രഖ്യാപിച്ച 2021-22 ലാകട്ടെ 50 കോടി മാത്രമാണ് ചെലവഴിച്ചത്. 2022-23 വർഷം ഫെബ്രുവരി 16 വരെ കർഷകർക്ക് നൽകിയത് 33.195 കോടിയും. 2017 ൽ പ്രഖ്യാപിച്ച് 2021ൽ ആരംഭിച്ച റബർ കമ്പനിയാകട്ടെ ഇതുവരെയും പ്രവർത്തനമില്ലാതെ ഇഴഞ്ഞുനീങ്ങുന്നു. 250 രൂപ അടിസ്ഥാനവിലയും പ്രഖ്യാപനങ്ങളിൽമാത്രം നിൽക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ചതിക്കുഴിയിലാണ് കർഷകരെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP