Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ

പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ

സ്വന്തം ലേഖകൻ

 പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തന ശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എംഎ‍ൽഎ. കിഴതടിയൂർ വാർഡിൽ അംഗൻവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസ സമരം മാണി സി. കാപ്പന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി എല്ലാ നേതാക്കളും ആന്മാർത്ഥമായി അദ്ധ്വാനിക്കണമെന്നും മാണി.സി. കാപ്പന്റെ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും മോൻസ് ജോസഫ് എംഎ‍ൽഎ അഭിപ്രായപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എംഎ‍ൽഎ , മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്‌സ് എംപി, യു. ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പി.സി ജോർജ് എക്‌സ് എംഎ‍ൽഎ, ജോർജ് പുളിങ്കാട്, വി. സി പ്രിൻസ്, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി , സെബി പറമുണ്ട, കുര്യാക്കോസ് പടവൻ, ഷോജി ഗോപി, ജോസ്‌മോൻ മുണ്ടക്കൽ, തോമസ് ആർ.വി തോമസ്, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോഷി വട്ടക്കുന്നേൽ, ബിജോയി തെക്കേൽ , മാർട്ടിൻ കോലടി , വക്കച്ചൻ മേനാമ്പറമ്പിൽ , സന്തോഷ് മണർകാട്ട്, ഷിബു പൂവേലി, ജിമ്മി ജോസഫ് , അഡ്വ ആർ മനോജ്, മായാ രാഹുൽ , സിജി ടോണി, ലിജി ബിജു, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ലൂസി ജോസ് , ബാബു മുകാല, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, പി.കെ മധു , തങ്കച്ചൻ മണ്ണൂശ്ശേരി, അർജുൻ സാബു, സജി ഓലിക്കര, മനോജ് വള്ളിച്ചിറ, ബിജു വരിക്കാനി, ടോം ജോസഫ് , കുര്യൻ കണ്ണംകുളം, എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ നാരങ്ങാനീര് നൽകി ഉപവാസം സമരം അവസാനിപ്പിച്ചു.

കുന്നേമുറി വാഹനാപകടം: നടപ്പാതയും റോഡും കയ്യേറി സ്ലാബ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം


പാലാ: ഇടപ്പാടി കുന്നേമുറിയിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചു റോഡ് നവീകരിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് സ്ലാബുകൾ അപകടകരമായ വിധത്തിൽ റോഡരുകിൽ തയ്യാറാക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. റോഡ് സൈഡിലും റോഡിലേയ്ക്ക് ഇറക്കിയും നൂറുകണക്കിന് കോൺക്രീറ്റ് സ്ലാബുകളാണ് ഈ മേഖലയിൽ അപകടകരമായ രീതിയിൽ തയ്യാറാക്കി വച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. നടപ്പാത പൂർണ്ണമായും കയ്യേറി മണ്ണും മണലും മെറ്റലും പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടുത്തെ പണി പൂർത്തിയാക്കാതെ മേരിഗിരി ഭാഗത്തെ പണികളാണ് നടത്തിവരുന്നത്. ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമായി ഇഴഞ്ഞാണ് സംസ്ഥാനപാതയിലെ പണികൾ നടക്കുന്നത്.

സ്ലാബുകൾ നിർമ്മിക്കാനുള്ള ഇടമാക്കി നടപ്പാതയെ മാറ്റിയ നടപടി അനധികൃതമാണ്. ഈ സ്ലാബാണ് അപകട കാരണമായതെന്ന് യോഗം ചൂണ്ടിക്കാട്ടി. എതിർദിശയിൽ നിന്നും വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഡിം ആക്കാതെ വന്നപ്പോൾ ഓട്ടോ സൈഡിലേക്ക് മാറ്റിയെങ്കിലും സ്ലാബിൽ ഇടിച്ചു നിയന്ത്രണം വിട്ട് മുന്നോട്ടു പോയപ്പോൾ അതുവഴി കെ എസ് ആർ ടി സി ബസ് ഇടിച്ചാണ് അപകടമുണ്ടാകാൻ ഇടയാക്കിയതെന്ന് സംശയിക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

പാലായിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്കും വാഹനാപകടമരണങ്ങൾക്കും ഉത്തരവാദി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ്. സീബ്രാലൈൻ പോലും തെളിക്കാൻ ഇവരെ കൊണ്ട് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ മനഃപൂർവ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ തെറ്റായ നടപടിമൂലം അപകടങ്ങളും അപകടമരണങ്ങളും പെരുകുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.

വനിതകളുടെ പേരിൽ നടത്തിയ സമരം അപഹാസ്യം

പാലാ: വർക്കിങ് വിമൻസ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു വിവിധ വനിതാ സംഘടനകൾ നടത്തിയ സമരം പ്രഹസനവും അപഹാസ്യവുമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ഭരണത്തിലിരിക്കുന്നവർ തങ്ങൾക്കെതിരെ തന്നെ സമരം നടത്തി സെൽഫ് ഗോൾ അടിക്കുകയാണ്. സമരം നടത്തിയവർ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോൾ വനിതാ ഹോസ്റ്റലിന്റെ സ്ഥിതി എന്തായിരുന്നു എന്നുകൂടി ഓർക്കണം. യുഡിഎഫ് കൗൺസിലർ അങ്കണവാടിക്ക് വേണ്ടി സ്ഥലം ആവശ്യപ്പെട്ടപ്പോഴാണ് വനിതാ ഹോസ്റ്റലിനെ കുറിച്ച് ഭരണകക്ഷി മഹിളാ സംഘടനകൾക്ക് ഓർമ്മ വന്നതെന്നത് വെറും യാദൃശ്ചികതയായി കാണാൻ കഴിയില്ല. യു ഡി എഫിനെതിരെ പറയാൻ ഒന്നുമില്ലാതെ വന്നപ്പോൾ തങ്ങൾക്കെതിരെ തന്നെ സമരം നടത്തി അപഹാസ്യരാകുകയാണ്.

വർക്കിങ് വിമൻസ് ഹോസ്റ്റൽ നഗരസഭയുടെ ഉടമസ്ഥതയിലാണ്. നടപടി സ്വീകരിക്കേണ്ടതും നഗരസഭയാണ്. നഗരസഭയ്‌ക്കെതിരെ സമരം ചെയ്തതാകട്ടെ നഗരസഭയെ നയിക്കുന്ന ചില കൗൺസിലർമാരും. പാലാക്കാർ വിഢികളല്ലെന്ന് തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു.

തീക്കോയി - തലനാട് റോഡ് അന്താരാഷ്ട്രാനിലവാരത്തിലേക്ക്

തലനാട്: തീക്കോയി - തലനാട് - മൂന്നിലവ് റോഡിന്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാറിങ് നടത്തി നവീകരിക്കുന്നതിന്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 6.90 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തുന്നത്. നവീകരണം പൂർത്തീയാകുന്നതോടെ ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇതോടെ തലനാട് നിവാസികളുടെ വരുമാന സ്രോതസ് വർദ്ധിക്കുമെന്നും എം എൽ എ പറഞ്ഞു.

ഉദ്ഘാടന യോഗത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ ജെ സെബാസ്റ്റ്യൻ ,രോഹിണിഭായി ഉണ്ണികൃഷ്ണൻ, രാഗിനി ശിവരാമൻ, ഷെമീല ഹനീഫ, ദീലീപ് കുമാർ, റോബിൻ ജോസഫ്, ആശാ റിജു തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP