Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവ്യാനുഭവം സമ്മാനിച്ച് അക്ഷരനഗരിയിൽ സൈനികർക്ക് സ്‌നേഹാദരവ്

നവ്യാനുഭവം സമ്മാനിച്ച് അക്ഷരനഗരിയിൽ സൈനികർക്ക് സ്‌നേഹാദരവ്

സ്വന്തം ലേഖകൻ

കോട്ടയം: റിപ്പബ്‌ളിക് ദിനത്തിൽ കേരളത്തിലെ സൈനിക കൂട്ടായ്മകൾക്കും ധീരസൈനികർക്കും അക്ഷര നഗരിയിൽ നൽകിയ സ്‌നേഹാദരവ് നവ്യാനുഭവമായി. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ആഭിമുഖ്യത്തിലാണ് 'സ്‌നേഹപൂർവ്വം സൈനികർക്ക്' എന്ന പേരിൽ സ്‌നേഹാദരവ് സംഘടിപ്പിച്ചത്.

കേരളത്തിലെ പത്തോളം സൈനിക കൂട്ടായ്മകളും വീർ ചക്ര, കീർത്തി ചക്ര ജേതാക്കളും സൈനികരുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. യുദ്ധഭൂമിയിൽ രക്ഷസാക്ഷിത്വം വരിച്ച സൈനികർക്കു പ്രണാമം അർപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് യുദ്ധഭൂമിയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. 1971ലെ ഇന്ത്യാ-പാക് യുദ്ധം, അതിർത്തിയിലെ സംഘർഷം, ജമ്മു - കാശ്മീരിലെ അനുഭവങ്ങൾ, പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷൻസ് തുടങ്ങിയവയിൽ പങ്കെടുത്തവർ അതേക്കുറിച്ച് വിവരിച്ചു. യുദ്ധവും യുദ്ധാനന്തര അനുഭവങ്ങളും നേരിടാത്ത ചടങ്ങിൽ പങ്കെടുത്തവർ സൈനികർ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ അനുഭവകഥകൾ കേട്ട് കണ്ണുകളിൽ ഈറനണിഞ്ഞു. പിന്നെ, മനം നിറഞ്ഞ സന്തോഷത്തോടെ കൈയടിച്ച് സൈനികർക്കു പിന്തുണ നൽകി.

ചടങ്ങ് 16 കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.

ഗാർഡിയൻസ് ഓഫ് ദ നേഷൻ, ബോർഡർ വാരിയേഴ്‌സ്, പതിനഞ്ച് കേരള, തപസ് പത്തനംതിട്ട, എക്‌സ് സർവ്വീസ്‌മെൻ ലീഗ്, സോൾജിയേഴ്‌സ് ഓഫ് ഈസ്റ്റ് വെനീസ്, നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോർഡിനേഷൻ കമ്മിറ്റി, ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് എന്നീ സൈനിക കൂട്ടായ്മകളെ സേവനരത്‌ന പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. 1971ലെ ഇൻഡോ പാക് യുദ്ധവീരൻ പരേതനായ നായിക് സുബേദാർ ജോർജിനു മരണബഹുമതിയായി സത് സേവന പുര രസ്‌ക്കാരം ബന്ധുക്കൾക്കു സമ്മാനിച്ചു. ഹവീൽദാർ കെ ജി ജോർജ് (വീർ ചക്ര), നായിക് സുബേദാർ പി ഒ ചെറിയാൻ (വീർ ചക്ര), ഹവീൽദാർ വർഗ്ഗീസ് മാത്യു (കീർത്തിചക്ര), ക്യാപ്റ്റൻ സുനിൽ മണിമന്ദിരം എന്നിവർക്കും സത് സേവന പുരസ്‌കാരം നൽകി ആദരിച്ചു.

പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ദേശീയോദ്‌ഗ്രഥനത്തിനുള്ള റെസ്‌പോൺസബിൾ സിറ്റിസൺ പുരസ്‌കാരവും കേണൽ പി ദാമോദരൻ സമ്മാനിച്ചു.

സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. മുൻ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ സജയൻ ജേക്കബ്, സജീഷ് മണലേൽ, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു. നൂറിൽപരം സൈനികർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ സൈനികർക്കും മെഡലും പ്രശസ്തിപത്രവും സമ്മാനിച്ചു.

 

എബി ജെ ജോസിന് റെസ്‌പോൺസബിൾ സിറ്റിസൺ പുരസ്‌കാരം സമ്മാനിച്ചു

പാലാ: കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരം ദേശീയോദ്‌ഗ്രഥനത്തിന് ഏർപ്പെടുത്തിയ റെസ്‌പോൺസബിൾ സിറ്റിസൺ പുരസ്‌കാരത്തിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അർഹനായി. 25001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 16 കേരള ബറ്റാലിയൻ കമാൻഡിംങ് ഓഫീസർ കേണൽ പി ദാമോദരൻ കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനിച്ചു. ദേശീയപതാക, ദേശീയഗാനം തുടങ്ങിയവയുടെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തിലേറെയായി നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഇസ്രയേൽ, ചെക്ക് റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ചിത്രം പിൻവലിപ്പിച്ചത് എബിയായിരുന്നു. പാലായിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് ഗാന്ധിസ്‌ക്വയറും പ്രതിമയും ഈ അടുത്ത കാലത്ത് എബിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു. ചടങ്ങിൽ സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. അഡ്വ സജയൻ ജേക്കബ്, അനുരാജ് ബി കെ, സജീഷ് മണലേൽ, വീർചക്ര ജേതാവ് ഹവീൽദാർ കെ ജി ജോർജ്, കീർത്തിചക്ര ജേതാവ് ഹവീൽദാർ വർഗ്ഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. എബി ജെ ജോസ് മറുപടി പ്രസംഗം നടത്തി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP