Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

എയർ ഇന്ത്യ എക്സ്പ്രസിലെ പുതിയ ടെയിൽ ആർട്ടുമായി കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും

എയർ ഇന്ത്യ എക്സ്പ്രസിലെ പുതിയ ടെയിൽ ആർട്ടുമായി  കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയിൽ തയ്യാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്‌സ്എൻ വിമാനത്തിൽ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവരുമൊത്താണ് പുതിയ ടെയിൽ ആർട്ട് അനാച്ഛാദനം ചെയ്തത്.

ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്‌കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈൻ ചിത്രീകരിക്കുന്നതാണ് ഈ പെയിന്റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കൽ പെയിന്റിങ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ് ലിമിറ്റഡിന്റെ ഹാങ്കറിലാണ് അനാച്ഛാദന ചടങ്ങ് നടത്തിയത്.

1935-ൽ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരത്തെ ഈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതു മുതൽ അത്തരം നിരവധി നാഴികക്കല്ലുകൾ നമ്മൾ പിന്നിട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാരം വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഇത് മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുമുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസും കൊച്ചി ബിനാലെയും തമ്മിലുള്ള അതുല്യ പങ്കാളിത്തവും രാജ്യത്തിന്റെ സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ഊർജ്ജസ്വലമായ ഈ ടെയിൽ ആർട്ടും കലയോടും സംസ്‌കാരത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് എയർ ഇന്ത്യ എക്സ്പ്രസ് മെച്ചപ്പെട്ട ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കലയോടും സംസ്‌ക്കാരത്തോടും പ്രതിബദ്ധത പുലർത്തിക്കൊണ്ട് രൂപീകൃതമായ കാലം മുതൽ തന്നെ ടെയിൽ ആർട്ടുകളിലൂടെ ഇന്ത്യയുടെ ശക്തമായ സംസ്‌ക്കാരവും പാരമ്പര്യവും പ്രകടിപ്പിക്കുന്ന രീതിയാണ് എയർ ഇന്ത്യ എക്സ്പ്രസ് പിന്തുടരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സും കൊച്ചി-മുസിരിസ് ബിനാലെയും തമ്മിലുള്ള സഹകരണത്തിലൂടെ കലയും വ്യോമയാന മേഖലയും തമ്മിലുണ്ടാക്കിയ പങ്കാളിത്തത്തിന്റെ അമൂല്യമായ ഒരു ഓർമ്മപത്രം കൂടിയാണ് ഈ പുതിയ ടെയിൽ ആർട്ട്.

2022 ഡിസംബറിൽ ആരംഭിച്ച കൊച്ചി-മുസരിസ് ബിനാലെ 2023 ഏപ്രിൽ വരെ നീണ്ടു നില്ക്കും. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആർട്ട് ഫെസ്റ്റിവലായ കൊച്ചി-മുസരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസുമാണ്.

രാജ്യത്ത് വലിയൊരു കലാ പരിപാടിയായി വളർന്ന കൊച്ചി-മുസിരിസ് ബിനാലെയിൽ തയ്യാറാക്കിയ കലാ സൃഷ്ടി തങ്ങളുടെ വിമാനത്തിൽ സ്ഥാപിക്കുക വഴി തങ്ങൾ ബിനാലെയുടെ ആവേശം രാജ്യാന്തര തലത്തിലേക്ക് എത്തിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ് പറഞ്ഞു. ഈ കലാ സംരംഭത്തിന്റെ ടൂറിസം സാധ്യതകൾ ശക്തമാക്കാൻ തങ്ങളുടെ നീക്കം സഹായകമാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തലത്തിലുള്ളതും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരം നല്കുന്നതിലാണ് എയർ ഇന്ത്യ എക്സ്‌പ്രസും കൊച്ചി ബിനാലെ ഫൗണ്ടേഷനും വിശ്വസിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന ഇത്തരമൊരു ടെയിൽ ആർട്ട് സൃഷ്ടിക്കാനായതിൽ തങ്ങൾ ആവേശ ഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP