Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗജോത്സവം - ആ ആന പ്രദർശനം ആരംഭിച്ചു

ഗജോത്സവം - ആ ആന പ്രദർശനം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദർശനത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി. സെന്റ് ജോൺ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഫോട്ടാഗ്രാഫി പ്രദർശനം,ആനകളുടെ ശിൽപ്പ പ്രദർശനം, ആന എന്ന വിഷയത്തിനെ ആസ്പദമാക്കിയുള്ള കുട്ടികളുടെ നൃത്തം, നാടകം, കവിത, കഥകൾ, ചിത്രങ്ങൾ,കല, സാഹിത്യം തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികൾ, ചർച്ചകൾ എന്നിവ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിന്റെ ഭാഗമായുണ്ട്.

യുപി സ്വദേശിയായ പ്രിയ ജാൻഗു നിർമ്മിച്ച ബോൾട്ടുകൊണ്ടുള്ള ആനയുടെ ശിൽപ്പമുൾപ്പെടെ ഒഡീഷ, ഡൽഹി, കർണാടക, ഛത്തീസ്‌ഗഡ്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 11 കലാകാരന്മാരുടെ 12 വ്യത്യസ്ത ആന ശിൽപ്പങ്ങളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുത്ത 20 ആന ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.

തടിയിൽ ആനശിൽപ്പങ്ങൾ നിർമ്മിക്കുന്ന തൃശ്ശൂർ സ്വദേശി അനിയൻ പി.യു, എറണാകുളം സ്വദേശി സൂരജ് നമ്പ്യാട്ട് എന്നിവർ പ്രദർശന വേദിയിൽ തത്സമയം ആന ശിൽപ്പങ്ങൾ നിർമ്മിക്കും. ചിത്രകാരന്മാരായ സുജിത്ത് വി. തങ്കപ്പൻ,എൽവിൽ ചാർലി തുടങ്ങിയവർ വേദിയിൽ ആന ചിത്രങ്ങൾ വരക്കും. ഷിഫാന നിസാം പ്രദർശനത്തിനെത്തുന്നവർക്ക് സൗജന്യമായി ആനയുടെ രൂപങ്ങൾ മയിലാഞ്ചിയിട്ട് നൽകും.

പ്രദർശനത്തിൽ വിദ്യാർത്ഥികൾക്കായി ബാലഗജ, ആനകൾ കഥാപാത്രങ്ങളായിട്ടുള്ള സിനിമകളുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുക്കുന്ന ചർച്ചാ പരിപാടിയായ ഗജഗാമിനി, മതപരമായ ചടങ്ങുകളിലെ ആനകളുടെ സാന്നിധ്യം പരാമർശിക്കുന്ന ഗജധർമ, ഗജ സൂത്ര, ഗജ യാത്ര, ഐരാവത, ഗജ ശാസ്ത്ര എന്നിങ്ങനെ ആനയുമായി ബന്ധപ്പെട്ട വ്യത്യസ്മായ ചർച്ചകളും പരിപാടികളും നടത്തും. വിദ്യാർത്ഥികൾക്കായി ഡിസംബർ 2 മുതൽ 15 വരെ ബാലഗജ നടത്തും. ക്യൂറേറ്റർ മനുവിന്റെ നേതൃത്വത്തിൽ 30 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ക്‌ളേ മോഡലിങ്, പേപ്പർ മാസ്‌ക് നിർമ്മാണം, ചിത്രരചന, കളറിങ് തുടങ്ങിയവയാണ് ബാലഗജയുടെ ഭാഗമായുണ്ടാവുക. സ്‌ക്കൂൾ കുട്ടികൾക്കായുള്ള കളിമൺ - പേപ്പർ ആന രൂപങ്ങൾ നിർമ്മിക്കുന്ന ക്ലാസുകളും ഉണ്ടാകും.

കൊച്ചിൻ കാർണിവലിന്റെ ഭാഗമായാണ് ആ ആന പ്രദർശനം സംഘടിപ്പിക്കുന്നത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വിറ്റ്‌ലി ഫണ്ട് ഫോർ നേച്ചർ , കൊച്ചിൻ കലക്ടീവ് എന്നിവർ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ ജെ മാക്‌സി എംഎൽഎ നിർവഹിക്കും. കൊച്ചി - മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി പങ്കെടുക്കും.

ഗജോത്സവത്തിന്റെ ഭാഗമായി ഗജമിത്ര മാധ്യമ അവാർഡുകളും നൽകും. പ്രിന്റ് / ഓൺലൈൻ, ടെലിവിഷൻ / ഡോക്യുമെന്ററി ഫീച്ചറുകൾ, റേഡിയോ/ പോഡ്കാസ്റ്റുകൾ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് എന്നീ 4 വിഭാഗങ്ങളിലായാണ് അവാർഡിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിക്കുന്ന റിപ്പോർട്ടിനാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് . കേരളത്തിലുള്ള 21നും 40 നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2023 ഏപ്രിലിൽ അവാർഡ് പ്രഖ്യാപിക്കും. എഴുത്തുകാരായ പോൾ സക്കറിയ, എൻ.എസ് മാധവൻ, ആന വിദഗ്ദനായ ഡോ.പി. എസ് ഈസ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ കണ്ടെത്തുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP