Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം:മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം വെളിപ്പെടുത്തി ചിത്രങ്ങളുടെ സമാഹാരം

ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം:മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം വെളിപ്പെടുത്തി ചിത്രങ്ങളുടെ സമാഹാരം

സ്വന്തം ലേഖകൻ

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം...നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരന്മാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ 'വേവ്സ് ഓഫ് ആർട്' ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് 'വേവ്സ് ഓഫ് ആര്ട്' ചിത്രസമാഹാരത്തിലുള്ളത്.

വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, വിപണനം തുടങ്ങി കേരളത്തിന്റെ മത്സ്യമേഖലയിലെ വനിതകളെ പ്രതിനിധീകരിക്കുന്ന 24 ചിത്രങ്ങൾ സമാഹാരത്തിലുണ്ട്. കൊച്ചിയിൽ നിന്നുൾപ്പെടെ കേരളത്തിൽ നിന്നുള്ള 18 ചിത്രകാരന്മാരുടെ സൃഷ്ടികളാണ് കലാവിഷ്‌കാരത്തിന്റെ ഭാഗമായത്. ഫിഷറീസ് മേഖലയ്ക്ക് ഉപദേശനിർദേശങ്ങൾ നൽകുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ബിഒബിപി.

മത്സ്യമേഖലയിലെ സ്ത്രീപങ്കാളിത്തം അവഗണ നേരിടുന്ന വാർത്തകൾക്കിടയിൽ ഈ കലാവിഷ്‌കാരത്തിന് പ്രാധാന്യമേറെയാണ്. പ്രൊഷണൽ ചിത്രകാരന്മാർക്കൊപ്പം ചിത്രകലാ വിദ്യാർത്ഥികളുടെയും ഫിഷറീസ് രംഗത്തെ ശാസ്ത്രജ്ഞരുടെയും പെയിന്റിംഗുകൾ സമാഹാരത്തിലുണ്ട്.

കുടുംബം പുലർത്താൻ നിരവധി പ്രതിസന്ധികളുമായി മല്ലിടുന്നവർ, ആരോഗ്യം അപകടത്തിലാവുന്ന തരം മോശം തൊഴിൽപരിസരം, പോരാട്ടവീര്യം, സംഘശക്തി തുടങ്ങി ഈ മേഖലയിലെ സ്ത്രീകളുടെ യഥാർത്ഥ അവസ്ഥയാണ് ചിത്രങ്ങളുടെ പ്രമേയം. സങ്കടവും സംഘർഷവും മുതൽ നേട്ടങ്ങളും വിജയങ്ങളും ചിത്രങ്ങളുടെ ആശയങ്ങളായി വരുന്നു. സ്ത്രീയെ ഒരേസമയം വൈവിധ്യമായ തൊഴിൽ ചെയ്യേണ്ടി വരുന്നവരായും തീരദേശ കുടുംബങ്ങളുടെ നട്ടെല്ലായും ചിത്രീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ രക്ഷകരാകുന്നതോടൊപ്പം, ജലാശയ പരിസ്ഥിതി സംരക്ഷണത്തിലും സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് വേവ്സ് ഓഫ് ആർട് ചിത്രസമാഹാരം.

വിവിധ രാജ്യങ്ങളിലെ ചിത്രകാരന്മാർ അവരുടെ നേരനുഭവങ്ങളാണ് ചിത്രങ്ങളിൽ വരച്ചിട്ടിട്ടുള്ളതെന്ന് ബിഒബിപി ഡയറക്ടർ ഡോ പി കൃഷ്ണൻ പറഞ്ഞു. മത്സ്യമേഖലയിലെ വസ്തുതകൾ ചിത്രകലയിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് വേവ്സ് ഓഫ് ആർട്. നാല് രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണ് ഈ ക്യാപയിൻ. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളിലെയും ചിത്രകാരന്മാർ വരച്ച ചിത്രങ്ങളാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 50 ശതമാനം സ്ത്രീകളാണ്. മത്സ്യസംസ്‌കരണ യൂണിറ്റുകളിൽ 90 ശതമാനമാണ് വനിതാ തൊഴിലാളികൾ. എന്നാൽ ഇവർ വഹിക്കുന്ന പങ്കും പ്രാതിനിധ്യവും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുന്നില്ല. ഭരണനിർവഹണങ്ങളിൽ ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ ബോധവൽകരിക്കാൻ കലാവിഷ്‌കാരങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടെന്നതാണ് ഇത്തരമൊരു പദ്ധതിക്ക് ബിഒബിപി രൂപം നൽകുന്നത്. പുസ്തകത്തിന് പുറമെ, നഗര-ഗ്രാമപ്രദേശങ്ങളിൽ ഈ ചിത്രങ്ങളുടെ പ്രദർശനങ്ങൾ ഒരുക്കാനും പദ്ധതിയുണ്ടെന്നും ഡോ കൃഷ്ണൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP