Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ പേപ്പർ പ്രൊഡക്ട്‌സിന്റെ ന്യൂസ് പ്രിന്റ് ഉൽപാദനം വ്യാഴാഴ്‌ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളാ പേപ്പർ പ്രൊഡക്ട്‌സിന്റെ ന്യൂസ് പ്രിന്റ് ഉൽപാദനം വ്യാഴാഴ്‌ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉൽപാദനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ, കയർ, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ തുടങ്ങിയ വിശിഷ്ടാതിഥികൾ സംബന്ധിക്കും. യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പർ നിർമ്മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരിൽ വൻകിട പേപ്പർ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി 1974-ൽ ഒരു ദീർഘകാല ധാരണയിൽ ഏർപ്പെട്ടിരുന്നു. നിർദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്തുക്കൾ, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ കേരള സർക്കാർ ലഭ്യമാക്കാമെന്ന് സമ്മതിച്ചിരുന്നു. ഇതിനു പുറമെ 1979-ൽ കേരള സർക്കാർ 700 ഏക്കർ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാൻ ന്യൂസ്‌പേപ്പർ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പർ നിർമ്മാണ ശാലയുടെ പ്രവർത്തനങ്ങൾക്കായി പാട്ടത്തിനു നൽകുകയും ചെയ്തു. കേരള സർക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളിൽ നിന്നാണ് എച്ച്എൻഎലിന്റെ കഥ ആരംഭിക്കുന്നത്. 1982-ൽ പ്ലാന്റ് കമ്മീഷൻ ചെയ്യുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളിൽ മികച്ച റെക്കോർഡുകൾ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാൽ തുടർന്നുള്ള ദശാബ്ദത്തിൽ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.

ഈ ഘട്ടത്തിൽ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സർക്കാർ അത് ഏറ്റെടുക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യർത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സർക്കാർ തുടർന്ന് 2019 നവംബർ 28-ന് എൻസിഎൽടിയുടെ കൊച്ചി ബഞ്ചിൽ കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ് റെസലൂഷൻ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷൻ അപേക്ഷകരിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ചു. കേരള സർക്കാരിനു വേണ്ടി കിൻഫ്ര റസലൂഷൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എൻസിഎൽടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടർന്ന് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്റ്റാർ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നൽകുകയും കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമറ്റഡ് എന്ന പേരിൽ കമ്പനി രൂപവൽക്കരിക്കുന്നതിനായി 2021 ഡിസംബർ 20-ന് സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവർത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.

നിലവിലെ പ്ലാന്റും യന്ത്രങ്ങളും പുതുക്കുന്നതിന് രണ്ടു ഘട്ടങ്ങളായുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. പേപ്പർ മെഷീൻ, ഡി -ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ അനുബന്ധ പ്ലാന്റുകൾ, യുട്ടിലിറ്റി സേവനങ്ങൾ എന്നിവ വീണ്ടും ആരംഭിക്കുന്നതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. ആദ്യ ഘട്ടത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് മേഖലകളിലെ അറ്റകുറ്റ, സംരക്ഷണ ജോലികൾക്കായി 34.30 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിന് അഞ്ചു മാസമായിരുന്നു തുടക്കത്തിൽ അനുവദിച്ചിരുന്നത്. മെക്കാനിക്കൽ, കെമിക്കൽ പൾപ്പിങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനാണ് രണ്ടാം ഘട്ടത്തിൽ ശ്രദ്ധ നൽകിയിരുന്നത്. ഇവയുടെ അനുബന്ധ പ്ലാന്റുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ആറു മാസ കാലാവധിയും 44.94 കോടി രൂപ ചെലവുമാണ് രണ്ടാം ഘട്ടത്തിനായി നിശ്ചയിച്ചത്.

രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണത്തോടെ നിലവിലുള്ള മുഴുവൻ സംവിധാനവും പൂർണമായി പ്രവർത്തന സജ്ജമാകുകയും പുനചംക്രമണം ചെയ്യുന്ന പൾപ്പും മരത്തിൽ നിന്നുള്ള പൾപ്പും ഉപയോഗിച്ച് സ്വന്തമായ പൾപ്പുകളിലൂടെ പേപ്പർ നിർമ്മാണം ആരംഭിക്കുകയും ചെയ്യാനാണ് വിഭാവന ചെയ്തത്. ഇതോടെ പൾപ്പ് വാങ്ങേണ്ട ആവശ്യവും ഒഴിവാക്കാനാവും. ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവർത്തന മൂലധനമായ 75.15 കോടി രൂപ അടക്കം 154.39 കോടി രൂപയായിരുന്നു പുനരുദ്ധാരണ പദ്ധതിക്കായി ആകെ വകയിരുത്തിയത്. പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റ്ും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപറുകൾ എന്നിവയും ഉൽപാദിപ്പിക്കാൻ സാധിക്കും.

വ്യാവസായിക, ചെറുകിട മേഖലകളിലായി പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിൽ വൻ വളർച്ചയാണ് ആഭ്യന്തര, ആഗോള വിപണികളിൽ ഇപ്പോൾ ദർശിക്കുന്നത്. ഇ-കോമേഴ്‌സ്, ഓൺലൈൻ റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളർച്ച, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിനു പിൻബലവുമാകുന്നു. വളർന്നു വരുന്ന ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധം ദീർഘകാല നിലനിൽപ് കണക്കിലെടുത്തുള്ള ഉൽപന്ന വൈവിധ്യവൽക്കരണ, ശേഷി വികസന പദ്ധതികളാണ് കെപിപിഎൽ മുന്നോട്ടു വെക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പർ ബോർഡ് മേഖലകളിലേക്കു പ്രവേശിക്കുകയും ചെയ്യും.

ശേഷി വികസനത്തിനും ഉൽപന്ന വൈവിധ്യവൽക്കരണത്തിനുമുള്ള തന്ത്രപരമായ പദ്ധതിയാണ് മൂന്നാം ഘട്ടത്തിലുള്ളത്. വിവിധ ഗ്രേഡുകളിലുള്ള പേപ്പർ ബോർഡുകളുടെ നിർമ്മാണം രണ്ടാം ഘട്ടത്തിനു ശേഷം ആരംഭിക്കുന്നത് അടക്കമുള്ള ഈ ഘട്ടത്തിനായി 650 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുക. 27 മാസമാണു കാലാവധി. നിലവിലുള്ള മെഷിനറികൾ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പർ നിർമ്മിക്കാനായി പുനർ നിർമ്മിക്കുന്നത് കേന്ദ്രീകരിച്ചുള്ള നാലാം ഘട്ടത്തിനായി 350 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടി വരിക. 17 മാസമാണ് ഇതിന്റെ നടപ്പാക്കലിനു വേണ്ടത്. മൂന്നും നാലും ഘട്ടങ്ങൾക്കായുള്ള നിക്ഷേപം ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 46 മാസങ്ങളിലായി പൂർത്തീകരിക്കുന്ന നാലു ഘട്ടങ്ങളും വഴി കെപിപിഎല്ലിനെ ഇന്ത്യൻ പേപ്പർ വ്യവസായ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി ഉയർത്തുകയും 3000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുകയും (ഇപ്പോഴത്തെ വിപണി വില അനുസരിച്ച്) പ്രതിവർഷം അഞ്ചു ലക്ഷം മെട്രിക് ടണ്ണിലേറെ ഉൽപാദന ശേഷി കൈവരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയിട്ടതു കൃത്യമായി പാലിച്ചു കൊണ്ട് കമ്പനി വീണ്ടും തുറക്കുകയും കേരളത്തിനുള്ള പുതുവൽസര സമ്മാനമായി 2022 ജനുവരി ഒന്നിന് ഒന്നാം ഘട്ട പുനരുദ്ധാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. റിവൈവൽ ആൻഡ് റീസ്റ്റാർട്ട് പദ്ധതിയുടെ ഭാഗമായി പേപ്പർ മെഷിൻ, ഡീ ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ എന്നിവയുടെ മെയിന്റനൻസ് ജോലികളും ഇതോടൊപ്പം തന്നെ 2022 ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. നിലവിൽ പുതുക്കൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ഡീ ഇങ്കിങ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റ് എന്നിവയിൽ ഉൽപാദന ട്രയൽ വിജയകരമായി നടത്തുകയും പേപ്പർ മെഷ്യൻ പ്ലാന്റിൽ ഉൽപാദന ട്രയൽ നടത്തുകയും ചെയ്തിട്ടുണ്ട്. പുനരുദ്ധാരണത്തിനു ശേഷമുള്ള ആദ്യ റീൽ പേപ്പർ 2022 മെയ് 19-ന് പുറത്തിറക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വന്തമായ ഡീ ഇങ്ക്ഡ് പൾപ്പ്, ടിഎൻപിഎല്ലിൽ നിന്നു വാങ്ങിയ പൾപ്പ് എന്നിവ ഉപയോഗിച്ച് ഉൽപാദന ട്രയലും പ്രാരംഭ ഉൽപാദനവും നടത്താനാണ് പദ്ധതി. 2022 മെയ് 31-ന് പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്ന ഒന്നാം ഘട്ടം അതിനും മുൻപേ തന്നെ വിജയകരമായി പൂർത്തീകരിക്കുകയാണെന്നത് ശ്രദ്ധേയമാണ്. 2022 ജനുവരി ഒന്നു മുതൽ എല്ലാ വിഭാഗം ജീവനക്കാരും നടത്തിയ പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. രണ്ടാം ഘട്ടം 2022 മാർച്ച് 17-ന് ആരംഭിക്കുകയും പദ്ധതിയനുസരിച്ചു പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ 252 ജീവനക്കാരെയാണ് മാനേജീരിയൽ- മാനേജിരിയൽ ഇതര വിഭാഗങ്ങളിലായി ഒന്നും രണ്ടും ഘട്ടങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്.

പ്രവർത്തനങ്ങൾക്കായി മര അസംസ്‌കൃത വസ്തുക്കൾ ആവശ്യാനുസരണം ലഭ്യമാക്കുന്നു എന്നുറപ്പു വരുത്താൻ വ്യവസായ മന്ത്രി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ 2022 ഏപ്രിൽ 21-നും ഏപ്രിൽ 26-നും രണ്ട് ഉന്നത തല യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. കെപിപിഎല്ലിന്റെ അടിയന്തര ആവശ്യങ്ങൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതും യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നു. റീസൈക്കിൾഡ് പൾപ്പിങ് പ്ലാന്റിനായുള്ള അസംസ്‌കൃത വസ്തു ആവശ്യം നിറവേറ്റാൻ സംസ്ഥാന വ്യാപകമായി ഉപയോഗിച്ച പേപ്പർ ശേഖരിക്കുന്ന സംവിധാനം തയ്യാറാക്കുന്നതും ചർച്ച ചെയ്തിരുന്നു. കുടുംബശ്രീയുടെ വിപുലമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതി ഉടൻ ആരംഭിക്കും.

കേന്ദ്ര സർക്കാരിനു കീഴിലായിരുന്നതും മൂന്നു വർഷത്തിലേറെയായി അടച്ചു പൂട്ടിയിരുന്നതുമായ പഴയ എച്ച്എൻഎല്ലിനെ ലിക്വിഡേഷന്റെ വക്കിൽ നിന്ന് കേരള പേപ്പർ പ്രൊഡക്ട്‌സ് എന്ന പേരിൽ പുനരുദ്ധരിച്ചത് കേരളത്തിന്റെ വ്യാവസായിക രംഗത്തെ വലിയൊരു കുതിച്ചു ചാട്ടമാണ്. വ്യാവസായിക വികസനത്തിന്റെ ബദൽ മാതൃക സംബന്ധിച്ച സൂചനകൾ നൽകുന്ന ഇത് രാജ്യത്തിനു മുഴുവൻ വലിയ സന്ദേശമാണു നൽകുന്നത്. രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഇത്തരത്തിലെ തിരിച്ചു വരവിന്റെ ചരിത്രപരമായ ഒരു സന്ദർഭം കൂടിയാണിത്.

തന്ത്രപരമായ ഈ പദ്ധതികൾ സമയാധിഷ്ഠിതമായി നടപ്പാക്കി വരുമ്പോൾ വെല്ലൂരിലെ കെപിപിഎൽ കാമ്പസ് രാജ്യത്തെ പേപ്പർ നിർമ്മാണ രംഗത്തെ മുഖ്യ മേഖലകളിൽ ഒന്നായി മാറുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP