Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷകവിരുദ്ധ അടവുനയം റബർ ബോർഡിനെ റബർസ്റ്റാമ്പാക്കി: അഡ്വ.വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ റബർ കർഷകർ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റബർബോർഡിന്റെ കർഷകവിരുദ്ധ സമീപനങ്ങൾക്ക് തിരിച്ചടിയാണ് ബോർഡിനെ റബർസ്റ്റാമ്പാക്കി റബർമേഖലയുടെ നിയന്ത്രണം മുഴുവനും പുതിയ നിയമത്തിലൂടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും വ്യവസായികളുടെയും കൈകളിലേയ്ക്ക് എത്തിച്ചേരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

കേരളത്തിൽ പരസ്യമായി കർഷകസ്നേഹം പ്രസംഗിക്കുന്ന റബർബോർഡ് കേന്ദ്രസർക്കാരിന്റെ മുമ്പിൽ രഹസ്യമായി കർഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് ഒട്ടേറെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാർഷികോല്പന്നമാക്കുന്നതിൽ ഉറച്ചനിലപാട് എടുക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടു. 1994 മുതലുള്ള ബോർഡിലെ ഉന്നതർ ഇതിനുത്തരവാദികളാണ്. മാറിമാറി കേന്ദ്രം ഭരിച്ച സർക്കാരുകളുടെ മുമ്പിൽ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്നിട്ടിപ്പോൾ റബറിനെ കാർഷികോല്പന്നമാക്കണമെന്ന് ചിലർ മുറവിളി കൂട്ടുന്നത് മുഖവിലയ്ക്കെടുക്കുവാൻ മാത്രം വിഢികളല്ല കർഷകർ. കാരണം പ്രകൃതിദത്ത റബർ ആഗോളവ്യാപാരക്കരാറുകളിൽ വ്യവസായി അസംസ്‌കൃത വസ്തുവാണ്.അതിന് മാറ്റം വരുത്തണമെങ്കിൽ ലോകവ്യാപാരസംഘടയുടെ അംഗീകാരം വേണം.

റബറിന്റെ ഉല്പാദനച്ചെലവ് സംബന്ധിച്ച് റബർബോർഡ് നൽകിയ പഠനറിപ്പോർട്ടുകൾ അട്ടിമറിച്ചതിന്റെ പിന്നിലും ബോർഡിലെ ഉന്നതർ തന്നെയെന്നു വ്യക്തമാണ്. വ്യവസായ വാണിജ്യ മന്ത്രിയായിരുന്ന സുരേഷ്പ്രഭു 2018 ഫെബ്രുവരി 9ന് സംസ്ഥാനതലത്തിലുള്ള റബറിന്റെ ഉല്പാദനച്ചെലവ് സൂചിപ്പിച്ചുള്ള കണക്ക് അവതരിപ്പിക്കുകയുണ്ടായി. പലിശയും ഭൂമിവാടകയും കൃഷിവികസനചെലവും മാനേജ്മെന്റ് ചെലവും ഉൾപ്പെടെ ഒരുകിലോ റബറിന്റെ കേരളത്തിലെ 2015-16 വർഷത്തെ ഉല്പദനച്ചെലവ് 172.07 രൂപയെന്ന് വളരെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ 172.07 രൂപയിൽ ഉയർന്ന തുക റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കുവാനുള്ള ബാധ്യത കേന്ദ്രസർക്കാരിനും റബർബോർഡിനുമുള്ളത് അട്ടിമറിച്ചതിനുപിന്നിൽ റബർബോർഡാണെന്നുള്ളതിന്റെ തെളിവാണ് 2021 ഡിസംബറിൽ ഒരു കിലോഗ്രാം റബറിന്റെ ഉല്പാദനചെലവ് ഏകദേശം 99.46 രൂപയാണെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ ലോകസഭാചോദ്യത്തിന് നൽകിയ മറുപടി. ഇതോടൊപ്പം കേരളത്തിലെ റബർ കൃഷിയുടെ വിസ്തീർണ്ണത്തിൽ കഴിഞ്ഞ 5 വർഷമായി ഒരു കുറവും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയത് റബർബോർഡ് നൽകിയ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. 2019-20ൽ 101.92 രൂപയും, 2020-21ൽ 99.46 രൂപയുമായി, ഓപ്പറേഷണൽ കോസ്റ്റ് എന്ന ലേബലിൽ റബറിന്റെ ഉല്പാദന ചെലവുകൾ കുറച്ചുകാണിച്ചുള്ള റിപ്പോർട്ടാണ് റബർബോർഡ് നൽകിയത്. 2015-16ലെ റിപ്പോർട്ടിലെ 172.07 രൂപ അട്ടിമറിച്ച് 2020-21ൽ ചെലവ് 99.46 രൂപയിൽ താഴ്‌ത്തി റബർബോർഡ് നടത്തിയ അട്ടിമറി വ്യവസായികളെ സംരക്ഷിക്കാനും ഇറക്കുമതിക്ക് അവസരമൊരുക്കാനും ആഭ്യന്തരവിപണി തകർക്കാനുമെന്ന് വ്യക്തമാണ്.

ഉല്പാദനചെലവ് കുറയാനുള്ള കാരണമായി റബർബോർഡ് സൂചിപ്പിച്ചിരിക്കുന്നത് ബോർഡിന്റെക്രിയാത്മക ഇടപെടലുകളും കർഷകർ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിച്ചതുമാണെന്നുള്ളത് ഏറെ വിചിത്രം. ഇങ്ങനെ കാലങ്ങളായി ആസൂത്രിതമായി ആഭ്യന്തര റബർവിപണി തകർത്തുകൊണ്ടിരിക്കുന്ന റബർബോർഡ് നൽകുന്ന ഉല്പാദനം, ഉപഭോഗം, സ്റ്റോക്ക്, ഇറക്കുമതി കണക്കുകളും അടിസ്ഥാനമില്ലാത്തതും നിയന്ത്രണമില്ലാത്ത ഇറക്കുമതിക്ക് അവസരമൊരുക്കുന്നതാണെന്നുള്ളതിനും തെളിവുകൾ ഏറെയുണ്ട്.

കർഷകർക്കായി റബർബോർഡ് പ്രഖ്യാപിച്ച പല ഉദ്യോഗസ്ഥ പദ്ധതികളും പ്രായോഗിക തലത്തിൽ വിജയിച്ചിട്ടില്ല. ബോർഡിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വിവിധ റബർ കമ്പനികളുടെ കെടുകാര്യസ്ഥതയും വൻ നഷ്ടങ്ങളുടെ നിജസ്ഥിതിയും വ്യക്തമാക്കി ധവളപത്രമിറക്കാൻ ബോർഡ് ഇനിയെങ്കിലും തയ്യാറാകണം. പുതിയ റബർ നിയമത്തിലൂടെ ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുന്നുവെന്നത് യാഥാർത്ഥ്യമാണ്. അധികാരങ്ങൾ നിലനിൽക്കുമ്പോഴും കർഷകർക്ക് റബർ ബോർഡിലൂടെ എന്തു നേട്ടമുണ്ടായെന്നും കർഷകർ വിലയിരുത്തണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP