Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ നിയമനിർമ്മാണങ്ങൾക്കു പിന്നിൽ അണിയറയിലൊരുങ്ങുന്ന സ്വതന്ത്ര വ്യാപാരക്കരാറുകൾ: അഡ്വ.വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: മൂന്നു കർഷകവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും തുടർന്നും കാർഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമനിർമ്മാണങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിന്റെ പിന്നിൽ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബർ, തേയില, കാപ്പി തുടങ്ങി കാർഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ റദ്ദ്ചെയ്ത് പുതിയ നിയമങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും കർഷകസംരക്ഷണം ഉറപ്പാക്കുന്നില്ലെന്നു മാത്രമല്ല നിയന്ത്രണമില്ലാതെ നികുതിരഹിത കാർഷികോല്പന്നങ്ങളും പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളും, ക്ഷീരോല്പന്നങ്ങളും ഇന്ത്യയിലേയ്ക്ക് എത്തിച്ചേരും. ഇത് വ്യവസായ വാണിജ്യമേഖലയ്ക്ക് ഉണർവ്വേകുമെങ്കിലും തകർന്നടിയുന്നത് ഇന്ത്യയിലെ ചെറുകിട ഗ്രാമീണ കർഷകരും കാർഷിക സമ്പദ്ഘടനയുമായിരിക്കും.

2019 നവംബറിൽ ഇന്ത്യ ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് പിൻവാങ്ങിയെങ്കിലും പിന്നീട് തുടർന്ന അമേരിക്ക, റഷ്യ, യു.കെ., ആസ്ത്രേലിയ, യു.എ.ഇ. എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര ചർച്ചകളുടെ അവസാനഘട്ടത്തിലാണിപ്പോൾ. ലോകസാമ്പത്തിക ഫോറത്തിലും ഇതിന്റെ സൂചനകൾ കേന്ദ്രസർക്കാർ പങ്കുവെയ്ക്കുകയുണ്ടായി.

നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവുമില്ലാത്ത സ്വതന്ത്രവ്യാപാര വിപണി ഇന്ത്യയുടെ ഗ്രാമീണ കാർഷികമേഖലയെ തകർക്കുമെന്നുറപ്പാണ്. ഇന്ത്യ ഏർപ്പെട്ട ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനിയന്ത്രിത നികുതിരഹിത ഇറക്കുമതിയും ആഭ്യന്തര കാർഷികോല്പന്ന വിലത്തകർച്ചയുടെ പ്രതിസന്ധികളും രാജ്യത്തെ കർഷകരിന്ന് നേരിട്ട് അനുഭവിക്കുന്നു. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനതയും ആശ്രയിക്കുന്ന കാർഷികമേഖലയെ അവഗണിച്ച് സ്വതന്ത്രവ്യാപാരത്തിലൂടെ ആഗോളകുത്തകകൾ രാജ്യത്ത് വിപണികൾ രൂപപ്പെടുത്തുന്നത് വൻപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും കർഷകസംഘടനകളും ഇതിനെതിരെ രംഗത്തുവരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP