Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

ഹലാൽ വിവാദം: സംഘ്പരിവാറിന്റെ ധ്രുവീകരണ ശ്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണം- വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹോട്ടലുകളിലെ ഹലാൽ ഭക്ഷണം സംബന്ധിച്ച് സംഘ്പരിവാർ ആസൂത്രിതമായി നടത്തുന്ന വിദ്വേഷ - ധ്രുവീകരണ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇപ്പോൾ സർക്കാർ പുലർത്തുന്ന നിസംഗ സമീപനം വിദ്വേഷ പ്രചരണങ്ങൾക്ക് ശക്തി പകരുന്നതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്ക് പത്രസമ്മേളനത്തിൽ ആരോപിച്ചു.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും മറ്റ് ചില നേതാക്കളും പി.സി ജോർജും നികൃഷ്ടമായ രീതിയിൽ ഇസ്‌ലാമോഫോബിയ പരത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ ആശയഗതിക്കാരായ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിഷം വമിപ്പിക്കുന്ന നുണപ്രചാരണങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. ഇതെല്ലാം സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ തകർക്കുമെന്നത് ഉറപ്പാണ്.

നുണപ്രചാരണങ്ങളിലൂടെ രാജ്യത്തെങ്ങും വളർത്തിയെടുത്ത ഇസ്‌ലാമോഫോബിയയെ കേരളത്തിൽ ശക്തിപ്പെടുത്താനാണ് സംഘ്പരിവാർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് ഹലാൽ ഭക്ഷണം സംബന്ധിച്ചും ഹലാൽ ബോർഡ് വെച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളെ സംബന്ധിച്ചും ഇപ്പോൾ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ.

മത സമൂഹങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, മുസ്‌ലിംങ്ങളെ സാമ്പത്തികമായി തകർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘ്പരിവാർ ഈ നീക്കം നടത്തുന്നത്. ഉന്മൂലനം ചെയ്യുമെന്ന് സംഘ്പരിവാർ പ്രഖ്യാപിച്ച സമൂഹമാണ് മുസ്‌ലിംങ്ങൾ. അതിന് വേണ്ടിയാണ് വംശഹത്യ, പൗരത്വ നിഷേധം, സാമ്പത്തികമായി തകർക്കൽ, ഇസ്ലാം ഭീതി പരത്തൽ, വിദ്യാഭ്യാസ - ഉദ്യോഗ അവസര നിഷേധം എന്നിവ നടത്തി വരുന്നത്. ഹലാൽ വിവാദവും ഇതിന്റെ ഭാഗമാണ്. ഹോട്ടൽ വ്യവസായത്തിലെ മുസ്‌ലിം സാന്നിധ്യത്തെ ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പൗരത്വ നിഷേധം പോലെ തന്നെയാണ് ഒരു സമുദായത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവും. ഇത്ര ആഴത്തിൽ വർഗീയ-വംശീയ പ്രചരണങ്ങൾ പ്രമുഖ നേതാക്കൾ തന്നെ നേരിട്ട് നടത്തിക്കൊണ്ടിരിക്കുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കേരള ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന്റെ ഗൂഢ പദ്ധതി വിജയിപ്പിക്കാൻ സഹായമൊരുക്കി കുറ്റകൃത്യത്തിൽ പങ്കാളിയാകുകയാണ്.

ലൗ ജിഹാദ് മുതൽ സംഘ്പരിവാർ കേന്ദ്രങ്ങൾ നിശ്ചിത ഇടവേളകളിൽ വിദ്വേഷ പ്രചാരണം തുടർച്ചയായി നടത്തുന്നുണ്ട്. സംഘ്പരിവാറിന് പുറത്തുള്ള ചിലരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് ക്രൈസ്തവ പേരുകളുള്ള ഫേക്ക് ഐ.ഡികളിൽ നിന്നും നടക്കുന്ന പ്രചാരണങ്ങൾ.

ഇത്തരം എല്ലാ ഘട്ടങ്ങളിലും സംഘ്പരിവാറിന് സഹായകരമായ സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്. പാലാ ബിഷപ്പ് വിദ്വേഷ പ്രചരണം നടത്തിയ സന്ദർഭത്തിലും നിയമ നടപടി സ്വീകരിക്കാതെയും അദ്ദേഹത്തിനെ മഹത്വപ്പെടുത്തിയും സർക്കാർ ശക്തി പകർന്നു. അതേ നിഷ്‌ക്രിയ സമീപനമാണ് ഇപ്പോഴും സ്വീകരിക്കുന്നത്.

കേരളത്തിൽ ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം സംഘ്പരിവാറിനെ സഹായിക്കുന്ന നിലപാടുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വംശീയ - നുണ പ്രചരണങ്ങൾക്കും എല്ലാം സുവർണാവസരമാണ്. പൊലീസ് വകുപ്പോ നിയമ സംവിധാനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കാറില്ല.

മുസ്‌ലിം - ക്രൈസ്തവ സൗഹാർദം തകർക്കാൻ സംഘ്പരിവാർ നടത്തിവന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള അവസരമാക്കി സിപിഎം തന്നെ നേരിട്ടേറ്റെടുത്തു. അതിന്റെ ആഘാതങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്.

പത്രസമ്മേളനങ്ങളിലെയും പൊതുയോഗങ്ങളിലെയും വീരവാദ ഡയലോഗുകൾ അല്ല ഒരു ഭരണാധികാരിയിൽ നിന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കൃത്യമായ നിയമ നടപടികളാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ വാചക കസർത്തുകൊണ്ട് ഓട്ടയടക്കുന്ന അപഹാസ്യ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം.

കേരള സമൂഹം സംഘ്പരിവാർ നടത്തുന്ന വിദ്വേഷ നീക്കങ്ങളെ തള്ളിക്കളയണം. ഭക്ഷണത്തിൽ വംശീയത കലർത്താൻ സംഘ്പരിവാറിനെ അനുവദിക്കരുത്.

നവോത്ഥാനം സൃഷ്ടിച്ച സാമൂഹിക ഇഴയടുപ്പം കൂടുതൽ ശക്തിപ്പെടുത്താൻ വിവിധ സമൂഹങ്ങൾ പരിശ്രമിക്കണം. ഇതിനാവശ്യമായ യോജിച്ച മുന്നേറ്റത്തിന് കേരളീയ സമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
കെ.എ ഷെഫീക്ക്
(സംസ്ഥാന ജനറൽ സെക്രട്ടറി)

സുരേന്ദ്രൻ കരിപ്പുഴ
(സംസ്ഥാന വൈസ് പ്രസിഡണ്ട്)

എൻ.എം അൻസാരി
(ജില്ലാ പ്രസിഡണ്ട്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP