Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

ഇൻഡിവുഡ് ഭാഷാകേസരി പുരസ്‌കാരദാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു; പുരസ്‌കാരം ഏറ്റുവാങ്ങി കെ. ജയകുമാർ ഐ എ എസ്

ഇൻഡിവുഡ് ഭാഷാകേസരി പുരസ്‌കാരദാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു; പുരസ്‌കാരം ഏറ്റുവാങ്ങി കെ. ജയകുമാർ ഐ എ എസ്

സ്വന്തം ലേഖകൻ

ലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരത്തുകയുള്ള 'ഇൻഡിവുഡ് ഭാഷാ കേസരി പുരസ്‌കാരം'. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങി മുൻ ചീഫ് സെക്രട്ടറിയും മലയാളഭാഷാ പണ്ഡിതനുമായ കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ് ).

അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും അടങ്ങുന്ന ഭാഷാ കേസരീ പുരസ്‌കാരമാണ് സെപ്റ്റംബർ 21ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ച് അദ്ദേഹം ഏറ്റുവാങ്ങിയത്. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് ഇത്.

ഭാഷയുമായി നേരിട്ട് ബന്ധമില്ലാത്തതും അങ്ങേയറ്റം തിരക്കേറിയതുമായ ഒരു കർമ്മ മണ്ഡലത്തിൽ ജീവിതത്തിലെ നല്ലൊരുഭാഗം ചിലവഴിക്കേണ്ടി വന്നിട്ടും ഒട്ടനവധി തലങ്ങളിലുള്ള സംഭാവന ഭാഷയ്ക്ക് നൽകാൻ സാധിച്ചു എന്നതാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഡിവുഡ് സ്ഥാപകനും ഇന്ത്യൻ ഭാഷാ സാഹിത്യ പുരസ്‌കാര സമിതി അധ്യക്ഷനുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

'ഒരു ഭാഷയുടെ നിലനിൽപ്പ് അതിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ അധിഷ്ഠിതമാണ്. ഭാഷയോട് സ്‌നേഹം ഉണ്ടെങ്കിലും, ഭാഷയുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകൾ ഉപജീവനത്തിനായി തെരഞ്ഞെടുക്കേണ്ട സാഹചര്യമാണ് നമ്മളിൽ ഭൂരിപക്ഷം പേർക്കും ഉണ്ടാകാറുള്ളത്. എന്നാൽ കർമ്മമണ്ഡലങ്ങൾ ഇത്തരത്തിൽ വളരെ വ്യത്യസ്തമായിപ്പോയെങ്കിലും, അതിൽ ഇരുന്നുകൊണ്ട് ഭാഷയോടുള്ള സ്‌നേഹം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഭാഷാസ്‌നേഹികളുടെ എണ്ണമാണ്,ഏതൊരു ഭാഷയുടെയും നിലനിൽപ്പ് തീരുമാനിക്കുന്നത്. ആ ഉത്തരവാദിത്വം തന്റെ കർമ്മങ്ങളിലൂടെ സമൂഹത്തെ ഓർമിപ്പിച്ച ഒരു വ്യക്തിക്കാണ് ഈ വർഷത്തെ ഭാഷാ പുരസ്‌കാരം നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ഏതു ചെറുപ്പക്കാരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്വപ്നസമാനമായ ഒരു ഔദ്യോഗിക പദവിയിൽ , പേരും പ്രശസ്തിയും സുരക്ഷിതത്വവും സമ്പത്തും ആവോളം ലഭിക്കുന്ന ഒരു ജീവിതം ലഭിച്ചിട്ടും അതിനോടൊപ്പം ഭാഷയെക്കൂടി കൈ പിടിച്ചു നടത്തിയ ഒരു വ്യക്തി എന്ന നിലയിലാണ് കെ ജയകുമാറിന് ഈ പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.
പതിനേഴാം വയസ്സിൽ കുമാരനാശാനെക്കുറിച്ച് ഒരു പുസ്തകം എഴുതി തുടക്കമിട്ട പ്രതിഭ. 25 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവ്, നൂറിലധികം സിനിമകളിലെ ഗാനങ്ങൾ, ആകാശവാണിയിലൂടെ ഒട്ടനവധി ലളിതഗാനങ്ങൾ, സംവിധായകൻ തിരക്കഥാകൃത്ത്, പ്രഭാഷകൻ, വിവർത്തകൻ, ഭാഷാ ഗവേഷകൻ തുടങ്ങി ഒട്ടനവധി മേഖലകളിൽ സാന്നിധ്യമുറപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വം. തിരൂർ തുഞ്ചൻ പറമ്പിൽ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിന് മുകളിൽ വരുന്ന ഒരു മലയാള ഭാഷാ യൂണിവേഴ്‌സിറ്റി തന്നെ തന്റെ ഔദ്യോഗിക പദവിയിലൂടെ സാധ്യമാക്കിയെടുത്ത വ്യക്തി. ആ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ. കേരളകൗമുദി അടക്കമുള്ള പത്രങ്ങളിൽ ഇപ്പോഴും തുടരുന്ന എഴുത്ത് തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനയാണ്.

കർമ്മ മണ്ഡലം ഏതു തന്നെ ആയാലും, തന്റെ മാതൃഭാഷയ്ക്ക് ചന്ദനലേപസുഗന്ധം ചാർത്താൻ ഒരു വ്യക്തിക്ക് അഗാധമായ ഭാഷാസ്‌നേഹവും അർപ്പണബോധവും മാത്രം മതി എന്ന ജീവിതസന്ദേശം യുവജനങ്ങൾക്ക് നൽകി മാതൃകയായ വ്യക്തി കൂടിയാണ് അദ്ദേഹം ' സോഹൻ റോയ് പറഞ്ഞു.


മലയാള സാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി പ്രഖ്യാപിച്ച 'ഇൻഡിവുഡ് ഭാഷാ സാഹിത്യപുരസ്‌കാരം-മലയാളം ' പുരസ്‌കാരങ്ങളിലെ ഏറ്റവും ഉയർന്ന പുരസ്‌കാരമാണ് ഭാഷാ കേസരി പുരസ്‌കാരം. ഇതോടൊപ്പം മലയാള സാഹിത്യ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ സമ്മാനാർഹമായവരുടെ പേരും ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ചടങ്ങിൽ വെച്ച് ഈ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നവയാണ് ഈ വിഭാഗത്തിലെ ഓരോ പുരസ്‌കാരങ്ങളും.

പുരസ്‌കാര ജേതാക്കളുടെ പട്ടിക ഇപ്രകാരമാണ്. ഗിരീഷ് പുലിയൂരാണ് മികച്ച കവി. കരമനയാർ എന്ന അദ്ദേഹത്തിന്റെ കവിതയാണ് സമ്മാനാർഹമായത്. 'കുറി വരച്ചാലും' എന്ന ഗാനം എഴുതിയ എം. ഡി. രാജേന്ദ്രൻ മികച്ച ഗാനരചയിതാവായും 'സമുദ്ര ശില ' എന്ന നോവലിന് സുഭാഷ് ചന്ദ്രനെ മികച്ച നോവലിസ്റ്റ് ആയും തിരഞ്ഞെടുത്തു. നമ്പി നാരായണന്റെ ഓർമ്മകളുടെ ഭ്രമണപഥമാണ് മികച്ച ആത്മകഥ. 'കോമാളി മേൽക്കൈ നേടുന്ന കാലം' എന്ന ലേഖനത്തിലൂടെ മികച്ച ലേഖകനുള്ള പുരസ്‌കാരത്തിന് ബിപിൻ ചന്ദ്രൻ അർഹനായി. ജോബിൻ എസ് കൊട്ടാരത്തിന്റെ രണ്ടു വാല്യങ്ങളുള്ള 'സമഗ്രം, മധുരം മലയാളം ' ഏറ്റവും മികച്ച വിദ്യാഭ്യാസ ഗ്രന്ഥമായി തിരഞ്ഞെടുത്തു. സായ്‌റ എഴുതിയ ' തിരികെ ' എന്ന കഥാസമാഹാരമാണ് 'മികച്ച കഥ ' എന്ന വിഭാഗത്തിൽ സമ്മാനാർഹമായത്. ഏറ്റവും മികച്ച ചലച്ചിത്ര തിരക്കഥ എന്ന വിഭാഗത്തിൽ സമ്മാനം ലഭിച്ചത് മുഹമ്മദ് ഷഫീക്ക് എഴുതിയ ' ആമ ' എന്ന സിനിമയാക്കാത്ത തിരക്കഥയ്ക്കാണ്.

മികച്ച നിരൂപകൻ ( വി യു സുരേന്ദ്രൻ, വാക്കിന്റെ ജലസ്പർശം ), മികച്ച വൈജ്ഞാനിക സാഹിത്യകാരൻ ( ഡോ. കെ. ശ്രീകുമാർ, അരങ്ങ് ), മികച്ച യാത്രാവിവരണ രചയിതാവ് ( കെ. വിശ്വനാഥ്, യാത്ര- ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ ), മികച്ച ബാലസാഹിത്യകാരൻ ( സജീവൻ മൊകേരി, കുഞ്ഞിക്കുറുക്കനും കൂട്ടുകാരും ), മികച്ച വിവർത്തനം ( ഡോ. മിനിപ്രിയ. ആർ, കങ്കണം ( പെരുമാൾ മുരുകൻ ) ), മികച്ച ഭാഷാ ഗവേഷണം ( ഡോ. നിത്യ. പി. വിശ്വം, പാരഡി മലയാള കവിതയിൽ ), മികച്ച ഹാസ്യ സാഹിത്യകാരൻ ( നൈന മണ്ണഞ്ചേരി, പങ്കൻസ് ഓൺ കൺട്രി ) തുടങ്ങിയവയാണ് മറ്റു പുരസ്‌കാരങ്ങൾ.

വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് എൻ. എസ്. സുമേഷ് കൃഷ്ണന്റെ ചന്ദ്രകാന്തം എന്ന കവിതാസമാഹാരവും, ആർ. അജിത് കുമാറിന്റെ 'ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ ' എന്ന സമാഹാരവും അർഹമായി. സതീഷ് തപസ്യ, ശ്രീദേവ്, ആർച്ച. എ. ജെ, വിഷ്ണു ദേവ് എന്നിവർക്ക് പ്രത്യേക പ്രോത്സാഹന പുരസ്‌കാരവും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP