Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേർത്തല ഇൻഫോപാർക്കുകൾക്ക് നേട്ടം

ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേർത്തല ഇൻഫോപാർക്കുകൾക്ക് നേട്ടം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ ചെറുപട്ടണങ്ങളിൽ ഐടി രംഗം വളരുന്നു. കൊച്ചി ഇൻഫോപാർക്കിന്റെ സാറ്റലൈറ്റ് പാർക്കുകളായ കൊരട്ടി, ചേർത്തല ഇൻഫോപാർക്കുകൾക്ക് കോവിഡും തുടർന്നുണ്ടായ തൊഴിൽ രംഗത്തെ മാറ്റങ്ങളും മറ്റൊരു തരത്തിൽ നേട്ടമായി മാറിയിരിക്കുകയാണ്. ലോക്ഡൗൺ കാരണം ഐടി പാർക്കുകളിലെ കമ്പനികൾ ജീവനക്കാരെ എല്ലാം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയപ്പോൾ ഇത് സാറ്റലൈറ്റ് പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ കാര്യമായി ബാധിച്ചില്ലെന്ന് കമ്പനികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന കമ്പനികൾക്കു പുറമെ കൊച്ചി ഇൻഫോപാർക്കിലെ ഏതാനും മുൻനിര കമ്പനികളും നേരത്തെ തന്നെ സാറ്റലൈറ്റ് പാർക്കുകളിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തിയിരുന്നു.

ഇതുമൂലം ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള ഐടി ജീവനക്കാർക്ക് സുരക്ഷിതമായി ഈ പാർക്കുകളിലെത്തി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. കൊച്ചിയെ അപേക്ഷിച്ച് അയൽ ജില്ലകളിൽ നിന്നുള്ള ജീവനക്കാർക്ക് വേഗത്തിൽ എത്തിച്ചേരാവുന്ന ഇടങ്ങളാണ് കൊരട്ടി, ചേർത്തല ഇൻഫോപാർക്കുകൾ. ജീവനക്കാർക്ക് വീട്ടിൽ നിന്ന് ഏറെ അകലം ഇല്ലാതെ തൊഴിലിടം ലഭ്യമായതോടെ കോവിഡ് കാലത്തും പ്രവർത്തനങ്ങൾ സുഗമമായി നടന്നുവെന്നും ഉൽപ്പാദനക്ഷമത വർധിച്ചെന്നും കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു. 'ജീവനക്കാർക്ക് വീട്ടിൽ നിന്നും വേഗത്തിൽ എത്തിച്ചേരാനുള്ള സൗകര്യമുള്ളതിനാൽ കോവിഡ് കാലത്തുകൊരട്ടിയിലെ ഞങ്ങളുടെ യുനിറ്റ് ഏറെ ഗുണം ചെയ്തു. ഉൽപ്പാദനക്ഷമതയിലും ഇത് പ്രതിഫലിച്ചു,' ക്യൂബസ്റ്റ് ടെക്നോളജീസ് അഡ്‌മിൻ മാനേജർ റോബിൻ വി എസ് പറയുന്നു.

കൊച്ചി ഇൻഫോപാർക്കിലെ ക്യൂബസ്റ്റ് ടെക്നോളജീസ്, ഫെതർസോഫ്റ്റ്, ക്ലെയ്സിസ് എന്നീ കമ്പനികൾ ഏതാനും വർഷങ്ങളായി കൊരട്ടി, ചേർത്തല ഇൻഫോപാർക്കുകളിലും പ്രവർത്തിച്ചു വരുന്നുണ്ട്. കൊരട്ടിയിൽ മാത്രം ക്യൂബസ്റ്റിൽ 250 ജീവനക്കാരുണ്ട്. സാറ്റലൈറ്റ് ഐടി പാർക്കുകളിൽ ഓഫീസ് ഇടങ്ങൾക്ക് ചെലവും താരതമ്യേന കുറവാണെന്നത് കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. വാടക ഇനത്തിലും പ്രവർത്തന ചെലവുകളുടെ കാര്യത്തിലും കമ്പനികൾക്ക് വലിയ സാമ്പത്തിക ചെലവില്ലാതെ ഇവിടെ പ്രവർത്തിക്കാം. കോവിഡ് പ്രതിസന്ധി കാലത്ത് അടച്ചിടേണ്ടി വന്നാൽ പോലും വലിയ നഷ്ടം വരില്ലെന്നതാണ് ഗുണം, ഇൻഫോപാർക്സ് കേരള, മാനേജർ അരുൺ രാജീവൻ പറഞ്ഞു.

ശാന്തമായ അന്തരീക്ഷവും പ്രവർത്തന ചെലവ് കുറവും മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് വലിയ നഗരങ്ങൾക്കു പകരം നേരിട്ട് ചെറുനഗരങ്ങളിലെ ഐടി പാർക്കുകളിൽ പ്രവർത്തനം തുടങ്ങിയ കമ്പനികളാണ് സാറ്റലൈറ്റ് പാർക്കുകളിൽ അധികവും. കൊച്ചി, തൃശൂർ നഗരങ്ങൾക്കിടയിലാണ് കൊരട്ടി. നഗരത്തിരക്കുകൾ ഇല്ലെന്നതിനു പുറമെ ദേശീയ പാത വഴിയും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും ഇവിടേക്ക് വേഗത്തിൽ എത്തിച്ചേരാം എന്നതും പല കമ്പനികളേയും ഇങ്ങോട്ട് ആകർഷിക്കുന്നതിൽ പ്രധാന ഘടകമാണ്. സമീപത്തു തന്നെ മികച്ച ആശുപത്രി സൗകര്യങ്ങളുടെ ലഭ്യതയുമുണ്ട്.

കൊരട്ടി ഇൻഫോപാർക്ക് 2009ലാണ് തുടങ്ങിയത്. നാല് ലക്ഷത്തോളം ചതുരശ്ര അടി ഐടി സ്പേസ് ഇവിടെ ലഭ്യമാണ്. 45ഓളം കമ്പനികൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ചേർത്തലയിൽ 2012ലായിരുന്നു ഇൻഫോപാർക്കിന്റെ തുടക്കം. 2.4 ലക്ഷം ചതുരശ്ര അടിയാണ് ഇവിടെ ലഭ്യമായ ഓഫീസ് സ്ഥലം. ഇതുവരെ ഇവിടങ്ങളിൽ വളർച്ച പതുക്കെയായിരുന്നെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് വളർച്ചയ്ക്ക് ആക്കം കൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP