Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ പട്ടണത്തിലെ തെരുവ് നായ് ശല്യത്തിനെതിരെ മുനിസിപ്പൽ സെക്രട്ടറിക്ക് നിയമപരമായ നോട്ടീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: പട്ടണത്തിൽ നിയമപ്രകാരം തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികൾ ഏറെ വർഷങ്ങളായി സ്വീകരിക്കാത്തതു സംബന്ധിച്ചുള്ള പരാതികളിന്മേലുള്ള നിയമ നടപടികൾക്കു തുടക്കമായി മുനിസിപ്പാലിറ്റിക്ക് വക്കീൽ നോട്ടീസ് അയച്ചു.

കഴിഞ്ഞ പതിനഞ്ചു വർഷമായി പൊതുജനങ്ങളിൽ നിന്നു മുനിസിപ്പാലിറ്റിയിൽ ലഭിച്ചിട്ടുള്ള തെരുവുനായ്ക്കളെ സംബന്ധിച്ചുള്ള പരാതികളും നഷ്ടപരിഹാര അപേക്ഷകളും വാർത്തകളും സൂചിപ്പിച്ച് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) കൺവീനറും ഹൈക്കോടതി അഭിഭാഷകനുമായ വി. മഹേന്ദ്രനാഥാണ് മുനിസിപ്പൽ സെക്രട്ടറിക്ക് നിയമപരമായ നോട്ടീസ് അയച്ചിട്ടുള്ളത്.

നോട്ടീസിലെ പ്രസക്ത ഭാഗങ്ങൾ: തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നിയമം അനുസരിച്ച് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നു പ്രസക്ത നിയമങ്ങളും ചട്ടങ്ങളും സൂചിപ്പിക്കുന്നു. ഇക്കാര്യം കേരള ഹൈക്കോടതിയും വിധിയിലൂടെ എടുത്തുകാട്ടിയിട്ടുണ്ട്. എന്നാൽ ആലപ്പുഴ മുനിസിപ്പാലിറ്റി അക്കാര്യത്തിൽ പരാജയമാണെന്നു ആവർത്തിച്ച് ജനങ്ങൾക്കുണ്ടാകുന്ന തിക്താനുഭവങ്ങൾ വ്യക്തമാക്കുന്നു. ഈ വിഷയത്തിലുള്ള നിവേദനങ്ങൾക്കും പരാതികൾക്കും വാർത്തകൾക്കും കാര്യങ്ങൾ വ്യക്തമാക്കി മറുപടി നല്കുകയോ പരിഹാരമുണ്ടാക്കുകയോ ചെയ്യുന്നില്ല. പേയ്നായ് കടിച്ചാൽ രക്ഷിക്കാൻ മരുന്നോ ചികിത്സയോ ഇല്ലെന്നും രോഗലക്ഷണങ്ങൾ പ്രത്യക്ഷമായാൽ വേദനയേറിയ മരണം തീർച്ചയാണെന്നും എല്ലാവർക്കും വ്യക്തമായി അറിയാമായിരുന്നിട്ടും വിഷയം വളരെ നിസാരമായി തള്ളുകയാണ്. പേവിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നു ഇടയ്ക്കിടെ അധികൃതർ ഓർമ്മിപ്പിച്ചിട്ടു മാത്രം ഒരു കാര്യവുമില്ല.

തെരുവ് നായ്ക്കളേക്കാൾ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി, തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിച്ച് തെരുവ് നായ്ക്കളെ പിടിച്ചെടുക്കാനും വന്ധ്യംകരിക്കാനും നശിപ്പിക്കാനും അധികാരമുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു കൂട്ടം റിട്ട് ഹർജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് 2015 നവംബർ നാലിന് പൊതുവായ വിധി പ്രഖ്യാപിച്ചിട്ടുള്ളത്.

2001-ലെ മൃഗങ്ങളുടെ ജനന നിയന്ത്രണ ചട്ടങ്ങൾ (നായ്ക്കൾ) കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയാണ് വേണ്ടത്. അതിക്രൂദ്ധമായതും പേയ്പിടിച്ചതുമായ തെരുവു നായ്ക്കൾ വർഷങ്ങളായി പട്ടണത്തിലെ ജനങ്ങളുടെ പേടിസ്വപ്നമാണ്. അനേകം പേർക്ക് പട്ടികടി മൂലം ഗൂരുതരമായ പരിക്കേറ്റിട്ടുണ്ട്. തെരുവ് നായ്ക്കൾ മനുഷ്യരെ കടിച്ചു കീറിയതു കൂടാതെ വളർത്തുമൃഗങ്ങളെ കടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. അതിലുപരി ആനയെപ്പോലും ഓടിച്ചു പട്ടണത്തിൽ അപകടങ്ങളും ഭീതിയും ഉണ്ടാക്കിയിട്ടുമുണ്ട്.

നിയമപ്രകാരം നടപ്പിലാക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചു വിവിധ പരാതികൾ ഏറെ വർഷങ്ങളായി നിലനില്ക്കുന്നു:

> തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള മൃഗ ജനന നിയന്ത്രണ പദ്ധതി പൂർണമായും ഫലപ്രദമായും നടപ്പിലാക്കുന്നില്ല.
> വന്ധ്യംകരിച്ച തെരുവ് നായ്ക്കളെയും വീട്ടു നായ്ക്കളെയും തിരിച്ചറിയാൻ വിവരങ്ങൾ രേഖപ്പെടുത്തിയ ഈയർ ടാഗുകൾ ഘടിപ്പിക്കുന്നില്ല.
> തെരുവ് നായ്ക്കൾ മനുഷ്യരെ കടിച്ചുപരിക്കേൽപ്പിച്ചതിനു നഷ്ടപരിഹാരം നല്കുന്നില്ല.
> തെരുവ് നായ്ക്കൾ വീട്ടുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊന്നതിനു നഷ്ടപരിഹാരം നല്കുന്നില്ല.
> തെരുവ് നായ്ക്കൾ വാഹനങ്ങളുടെ കുറുകെ ചാടിയുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവർക്കും മരിച്ചവർക്കും നഷ്ടപരിഹാരം നല്കുന്നില്ല.
> നായ്ക്കളെ സംബന്ധിച്ച പരാതികൾ പൊതുജനങ്ങളിൽ നിന്നു സ്വീകരിക്കുന്നതിന് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല.
> തെരുവ് നായ് ശല്യം, നായ്ക്കളുടെ കടി, ക്രൂരരും പേയ്പിടിച്ചതുമായ നായ്ക്കളെ കുറിച്ചുള്ള വിവരങ്ങൾ, എന്നിവ ലഭ്യമാക്കാൻ ഡോഗ് കൺട്രോൾ സെൽ സ്ഥാപിച്ചിട്ടില്ല.
> അലഞ്ഞുതിരിയുന്ന നായ്ക്കളെ തീറ്റിപ്പോറ്റി ജനങ്ങൾക്കു ശല്യമില്ലാതെ സൂക്ഷിക്കുന്ന മുനിസിപ്പാലിറ്റി വക പൗണ്ട്, കെന്നൽസ്, ഷെൽട്ടേഴ്സ് തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നില്ല.
> പട്ടണത്തിലെ വളർത്തു നായ്ക്കൾക്കു രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ, മരുന്നുകൾ തുടങ്ങിയവ തുടർച്ചയായി ലഭ്യമാക്കുന്നില്ല.
> പട്ടണത്തിൽ വളർത്തു നായ്ക്കൾക്ക് ഫീസ് ഈടാക്കി ലൈസൻസ് നല്കുന്നില്ല.
> തെരുവു നായ്ക്കളെ വീടുകളിൽ ദത്തെടുത്തു അടച്ചുപൂട്ടി വളർത്താതെ റോഡിൽ ആഹാരം നല്കി മൃഗസ്നേഹം കാട്ടി പൊതുശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ല.

ഇക്കാര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നു വാദമുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി രേഖാമൂലം അറിയിക്കണമെന്നു നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ മറുപടി ലഭ്യമായില്ലെങ്കിൽ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും അറിയിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP