Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപ്പീൽ-ഇന്ത്യൻ ഭരണഘടനയിൽ ക്രൈസ്തവർക്ക് പൂർണ്ണവിശ്വാസമുണ്ട്: ഷെവലിയർ വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ വിതരണത്തിൽ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ ക്രൈസ്തവ സമുദായത്തിന് യാതൊരു ആശങ്കയുമില്ലെന്നും ഇന്ത്യൻ ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും നീതിനിർവ്വഹണസംവിധാനങ്ങളിലും ക്രൈസ്തവർക്ക് പൂർണ്ണവിശ്വാസമുണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന നീതിനിഷേധങ്ങളെ സർക്കാർ സംവിധാനങ്ങൾ അട്ടിമറിച്ചാൽ തുടർന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാൽ മാത്രമേ ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. ചില കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാനും രാഷ്ട്രീയ നേട്ടത്തിനുംവേണ്ടിയുള്ള സ്വാഭാവിക രാഷ്ട്രീയ തന്ത്രത്തിനപ്പുറം സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതി അപ്പീലിന് പ്രസക്തിയില്ല. സുപ്രീം കോടതിയിൽ കേസ് എത്തുന്നതോടുകൂടി ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സമ്പൂർണ്ണ അഴിച്ചുപണി നടത്തുവാൻ കേന്ദ്രസർക്കാരിന് അവസരം ലഭിക്കുമെന്നുറപ്പാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികൾക്കായി കേന്ദ്രസർക്കാർ സംസ്ഥാനത്തിനു വർഷംതോറും നൽകുന്ന ഫണ്ടിന്റെ വിനിയോഗവും അന്വേഷണവിധേയമാക്കും.

കോടതിവിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ ജൂലൈ 16ന് ഇറക്കിയ ഉത്തരവിൽ 20.05.2021 ലെ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കിയിരിക്കുന്നുവെന്നും നിലവിൽ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന തുകയിലോ എണ്ണത്തിലോ കുറവ് ലഭിക്കരുത് എന്നും വ്യവസ്ഥ ചെയ്യുന്നു. മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് എന്നീ 2 സ്‌കോളർഷിപ്പിൽ മാത്രമാണ് സംസ്ഥാന സർക്കാർ അനുപാത തിരുത്തലുകൾക്ക് തയ്യാറായിട്ടുള്ളത്. 2 സ്‌കോളർഷിപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ല സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളും പ്രാതിനിധ്യങ്ങളും.

കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് നടത്തുന്ന വിവിധങ്ങളായ പദ്ധതികളിലേയും വിവിധ ന്യൂനപക്ഷ സമിതികളിലെ പ്രാതിനിധ്യത്തിലേയും വിവേചനം വരുംനാളുകളിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. സച്ചാർ, പാലൊളി കമ്മറ്റി റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയപ്പോൾ മാറിമാറി ഭരിച്ച സംസ്ഥാന സർക്കാരുകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മറന്നതാണ് ഇന്ന് ഈ വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെയും ഫണ്ട് വിനിയോഗങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണഭോക്താക്കളെക്കുറിച്ചും ധവളപത്രമിറക്കണമെന്ന ലെയ്റ്റി കൗൺസിലിന്റെ നിവേദനത്തിൽ സർക്കാർ ഒളിച്ചോട്ടം നടത്താതെ നടപടിയുണ്ടാകണം.

ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ തത്വങ്ങളെ മുറുകെപ്പിടിച്ചുള്ള തുടർ നിയമപോരാട്ടങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അപ്പീൽ അവസരമൊരുക്കുമെന്നും ജാതിസംവരണം കേരളത്തിൽ മാത്രം മതസംവരണമായി മാറിയിരിക്കുന്നതും വരുംദിവസങ്ങളിൽ ചോദ്യംചെയ്യപ്പെടുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP