Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈറൽ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: മന്ത്രി വീണാ ജോർജ്; ഇന്ന് ലോക ഹെപ്പെറ്റെറ്റിസ് ദിനം

വൈറൽ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: മന്ത്രി വീണാ ജോർജ്; ഇന്ന് ലോക ഹെപ്പെറ്റെറ്റിസ് ദിനം

സ്വന്തം ലേഖകൻ

വൈറൽ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വർധനവ് തടയുകയും ഹെപ്പെറ്റെറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളിൽ ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തിൽ താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം നേടാൻ ജനനത്തിൽ തന്നെ എല്ലാ കുഞ്ഞുങ്ങൾക്കും ഹെപ്പറ്റെറ്റിസ് ബി-യ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനനത്തിൽ തന്നെ ഇമ്മ്യുണോഗ്ലോബുലിനും നൽകേണ്ടതാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ മുഖേന അടുത്ത തലമുറയിലേക്ക് രോഗ പകർച്ച ഉണ്ടാകുന്നത് തടയാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ കോവിഡ് സാഹചര്യത്തിൽ ലോക ഹെപ്പറ്റെറ്റിസ് ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഹെപ്പെറ്റൈറ്റിസ് ബി രോഗാണുവിനെ കണ്ടെത്തുകയും, രോഗനിർണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ് എന്നിവ കണ്ടെത്തുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ഡോ. ബറൂച്ച് ബ്ലുംബർഗിന്റെ ജന്മദിനമായ ജൂലൈ 28നാണ് ലോക ഹെപ്പറ്റെറ്റിസ് ദിനമായി ആചരിക്കുന്നത്. 'ഹെപ്പറ്റൈറ്റിസ് കാത്തിരിക്കാനാവില്ല' (Hepatitis can't wait) എന്നതാണ് ഈ വർഷത്തെ സന്ദേശം. ഈ രോഗത്തെ നമ്മുടെ രാജ്യത്തു നിന്ന് നിവാരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇനി വൈകാൻ പാടില്ല എന്നാണ് അർത്ഥമാക്കുന്നത്. ഹെപ്പെറ്റെറ്റിസ് വിമുക്ത ഭാവി ജനതയ്ക്കായി ടെസ്റ്റ്, ട്രെയിസ്, ട്രീറ്റ് എന്നിവയുമായി മുന്നോട്ട് പോകേണ്ടതാണ്.

എല്ലാ ഗർഭിണികളെയും ഹെപ്പെറ്റൈറ്റിസ് ബി, സി എന്നീ വൈറസ് കണ്ടെത്തുന്നതിന്നുള്ള ദ്രുത പരിശോധനകൾ ചെയ്ത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സേവനങ്ങൾ ഉറപ്പു വരുത്തണം. തീവ്ര രോഗ ബാധയുണ്ടാകാൻ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോൾ ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ടക്കുള്ള മരുന്നുകൾ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ ചികിത്സാ കേന്ദ്രങ്ങളാണ്.

ഹെപ്പെറ്റെറ്റിസ് എ-യും ഇ-യും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാൽ ഹെപ്പെറ്റെറ്റിസ് ബി-യും സി-യും രക്തം, ശരീര സ്രവങ്ങൾ, യോനീസ്രവം, രേതസ്സ് എന്നിവയിലൂടെയാണ് പകരുന്നത്.

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· ശുദ്ധികരിച്ച ജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
· മലമൂത്ര വിസർജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. മലമൂത്ര വിസർജ്ജനം ശൗച്യാലയത്തിൽ മാത്രം നിർവഹിക്കുക.
· പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ, തുടങ്ങി പാചകം ചെയ്യുന്നവരും, വിതരണക്കാരും, രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
· ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
· കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പു നൽകു ക.
· രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.
· ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.
· ഷേവിങ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
· കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
· രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP