Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

നൂതന കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് സർക്കാർ മേഖലയിലും

നൂതന കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് സർക്കാർ മേഖലയിലും

സ്വന്തം ലേഖകൻ

തൃശൂർ: സാധാരണക്കാരിലേയ്ക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് സർക്കാർ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹബിലിറ്റേഷനിൽ തുടങ്ങി. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പാവപ്പെട്ടവർക്ക് സൗജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്. അവയവ നിർമ്മാണ രംഗത്തെ സർക്കാർ അംഗീകൃത ഏജൻസിയായതു കൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പടെ സർക്കാർ ഏജൻസികൾക്ക് ടെൻഡറില്ലാതെ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്ന സ്ഥാപനം കൂടിയാണ് നിപ്മർ.

കൃത്രിമ അവയവ നിർമ്മാണ രംഗത്ത് ടെക്നോളജി വളരെയേറെ വികസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രസ്തുത സേവനം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിന് തടസം ഇതിനായുള്ള ഭാരിച്ച ചെലവാണ്. മാത്രമല്ല ഇതു സംബന്ധിച്ച അവബോധവും കുറവാണ്. നിലവിൽ കൃത്രിമ കാലുകളും കൈകളും ഘടിപ്പിച്ചവർക്ക് ഏതു ജോലിയും ചെയ്യാൻ സാധിക്കുമെന്നതാണ് ആധുനിക ടെക്നോളജിയുടെ മേന്മ. ഭാരം ചുമക്കുന്ന ജോലിയെടുക്കുന്നവർക്കും അത്ലറ്റിക്കുകൾക്കു വരെയും ഇത്തരം അനുയോജ്യമായ അവയവങ്ങൾ ലഭ്യമാണ്. അവയവം മുറിച്ചു മാറ്റിക്കഴിഞ്ഞാൽ കഴിയാവുന്നതിലും വേഗത്തിൽ കൃത്രിമ അവയവം ഘടിപ്പിക്കുമ്പോൾ കാര്യക്ഷമത കൂടുമെന്ന് പ്രോസ്തറ്റിക് ആൻഡ് ഓർത്തോട്ടിക് യൂണിറ്റ് മേധാവി ഡോ. സിന്ധു വിജയകുമാർ പറഞ്ഞു. വൈകിയാൽ കൃത്രിമ അവയവങ്ങളോടുള്ള ശരീരത്തിലെ മസിലുകളുടെ സപ്പോർട്ട് കുറവുമെന്നും ഇവർ.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കാർബൺ ഫൈബർ നിർമ്മിതമായ അവയവങ്ങളാണ് നിപ്മർ നിർമ്മിച്ചു നൽകുന്നത്. ഇത് കൂടുതൽ ഉറപ്പു നൽകുന്നതിനൊപ്പം ഭാരവും കുറവുമാണ്. കൈ-കാലുകൾ, വിരലുകൾ എന്നിവ സ്വാഭാവിക നിലയിൽ ചലിപ്പിക്കുന്നതിന് മൾട്ടി ആക്സിൽ ജോയ്ന്റുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. ഇതുവഴി എഴുത്തു ജോലികൾ ചെയ്യുന്നവർക്കും കൂടുതൽ സഹായകരമാകും.

നിലവിൽ റെഡിമെയ്ഡ് അവയവങ്ങളെയാണ് പൊതുവേ ആശ്രയിക്കുന്നത്. ഇത് തുടർവർഷങ്ങളിൽ നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ശരീരത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസം കൃത്രിമ അവയങ്ങൾ ഉപയോഗയോഗ്യമല്ലാതാകുന്ന സാഹചര്യമുണ്ട്. ഉപയോഗിക്കുന്നയാളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് നിർമ്മിക്കാമെന്നതാണ് നിപ്മറിന്റെ പ്രത്യേകത. നടത്തത്തിന്റെ രീതിയും താളവുമനുസരിച്ച് മുൻകൂട്ടി ഡിസൈൻ ചെയ്ത് അവയവങ്ങൾ നിർമ്മിക്കാൻ കഴിയും. മയോ ഇലക്ട്രിക്കൽ പ്രോസ്തറ്റിക് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

നിലവിൽ കൃത്രിമ അവയവ നിർമ്മാണ രംഗത്ത് പ്രീ ഡിസൈനിങ്ങിനായി നിരവധി സാങ്കേതിക രീതികൾ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോളിക്, ന്യൂമാറ്റിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ രീതികളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. സെൻസർ ഉപയോഗിക്കും ബ്ലൂടൂത്തിന്റെ സഹായത്തോടെയും പ്രീഡിസൈനിങ് ചെയ്യുന്ന രീതിയും നിലവിലുണ്ട്. പ്രസ്തുത സേവനങ്ങളെല്ലാം നിപ്മറിൽ ചെയ്യാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP