Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഡോ. കെ എസ് മാധവനോട് വിശദീകരണം തേടിയ നടപടി കാലിക്കറ്റ് സർവകലാശാല പിൻവലിക്കണം: എ.ഐ.ഡി.എസ്.ഒ

ഡോ. കെ എസ് മാധവനോട് വിശദീകരണം തേടിയ നടപടി കാലിക്കറ്റ് സർവകലാശാല പിൻവലിക്കണം: എ.ഐ.ഡി.എസ്.ഒ

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ:ഇന്ത്യയിലെ സർവകലാശാലകളിൽ അദ്ധ്യാപക തസ്തികകളിലേക്കുള്ള സംവരണ നിയമനങ്ങളിൽ നടക്കുന്ന അട്ടിമറികൾ തുറന്നു കാണിച്ചുകൊണ്ട് ഈ ഏപ്രിൽ 21 ന് ഡോക്ടർ പി.കെ പോക്കറുമായി ചേർന്ന് മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച കാലിക്കറ്റ് സർവ്വകലാശാലയുടെ നടപടി പിൻവലിക്കണമെന്ന് ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) സംസ്ഥാന പ്രസിഡന്റ് ബിനു ബേബി, സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് എന്നിവർ ആവശ്യപ്പെട്ടു.

സംവരണ സീറ്റുകളിലും ജനറൽ സീറ്റുകളിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്ന നടപടി അടുത്ത കാലത്തായി കേരളത്തിലെ സർവ്വകലാശാലകളിൽ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.

നടന്ന നിയമനങ്ങളെ സംബന്ധിച്ച് വിവരാകാശ നിയമം വഴി അന്വേഷിക്കുമ്പോൾ രേഖകൾ യുക്തിരഹിതമായ കാരണങ്ങൾ പറഞ്ഞ് പുറത്തുവിടാതിരിക്കാനാണ് സർവകലാശാലകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഹൈക്കോടതി ഇടപെട്ട് തന്നെ പല അനധികൃത നിയമനങ്ങളും റദ്ദ് ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നിയമനങ്ങളിൽ സർവ്വകലാശാല അധികൃതർ നടത്തുന്ന തട്ടിപ്പ് പുറത്തുകൊണ്ടു വന്നതിനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഡോക്ടർ കെ.എസ് മാധവന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.സർവകലാശാലകളുടെ നടപടികളിൽ അദ്ധ്യാപകരോ വിദ്യാർത്ഥികളോ പൊതുജനങ്ങളോ വിമർശനം ഉന്നയിക്കുന്നത് ക്രമവിരുദ്ധമോ അസാധാരണമോ ആയ നടപടിയല്ല. ജെ.എൻ.യു കൈക്കൊണ്ട ജനാധിപത്യവിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ നടപടികൾക്കെതിരെ അദ്ധ്യാപകർ ഉൾപ്പടെ തെരുവിലിറങ്ങി സമരം ചെയ്തതും നിശിതമായ വിമർശനം ഉന്നയിച്ചതും അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായതാണ്. വിമർശനങ്ങളും സമരങ്ങളും ഉൾക്കൊള്ളുന്നതാണ് സർവകലാശാല എന്ന ജനാധിപത്യ സംവിധാനം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൈക്കൊണ്ടിരിക്കുന്ന നടപടി സർവകലാശാല എന്ന ജനാധിപത്യ സങ്കൽപ്പത്തെ റദ്ദ് ചെയ്യുന്നതാണ്. വിമർശനങ്ങളോട് അസഹിഷ്ണുത പ്രദർശിപ്പിക്കുന്ന പ്രവണത കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നിരന്തരം ആവർത്തിക്കുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥി കൂട്ടായ്മയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കളക്ടീവിനെതിരെ തീവ്രവാദികളെന്ന ആരോപണം ഉന്നയിച്ചത് കൂടി ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

ഡോ.കെ.എസ്.മാധവനോട് വിശദീകരണം ചോദിച്ച നടപടി നിരുപാധികം പിൻവലിക്കുന്നതിനോടൊപ്പം അദ്ധ്യാപക നിയമനത്തിന്റെ സുതാര്യത ഉറപ്പാക്കുവാൻ സംവരണ റോസ്റ്റർ പുറത്തു വിടുവാൻ സർവകലാശാല തയ്യാറാകണം. വിവിധ സർവകലാശാലകളിലെ വിവാദമായ അദ്ധ്യാപക നിയമനങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബിനു ബേബി, പി.കെ. പ്രഭാഷ് എന്നിവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP