Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയും അമേരിക്കയും സേവനാധിഷ്ഠിത മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം: റിച്ചാർഡ് എം. റോസോ

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ കുറെ വർഷങ്ങളായി അമേരിക്ക ഇന്ത്യയുടെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയാണ്. അമേരിക്കൻ പ്രസിഡണ്ടായി ആര് തെരഞ്ഞെടുക്കപ്പെ ട്ടാലും ഈ പാത തുടരാനാണ് സാധ്യതയെന്ന് വാഷിങ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ യുഎസ്-ഇന്ത്യ പോളിസി സ്റ്റഡീസിൽ വാധ്വാനി ചെയർ വഹിക്കുന്ന റിച്ചാർഡ് എം. റോസോ പറഞ്ഞു.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) ഭാഗമായ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ഒക്ടോബർ 22, 2020 (വ്യാഴാഴ്ച) വൈകീട്ട് 6.30 ന് 'യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2020: യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാര നയത്തെയും സംരക്ഷണവാദ നടപടികളെയുംച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ ചില ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോവിഡിന് മുമ്പുള്ള വർഷങ്ങളെടുത്താൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം വർദ്ധിച്ചുവരുന്ന ഒരു പ്രവണതയാണ് കാണാനാവുന്നത്. വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനും, വ്യാപാര കമ്മി കൈകാര്യം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും ഇനിയും ഏറെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് സാങ്കേതികവിദ്യയും സാമ്പത്തിക സേവനങ്ങളും നിർണായകമാണ്. എന്നാൽ ഇവ പലപ്പോഴും ചർച്ചകളിൽ അവഗണിക്കപ്പെടുന്നതായാണ് കാണാറുള്ളത്. ഇന്ത്യയും അമേരിക്കയും സേവനാധിഷ്ഠിത സമ്പദ്വ്യവസ്ഥകളായതിനാൽ സേവനമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, സംരക്ഷണവാദ നയങ്ങളിൽ കുറവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-ഇന്ത്യ സാമ്പത്തിക ബന്ധത്തെ മുന്നോട്ടു നയിക്കുന്നത് ഇപ്പോൾ ഡൽഹിയെക്കാൾ വിവിധ സംസ്ഥാന തലസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഗുജറാത്ത്, ആന്ധ്രാപ്രദേശ് ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളിൽ ഉള്ള സുതാര്യത കുറവാണെന്നും ഇതിനെ അഭിസംബോധന ചെയ്യുന്ന നയങ്ങൾ മികച്ച യുഎസ്-ഇന്ത്യ ബന്ധങ്ങൾക്ക് വഴി തെളിയിക്കുമെന്നും റോസോ അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് വോട്ടുചെയ്യുന്നവരാണെങ്കിലും, സമ്പന്ന വിഭാഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ, ഇത് ഇത്തവണ ഗണ്യമായി മാറുന്ന സാഹചര്യം ഉണ്ടായേക്കാം. കൂടാതെ ഇന്ത്യൻ പ്രവാസികളിൽ ബഹുഭൂരിപക്ഷവും ഡെമോക്രാറ്റുകളിലേക്ക് നീങ്ങുന്നത് കണ്ടേക്കാമെന്നും പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞനും, തെരഞ്ഞെടുപ്പ് വിഷയത്തിൽ പണ്ഡിതനും, കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ ഡോ ജി. ഗോപകുമാർ പറഞ്ഞു. കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം, കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ട്രംപിന്റെ പരാജയം, കുടിയേറ്റ വിരുദ്ധ നയങ്ങൾ, ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം തുടങ്ങിയവയെല്ലാം ഇതിനു ആക്കം കൂട്ടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ പസഫിക്കിലെ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി ബന്ധം വളർത്തുന്ന നയങ്ങൾ ഒബാമയുടെ നേത്രത്വത്തിലുള്ള ഭരണകൂടവും ട്രംപിന്റെ നേത്രത്വത്തിലുള്ള ഭരണകൂടവും തുടർന്ന് വരുന്നു. എന്നിരുന്നാലും, ജോ ബൈഡൻ ഭരണത്തിൽ വരുകയാണെങ്കിൽ ഏകപക്ഷീയമായ നടപടികൾ കൈക്കൊള്ളുന്നതിനുപകരം കൂടുതൽ സൂക്ഷ്മമായ സമീപനം പുലർത്താനും, പങ്കാളികളുമായി ആഴത്തിൽ ഇടപഴകാനും സാധ്യതയുണ്ടെന്നും യുഎസ്ഇ-ന്ത്യ ബന്ധത്തിലെ ചൈന ഘടകത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി റിച്ചാർഡ് റോസോ കൂട്ടിച്ചേർത്തു.

ഇന്തോ-പസഫിക് പ്രാദേശിക സഹകരണം പ്രധാനമാണെന്നും, ഈ മേഖലയിലെ സഹകരണത്തിന് QUAD ന് മികച്ച പങ്കുവഹിക്കാനാകുമെന്നും പ്രൊഫസർ ഗോപകുമാർ പറഞ്ഞു. അതേസമയം, ഈ മേഖലയിലെ ഇന്ത്യയുടെ വികസനത്തെയും, നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ ഭീഷണികളും, മേഖലയിലെ ചൈനയുടെ വിപുലീകരണ നയങ്ങളും, തീവ്രവാദ പ്രശ്‌നങ്ങളിലെ പാക്കിസ്ഥാൻ നിലപാടും അമേരിക്ക പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്-ഇന്ത്യ വാണിജ്യ ബന്ധങ്ങൾ പ്രധാനമാണെന്നും, യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധതൊഴിലാളികളെ ആവശ്യമുള്ളതിനാലും, അതിർത്തി കടന്നുള്ള ഡിജിറ്റൽ ബന്ധങ്ങളെ അമേരിക്ക വിലമതിക്കുന്നതുകൊണ്ടും തെരഞ്ഞെടുപ്പിന് ശേഷം എച്ച് 1 ബി വിസ വിഷയത്തിന്മേലുള്ള സമ്മർദ്ദം കുറവായിരിക്കുമെന്നും എച്ച് 1 ബി വിസ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായി റിച്ചാർഡ് റോസോ പറഞ്ഞു.

അന്താരാഷ്ട്ര ബന്ധങ്ങളുടെ ഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എല്ലാ രാജ്യങ്ങളെ സംബന്ധിച്ചും നിർണായകമായിരിക്കെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര നയങ്ങളെയും, ഭൗമരാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പ് ഫലം എങ്ങനെ ബാധിക്കുമെന്ന് പ്രഭാഷകർ വിശകലനം ചെയ്തു. സിപിപിആർ ചെയർമാൻ ഡോ ഡി. ധനുരാജ് ചർച്ച മോഡറേറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP