Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇന്ത്യയ്ക്ക് വേണ്ടത് നിശ്ചയദാർഢ്യം''

സ്വന്തം ലേഖകൻ

കൊച്ചി: 'ഇന്ത്യയ്ക്ക് വേണ്ടത് നിശ്ചയദാർഢ്യമാണ്. ഇത് നേതൃതലത്തിൽ മാത്രം ഉണ്ടാകേണ്ടഒന്നല്ല, മറിച്ച് ഓരോ പൗരന്മാരിലും നിശ്ചയദാർഢ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഒരു രാഷ്ട്രമെന്ന നിലക്ക് ചൈനയുടെ വിജയം അതിലാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓരോ പൗരനെയും ഒരുമിച്ച് കൊണ്ടുപോകാനും, രാജ്യത്തെ വലിയൊരു രാഷ്ട്രമാക്കുന്നതിൽ അവർക്ക് പ്രധാനപങ്കുണ്ടെന്ന് അവരെ ഓർമിപ്പിക്കുകയും ആ ലക്ഷ്യം നേടാനായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു,'' എഴുത്തുകാരനും, മോൺട്രിയലിലെ മക്ഗിൽ യൂണിവേഴ്‌സിറ്റിയിലെ ജെയിംസ് മക്ഗിൽ പ്രൊഫസറും, റോയൽ സൊസൈറ്റി ഓഫ് കാനഡയുടെ ഫെലോയും, സിപിപിആർ എറുഡൈറ്റ് ഡിസ്റ്റിങ്വിഷ്ഡ് സീനിയർ ഫെലോയുമായ ഡോക്ടർ ടിവി പോൾ പറഞ്ഞു. 'മാറുന്ന ആഗോള ക്രമം' എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) വ്യാഴാഴ്ച സംഘടിപ്പിച്ച തത്സമയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിപിർ അഡൈ്വസറും, ഗവേഷകനും, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് പ്രൊഫസറുമായ ഡോക്ടർ ലോറൻസ് പ്രഭാകർ വില്യംസ് ചർച്ച മോഡറേറ്റ് ചെയ്തു.

അന്താരാഷ്ട ബന്ധങ്ങളിൽ രാജ്യങ്ങൾ തുടർന്നുവരുന്ന അധികാരത്തിന്റെ ബാലൻസിംഗിനെകുറിച്ചും, ചൈനയുടെ ഉയർച്ചയും, ഭൗമരാഷ്ട്രീയ മേഖലയിലെ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടവും, സംഘട്ടന സാധ്യതയും, വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാൻ സഖ്യങ്ങളുടെ സാധ്യതയും വെബിനാർ ചർച്ച ചെയ്തു.

അയൽരാജ്യങ്ങൾക്ക് ബഹുമാനം, നയതന്ത്രം, വികസനഅവസരങ്ങൾ എന്നിവയുടെ രൂപത്തിൽ ഇന്ത്യ കൂടുതൽ വാഗ്ദാനങ്ങൾ നൽകണമെന്നും, അതുവഴി അയൽരാജ്യങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയും, സാമ്പത്തികവും സാങ്കേതികവുമായി ചൈനക്കൊപ്പം നിൽക്കാൻ കഴിയുന്ന ശക്തിയായി മാറാൻ ഇന്ത്യശ്രമിക്കണമെന്നും ഡോക്ടർ ടിവി പോൾ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിലൂന്നിയുള്ള സമാധാനം, ജനാധിപത്യമൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങൾ, സാമ്പത്തികമായുള്ള പരസ്പര ആശ്രയത്വം എന്നിവ കഴിഞ്ഞ കുറച്ചു കാലമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച കോവിഡ്-19, അമേരിക്കയുടെ നേതൃത്വ അഭാവം എന്നീ ഘടകങ്ങൾ ആഗോളക്രമത്തിന് വെല്ലുവിളി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.

ആഗോളക്രമം പലപ്പോഴും യുദ്ധങ്ങളാൽ തകർക്കപ്പെടുന്നുവെന്നും, ഇവയൊന്നും സുസ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലിബറൽ ക്രമം ലോകത്തിന് ആവശ്യമാണെന്നും, എന്നാൽ ഇന്ന് ലിബറലിസം സ്വയം ദുഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോളവൽക്കരണത്തിന്റെ വരവോടെ അതിർത്തികളില്ലാത്ത ലോകവും, കൂടുതൽ നിക്ഷേപങ്ങളും, അന്താരാഷ്ട്ര വ്യാപാരങ്ങളും ഉണ്ടായി. അതുമൂലം പുതിയ ഗുണഭോക്താക്കൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ ചൈന ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ ഫലമായി നിലവിലെ ആഗോളക്രമം സങ്കീർണ്ണമായിമാറിയിരിക്കുന്നു. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും കുതിച്ചുചാട്ടമുണ്ടായെങ്കിലും ഇത് അസമത്വം വർദ്ധിപ്പിച്ചു. മതം, ജനകീയരാഷ്ട്രീയം തുടങ്ങിയവ ഐഡന്റിറ്റി മാർക്കറുകളായി മാറുകയും ഇത് ആളുകളുടെ അസംതൃപ്തിയുടെ സൂചകങ്ങളായി മാറുകയും ചെയ്തുവെന്ന് ഡോക്ടർ പോൾ പറഞ്ഞു.

അന്താരാഷ്ട ബന്ധങ്ങളിൽ വിവിധ രാജ്യങ്ങൾ തുടർന്നുവരുന്ന അധികാരത്തിന്റെ ബാലൻസിങ് സമാധാനത്തിന് പരമപ്രധാനമാണെന്നും, എന്നാൽ, ചില രാഷ്ടങ്ങൾ ശക്തിയുള്ളവരും, മറ്റുള്ളവയുടെ ശക്തി ക്ഷയിക്കുകയും ചെയ്യുമ്പോൾ ശാശ്വത സമാധാനം സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാഷ്ട്രങ്ങൾ ബാലൻസിംഗിന്റെ ഒന്നിലധികം രൂപങ്ങൾ പിന്തുടരുന്നതായി കാണാം. പരിമിതമായ ഹാർഡ് ബാലൻസിങ്ങാണ് ഇന്ന് ഇന്ത്യ ചൈനയോട് എടുക്കുന്ന സമീപനം. ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് സോഫ്റ്റ് ബാലൻസിങ്ങും ഇന്ത്യ പിന്തുടർന്ന് വരുന്നു. എന്നാൽ ചൈന ആകട്ടെ ശത്രുവിന്റെ ബലഹീനതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുക എന്ന രീതിയാണ് (സിമെട്രിക്കൽ ബാലൻസിങ് ) ഇപ്പോൾ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസിയാൻ രാജ്യങ്ങൾക്കെതിരെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെയുള്ള ബാലൻസിങ് ആണ് ചൈന ഉപയോഗിക്കുന്നത്. വിവിധ മാർക്കറ്റ് ഘടകങ്ങളും, സാമ്പത്തിക വശങ്ങളും, സ്ഥാപനങ്ങളും ഉപയോഗിച്ച് ചൈന അവയെ കൂടുതൽ ആശ്രിതരാക്കുന്നു.

വ്യത്യസ്ത ഘടകങ്ങൾ മൂലം ഇന്ന് ലോകക്രമം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ശക്തിയിൽ താരതമ്യേനെ കുറവ് വന്നിട്ടുണ്ടെങ്കിലും ശക്തമായ ഒരു നേതൃത്വത്തിന്റെ പിന്തുണയോടെ കുറച്ചു ദശകങ്ങൾ കൂടി ഒരു വൻ ശക്തിയായി തുടരാൻ അമേരിക്കക്കാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനത്തിന് ഇന്ത്യ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും, വിദ്യാഭ്യാസത്തിന് ജിഡിപിയുടെ 6% എങ്കിലും ചെലവഴിക്കേണ്ടതായുണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര ആശയങ്ങളും, ലിബറലിസത്തിന്റെ ആശയങ്ങളും ഇന്ത്യ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP