Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷകന്റെ കസ്റ്റഡി മരണം: അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത അണിയറ നീക്കം: വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കർഷകനായ പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം പി.പി.മത്തായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും 2 പേരെ സസ്പെൻഡ് ചെയ്തും കൊലപാതകക്കുറ്റത്തിൽ നിന്ന് ഒളിച്ചോടാൻ വനംവകുപ്പിനാവില്ല. വകുപ്പുതല അമ്പേഷണത്തിൽ ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞിരിക്കുമ്പോൾ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അറസ്റ്റ് വൈകുന്നതനുസരിച്ച് തെളിവുകൾ നശിപ്പിക്കുന്നതിനും രേഖകളിൽ കൃത്രിമം സൃഷ്ടിക്കുന്നതിനും അവസരമൊരുങ്ങും. കസ്റ്റഡിമരണം വ്യക്തമായിട്ടും തെളിവുശേഖരണം തുടരുന്നുവെന്ന് പൊലീസിന്റെ വാദമുഖങ്ങളും മുഖവിലയ്ക്കെടുക്കാനാവില്ല. വനംവകുപ്പ് മന്ത്രിയെയും പ്രതിപ്പട്ടികയിൽ ചേർക്കണം. സ്വന്തം വകുപ്പിലെ സഹപ്രവർത്തകരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വനംവകുപ്പ് മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. കസ്റ്റഡിയിലിരിക്കെയുള്ള നിയമങ്ങളും ചട്ടങ്ങളും കോടതിനിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ ബോധപൂർവ്വം അട്ടിമറിച്ചിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.

മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കർഷകപ്രസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടാണ്. കർഷകനേതാക്കളെ കള്ളക്കേസിൽ കുടുക്കുകയും മൃഗങ്ങളെപ്പോലെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ഭീകരതയ്ക്ക് അറുതിവരുത്താതെ നിവൃത്തിയില്ല. വനംവകുപ്പിലെ ഉന്നതരുൾപ്പെടെയുള്ളവരുടെ പരിസ്ഥിതിമൗലികവാദികളും ഭൂമാഫിയകളും തമ്മിലുള്ള ബന്ധങ്ങളും വനംവകുപ്പിലെ ജീവനക്കാരുടെ സാമ്പത്തിക സ്രോതസ്സുകളും അമ്പേഷണവിധേയമാക്കണം.

ജനപ്രതിനിധികളിലും കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. നിയമസഭകളിൽ നിയമങ്ങൾ നിർമ്മിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവരുടെ കർഷകവിരുദ്ധ അടവുനയം തിരുത്തണം. കാലഹരണപ്പെട്ട നിയമങ്ങളാണ് കർഷകരുടെമേൽ നിരന്തരം അടിച്ചേൽപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്കും വന്യമൃഗങ്ങൾക്കും ഇരകളായി ജീവിതകാലം മുഴുവൻ നിന്നുകൊടുക്കാനാവില്ലെന്നും മനുഷ്യജീവന് വിലകല്പിക്കാത്തവരെ നിയമങ്ങൾ ലംഘിച്ചു കർഷകർ നേരിടുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP