Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർനെറ്റിലും ഇനി മലയാളം ഒന്നാംപാഠം;മലയാളം മിഷൻ ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ ആദ്യഘട്ടം തയ്യാർ

ഇന്റർനെറ്റിലും ഇനി മലയാളം ഒന്നാംപാഠം;മലയാളം മിഷൻ ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ ആദ്യഘട്ടം തയ്യാർ

തിരുവനന്തപുരം : മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങൾ ശാസ്ത്രീയമായ തയാറാക്കി പൂർണമായും ഇന്റർനെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. മലയാളം മിഷൻ - മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ ആദ്യ ഘട്ടമാണ് ഭാഷയുടെ വളർച്ചയിലെ നിർണായക നാഴികക്കല്ലിട്ടിരിക്കുന്നത്. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയിൽ തയാറാക്കുന്ന കോഴ്‌സ് തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്.

മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കുന്ന ഏക ഓപ്പൺ ഓൺലൈൻ കോഴ്‌സുംകൂടിയാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്‌സ്.മലയാളഭാഷാജ്ഞാനം വിവിധ തലത്തിലുള്ള, വിവിധ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേർന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു.

ഇന്നത്തെ ഭാഷാപഠനം ക്ലാസ്‌റൂമുകളിൽ മാത്രം സംഭവിക്കുന്നതല്ല. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഷ്‌കരണങ്ങൾ ഉൾക്കൊള്ളുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്തുമാത്രമേ ഭാവിയുടെ ഭാഷാപഠനം സുസ്ഥിരമാകുകയുള്ളു. സാങ്കേതികവിദ്യാ-സാഹചര്യത്തിനു യോജ്യമായ പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമായ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) അഥവാ മൂക് എന്ന പഠനരീതിശാസ്ത്രത്തിലൂടെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കും, ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പഠിതാവിനും മലയാളം പഠിക്കാനാവുമെന്നും സുജ സൂസൻ ജോർജ്ജ് കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഭാഷാപഠനത്തിലെ പുതിയ ചുവടുവയ്‌പ്പിന്റെ ഉദ്ഘാടനം ബഹു. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലൻ നിർവഹിക്കും. തിരുവനന്തപരം പ്രസ് ക്ലബ് ടി.എൻ. ഗോപകുമാർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദ്യ ഘട്ടം കോഴ്‌സ് പാഠങ്ങളുടെ വീഡിയോ അവതരണവും ഉണ്ടായിരിക്കും. ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറിയും സി-ഡിറ്റ് ഡയറക്ടറുമായ ശ്രീ. എം. ശിവശങ്കർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കേരള സർവകലാകാല രജിസ്ട്രാർ ഡോ. സി. ആർ. പ്രസാദ് മലയാളഭാഷയും ഡിജിറ്റൽ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംസാരിക്കും. സംവിധായിക വിധു വിൻസെന്റ് സ്വാഗതവും മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ നന്ദിയും പറയും.

കേരള സർക്കാർ -സാംസ്‌കാരികകാര്യ വകുപ്പിനുകീഴിൽ കേരളത്തിനു പുറത്തെ ദേശങ്ങളിൽ മലയാളഭാഷാപഠനപ്രവർത്തന പ്രചാരണം നിർവഹിക്കുന്ന സ്ഥാപനമാണ് മലയാളം മിഷൻ. മലയാളം പഠനകേന്ദ്രങ്ങൾ മുഖാന്തരം നടത്തുന്ന പ്രതിവാര ക്ലാസുകളിലൂടെ നിർദിഷ്ഠ പാഠ്യപദ്ധതിപ്രകാരമാണ് മലയാളം മിഷൻ കോഴ്‌സുകൾ നടത്തുന്നത്. മലയാളം മിഷൻ നിലവിൽ പിന്തുടരുന്ന ഭാഷാപഠന പാഠ്യപദ്ധതിയിൽ നാല് കോഴ്‌സുകളാണുള്ളത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ മലയാളം ആദ്യപാഠം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള നിലവാരത്തിലെ കോഴ്‌സുകളാണ് പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ളത്. ആറ് മുതൽ അറുപതുവയസുവരെയുള്ള 25,000ൽ ഏറെ പഠിതാക്കൾ മലയാളം മിഷനുകീഴിൽ മലയാളഭാഷ പഠിക്കുന്നുണ്ട്.

രണ്ടാംതലമുറ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കിടയിലാണ് മലയാളം മിഷന്റെ പ്രധാന പ്രവർത്തനമേഖല. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികളും മലയാളം മിഷന്റെ നിലവിലെ പാഠ്യപദ്ധതിക്കുകീഴിൽ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളി സാന്നിധ്യം കുറഞ്ഞതും, സംഘടനാസംവിധാനം നിലവിലില്ലാത്തതുമായ പ്രദേശങ്ങളിലെ പഠിതാക്കൾ, പ്രവാസികളിൽ തന്നെ രണ്ടാം തലമുറ മലയാളികൾ ഭാഷ പഠിക്കാതിരിക്കുകയും, എന്നാൽ മൂന്നാം തലമുറ ഭാഷാപഠനത്തോട് പ്രതിപത്തി പുലർത്തുകയും ചെയ്യുന്ന ദേശങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, മലയാളികളല്ലെങ്കിലും ഭാഷാ-സാംസ്‌കാരിക താൽപ്പര്യങ്ങൾക്കായോ ഔദ്യോഗിക-യാത്രാസംബന്ധ ആവശ്യങ്ങൾക്കായോ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ, കേരളത്തിലെ തന്നെ മലയാളം പഠിക്കാത്ത സിബിഎസ്ഇ - കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികൾ തുടങ്ങിയവർ മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിലൂടെ ഭാഷാജ്ഞാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP