Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഭാഷയുടെ വേദിയിൽ മലയാളികളുടെ കൂട്ടായ്മ; ലോകമലയാളിയെ ഒന്നിപ്പിക്കാൻ ഭൂമിമലയാളം പദ്ധതിയുമായി മലയാളം മിഷൻ

ഭാഷയുടെ വേദിയിൽ മലയാളികളുടെ കൂട്ടായ്മ; ലോകമലയാളിയെ ഒന്നിപ്പിക്കാൻ ഭൂമിമലയാളം പദ്ധതിയുമായി മലയാളം മിഷൻ

തിരുവനന്തപുരം : ലോകത്തിന്റെ നാനാകോണിലും വ്യാപിച്ചുകിടക്കുന്ന മലയാളികളെ ഭാഷയുടെ വേദിയിൽ ഒന്നിച്ചുചേർക്കാനൊരുങ്ങി മലയാളം മിഷൻ. ഭൂമിമലയാളം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ലോകമലയാളഭൂപടം രചിക്കാൻ തയ്യാറെടുക്കുകയാണ് മിഷൻ. നവംബർ ഒന്നുമുതൽ നാലുവരെ ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളിൽ ലോകമലയാളദിനമായി ആചരിക്കും. 

കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രവാസികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് സാംസ്‌കാരികകാര്യ വകുപ്പു മന്ത്രി എ. കെ. ബാലൻ പറഞ്ഞു. സാംസ്‌കാരിക കേരളം അതിന്റെ ജനാധിപത്യ-നവോത്ഥാന മൂല്യങ്ങളോട് ബന്ധപ്പെട്ടുകിടക്കുന്നത് മാതൃഭാഷയായ മലയാളം വഴി കൂടിയാണ്. കേരളത്തിനു പുറത്തേക്ക് അതിജീവനത്തിനായി പ്രയാണം നടത്തിയ മലയാളി അവരുടെ സ്വത്വത്തെ തിരിച്ചുപിടിക്കുന്നതും തന്റെ ഭാഷയിലൂടെയാണ്. പ്രളയാനന്തര കേരളത്തിന്റെ അതിജീവനപ്പോരാട്ടത്തിലും ആ ഭാഷ നമ്മെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് നാം കൺുകഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ, സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മലയാളം മിഷൻ ഒരുക്കുന്ന സംരംഭമാണ് ഭൂമിമലയാളം പരിപാടി.

Stories you may Like

ഭൂപടത്തിന്റെ നാനാകോണിലും പടർന്നുകിടക്കുന്ന മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേർത്ത് ഭാഷയുടെ വേദിയിൽ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളം പദ്ധതി. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ ആപ്തവാക്യത്തെ അന്വർഥമാക്കി ലോകത്തെങ്ങുമുള്ള മലയാളികൾ ഭാഷാപ്രതിജ്ഞ ചൊല്ലുന്ന ലോകമലയാളദിനാചരണമാണ് ഭൂമിമലയാളം പദ്ധതിയുടെ പ്രധാന ഘടകം. വിവിധ ഭാഷാപ്രചാരണ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാനും, മലയാളഭാഷാപഠനപ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനും ഭൂമിമലയാളം ക്യാംപെയ്ൻ വഴി ഉദ്ദേശിക്കുന്നു.

ലോകമലയാളദിനാചരണത്തിനു ഔപചാരികമായി തുടക്കംകുറിച്ചുണ്ട് നവംബർ ഒന്നിനു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഭാഷാപ്രതിജ്ഞയിൽ പങ്കുചേരും. സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11നു നടക്കുന്ന ചടങ്ങിൽ ബഹു. സാംസ്‌കാരികകാര്യ വകുപ്പു മന്ത്രി അധ്യക്ഷത വഹിക്കും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, മലയാളം മിഷൻ ഭരണസമിതി അംഗങ്ങളായ സുഗതകുമാരി, വി. മധുസൂദനൻ നായർ, അശോകൻ ചെരുവിൽ, ശാരദക്കുട്ടി തുടങ്ങിയവരോടൊപ്പം ഭാഷാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ലോകത്തെങ്ങുമുള്ള എല്ലാ മലയാളികളും ലോകമലയാളദിനാചരണത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. വ്യക്തികൾക്കും കൂട്ടായും, സംഘടനാതലത്തിലോ, സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലോ ഭാഷാപ്രതിജ്ഞയിൽ പങ്കുചേരാം.

മലയാളികളുടെ പ്രിയ കവിയും പ്രവാസി മലയാളിയുമായ കെ. സച്ചിദാനന്ദനാണ് ഭൂമിമലയാളം പരിപാടിക്കായി ഭാഷാപ്രതിജ്ഞ തയ്യാറാക്കിയത്. ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി മലയാളഭാഷയുടെ വികാസപരിണാമങ്ങൾ സമഗ്രമായി ചർച്ചചെയ്യുന്ന ഒരു ഭാഷാസെമിനാർ ഒക്‌റ്റോബർ 24ന് വൈകിട്ട് നാലിന് കനകക്കുന്നിലെ പാലസ് ഹാളിൽ നടക്കും. സാംസ്‌കാരികമന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തും. നോർക്ക വൈസ് ചെയർമാൻ . കെ. വരദരാജൻ, പ്രവാസി ക്ഷേമകാര്യബോർഡ് ചെയർമാൻ പി. ടി. കുഞ്ഞുമുഹമ്മദ്, . എം. ജി. രാധാകൃഷ്ണൻ, പ്രഭാ വർമ,ശീ. പി. എം. മനോജ്, ആർ. പാർവതിദേവി, ശ്രീകല, ഭാഗ്യലക്ഷ്മി, . വേണു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ ഒന്നുമുതൽ നാലുവരെ ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളിൽ ലോകമലയാളദിനാചരണം, മലയാളിയുടെ ലോകഭൂപടം രചിക്കൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിനു മലയാളികളുടെ ഭാഷാപ്രതിജ്ഞ, വിവിധ മേഖലകളിലെ ആഗോളമലയാളി പ്രതിഭകളുടെ പങ്കാളിത്തം, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, തദ്ദേശിയമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികൾ, ഭാഷാചരിത്രപ്രദർശനം, ആഗോളതലത്തിൽ ഭാഷാപ്രചരണപ്രവർത്തനങ്ങൾ, മത്സരങ്ങൾ, മലയാളഭാഷാപഠന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കൽ തുടങ്ങിയ പരിപാടികൾ ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

മലയാളം മിഷന് നാലു ഭൂഖണ്ഡങ്ങളിലായി 15ഓളം വിദേശരാജ്യങ്ങളിലും, ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലുമായി ആയിരത്തിമുന്നൂറോളം പഠനകേന്ദ്രങ്ങളുണ്ട്. 25000 വിദ്യാർത്ഥികൾ മലയാളം മിഷന് കീഴിൽ മലയാള ഭാഷ പഠിക്കുന്നുണ്ട്. വിവിധ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. ഭൂമിമലയാളം ക്യാംപെയ്‌നിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതൽ ദേശങ്ങളിലേക്ക് ഭാഷാപഠന-പ്രചാരണ പ്രവർത്തനങ്ങൾ എത്തിക്കാൻ മലയാളം മിഷൻ തയ്യാറെടുക്കുകയാണ്.

ഈ സർക്കാർ വന്നശേഷം മലയാളം മിഷൻ മികച്ച പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ വിദേശ രാജ്യങ്ങളിലേക്കും കൂടുതൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മലയാളം മിഷന് ഘടനാപരമായ മാറ്റം വരുത്തി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ചാപ്റ്ററുകൾ രൂപീകരിച്ചു. മലയാളം മിഷൻ പഠനകേന്ദ്രങ്ങൾക്കുള്ള വാർഷിക ധനസഹായം 3000 രൂപയാക്കി വർധിപ്പിച്ചു. മുന്നൂറോളം പഠനകേന്ദ്രങ്ങളിൽ ലൈബ്രറികൾ ആരംഭിച്ചു. ഭാഷാപഠനത്തിലെ ഡിജിറ്റൽ സങ്കേതങ്ങളും നവമാധ്യമ സാധ്യതകളും പരമാവധി ഉപയോഗിക്കാനായി നയരൂപീകരണം നടത്തി. മലയാളം മിഷൻ പാഠ്യപദ്ധതിയെ സഹായിക്കാനായി പൂക്കാലം എന്ന വെബ്മാഗസിൻ ആരംഭിച്ചു. നവംബറിൽ മലയാളം മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് മലയാളം മിഷൻ ആരംഭിക്കും. ഭാഷാപഠനത്തിനായി ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ റേഡിയോ, വെബ് ചാനൽ തുടങ്ങിയ സാധ്യതകൾ മലയാളം മിഷൻ ഉപയോഗിക്കുന്നുണ്ട്..

വേർതിരിവിന്റെ എല്ലാ വേലിക്കെട്ടുകൾക്കും മുകളിൽ മലയാളികളെ തമ്മിൽ കോർത്തിണക്കുന്ന ഒന്നാണ് ഭാഷ. മത-ജാതി-ദേശ-ലിംഗഭേദമന്യേ, ഏതൊരു മലയാളിക്കും അവകാശപ്പെടാവുന്ന ഒന്നാണ് അവരുടെ ഭാഷാസ്വത്വം. മാതൃഭാഷയിലൂടെയാണ് നമ്മൾ കരുണയും, സ്‌നേഹവും, സമഭാവനയും സാഹോദര്യവും പഠിക്കുന്നത്. മലയാളഭാഷ പകർന്നുനൽകുന്ന അനുഭൂതി നവോത്ഥാന ഭൂതകാലത്തിന്റെയും പുരോഗമനാത്മക ഭാവികാലത്തിന്റെയുമാണ്. ഭാഷയുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് മലയാളിയുടെ കൂട്ടായ്മകളെ വികസിപ്പിക്കാനും അതിലൂടെ നാടിന്റെയും ലോകമാകെ പടർന്നുകിടക്കുന്ന മലയാളിസമൂഹത്തിന്റെയും ഉന്നമനത്തിനുമായാണ് സാംസ്‌കാരികകാര്യവകുപ്പ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്.

ഭൂമിമലയാളം പദ്ധതിയോട് അനുബന്ധിച്ച് മലയാളം മിഷനും സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേർന്ന് ഇന്ത്യയിലെ പത്തു മഹാനഗരങ്ങളിൽ ഇതേ പേരിൽ സാംസ്‌കാരിക ദൃശ്യയാത്രയും സംഘടിപ്പിക്കുന്നുണ്ട്. അതിജീവനത്തിന്റെയും നവകേരളത്തിന്റെയും സന്ദേശവുമായി മലയാളി കൂട്ടായ്മകളുടെ സംഘാടന സഹകരണത്തോടെയാണ് സാംസ്‌കാരിക ദൃശ്യയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഈ സാംസ്‌കാരിക കൂട്ടായ്മ കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് ശേഖരണവും നടത്തും. ഡൽഹി, മുംബൈ, പൂണെ, കൊൽക്കൊത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗലൂരു, ചെന്നൈ, പോണ്ടിച്ചേരി, ഗോവ തുടങ്ങിയ നഗരങ്ങളിലെ കലായാത്രയ്ക്കു ശേഷം കേരളത്തിലെത്തുന്ന സംഘം തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ അതുവരെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. വിദ്യാഭ്യാസ വകുപ്പുകൾ, ടൂറിസം വകുപ്പ്, നോർക്ക, ലോകകേരളസഭ, പ്രവാസി ക്ഷേമകാര്യ ബോർഡ് തുടങ്ങിയവയും പദ്ധതിയിൽ സാംസ്‌കാരിക വകുപ്പിന്റെ പങ്കാളികളാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി , റാണി ജോർജ്, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, പ്രമോദ് പയ്യന്നൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഭൂമിമലയാളം പരിപാടിയുടെ ലോഗോ പ്രകാശനവും ഔപചാരിക ഉദ്ഘാടനവും പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.bhoomimalayalam.org/ ന്റെ പ്രകാശനവും മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിച്ചു. ഇന്നുരാവിലെ (ഒക്‌റ്റോബർ 10, ബുധനാഴ്‌ച്ച) മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP