Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

റവന്യൂ രേഖകളിൽ തോട്ടം പുരയിടമാക്കി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കണം: ഇൻഫാം

റവന്യൂ രേഖകളിൽ തോട്ടം പുരയിടമാക്കി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കണം: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: പുരയിടങ്ങൾ തോട്ടങ്ങളായി റവന്യൂ രേഖകളിൽ തിരുത്തൽ നടത്തിയത് അന്വേഷണ വിധേയമാക്കണമെന്നും കൃത്രിമത്വം കാട്ടി കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടിയെടുത്ത് പുരയിടം പുനഃസ്ഥാപിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ പിഴവിനും കൃത്യവിലോപത്തിനും ജനങ്ങളെ ശിക്ഷിക്കുന്നതുകൊടുംക്രൂരതയാണ്. ഉദ്യോഗസ്ഥ വീഴ്ചയെ ന്യായീകരിക്കാതെ തിരുത്തലുകൾക്ക് തയ്യാറാകുകയാണ് വേണ്ടത്. കേരളത്തിലെ 1664 വില്ലേജുകളിൽ മറ്റൊരിടത്തുമില്ലാത്ത നിയമങ്ങളും നടപടിക്രമങ്ങളും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽ എങ്ങനെ വന്നുവെന്നതിൽ ദുരൂഹതയുണ്ട്. റവന്യൂ മാനുവലിൽ പുരയിടവും നിലവും മാത്രമേ ഇനമായിട്ടുള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ തോട്ടം എങ്ങനെ കേറിവന്നു? റവന്യൂ രജിസ്റ്ററുകൾ ആര്, എന്ത് അടിസ്ഥാനത്തിൽ തിരുത്തിയെന്നും ഈ താലൂക്കുകളിലെ ക്വാറികളും പാറമടകളും എങ്ങനെ പുരയിടമായെന്നും സർക്കാർ വ്യക്തമാക്കണം.

കോടതി വ്യവഹാരങ്ങളിലേയ്ക്ക് പോയി പ്രശ്നം സങ്കീർണ്ണമാക്കാതെ ഇപ്പോൾ സർക്കാരിന് പൂർവ്വസ്ഥിതി സ്ഥാപിക്കുക എന്ന ഒറ്റ ഉത്തരവിലൂടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. റീസർവ്വേ ഒഴിച്ചുള്ള തോട്ടം വിഷയത്തിൽ നിയമഭേദഗതിയിലൂടെ സാധൂകരണവുമാവാം. ഈ വിഷയത്തിൽ പോലും അടിസ്ഥാന നികുതി രജിസ്റ്ററിൽ തോട്ടം എന്നെഴുതുവാൻ പാടില്ലാത്തതാണ്.

എംഎൽഎമാർ 2018-ൽ നിയമസഭയിൽ പുരയിടം-തോട്ടം വിഷയത്തിൽ 4 തവണ സബ്മിഷൻ ഉന്നയിക്കുകയുണ്ടായി. എല്ലാം പരിഹരിക്കുമെന്ന് മന്ത്രി മറുപടിയും നൽകി. പക്ഷെ ഒന്നും സഭവിച്ചില്ലെന്നു മാത്രമല്ല 2019-2020 സാമ്പത്തിക വർഷം കരമടച്ചപ്പോൾ ലഭിച്ച രസീതിൽ അതുവരെയും പുരയിടമായിരുന്നവകൂടി തോട്ടമായി മാറി ജനങ്ങൾക്ക് ഇരുട്ടടി ലഭിച്ചു. 2019 ഏപ്രിൽ 1ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, റീസർവ്വേ അപാകതമൂലം പുരയിടങ്ങൾ തോട്ടമായി മാറിയ സാഹചര്യത്തിൽ സെറ്റിൽമെന്റ് രജിസ്റ്റർ പരിശോധിച്ച് തോട്ടമെന്ന് രേഖപ്പെടുത്തിയത് പുരയിടമെന്ന് തിരുത്തി നൽകിയശേഷം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടും നടപടികളില്ലാതെ തുടരുന്നതിൽ വൻ ദുരൂഹതയുണ്ട്. ഈ തിരുത്തലുകൾ നടത്തേണ്ടത് ജനങ്ങളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചല്ല. മറിച്ച് സർക്കാർ രേഖകളിൽ പുരയിടമെന്ന് പുനഃസ്ഥാപിച്ചാണ്. 2018 നവംബർ 24ന് കോട്ടയം ജില്ലാ കളക്ടർ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 11-06-2018ൽ റവന്യൂ മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തെത്തുടർന്നുള്ള വിശദീകരണക്കുറിപ്പിൽ ഒറിജിനൽ സർവ്വേ റിക്കാർഡായ സെറ്റിൽമെന്റ് രജിസ്റ്ററിൽ തോട്ടം എന്ന ഇനം രേഖപ്പെടുത്തിയിട്ടില്ലാത്തതും തോട്ടം എന്നത് ഭൂമിയുടെ ഇനം അല്ലാത്തതുമാണെന്ന് വ്യക്തമാക്കിയിട്ടും നടപടികളില്ല.

രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഈ ജനകീയവിഷയത്തിൽ മുഖംതിരിഞ്ഞു നിൽക്കുമ്പോഴാണ് സർക്കാർ ഇടപെടലിനുവേണ്ടി കർഷകർ പ്രക്ഷോഭത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭം രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയല്ല. മറിച്ച് ഏറെ നാളുകളായി 40,000-ത്തോളം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ വേണ്ടിയാണ്. ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം ജനകീയ സർക്കാരിനുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റിനും പിഴവിനും തങ്ങളെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പ് നൽകാൻ കർഷകർ നിർബന്ധിതരായിരിക്കുന്നു. നീതി കിട്ടുന്നതുവരെ ഈ പോരാട്ടം തുടരും. വില്ലേജ് താലൂക്ക് ഓഫീസുകളും കളക്റ്റ്രേറ്റുകളും നിരന്തരം കയറ്റിയിറക്കി കർഷകരുടെ ക്ഷമാശീലം പരിശോധിക്കുന്നതിന് ഒരു പരിധിയുണ്ട്. സർക്കാർ സംവിധാനത്തിലെ ചിലർക്ക് പറ്റിയ തെറ്റ് സർക്കാർ രേഖകളിൽ തിരുത്തലുകൾ വരുത്തി അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP