Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായലിന് കൃതിയെ പിരിയാൻ മടി, കര പറഞ്ഞു അടുത്ത വർഷവും കൃതി വരുമല്ലോയെന്ന്;കൊച്ചി മറൈൻ ഡ്രൈവിൽ അടുത്ത കൃതി 2020 ഫെബ്രുവരി 6 മുതൽ 16വരെ

കായലിന് കൃതിയെ പിരിയാൻ മടി, കര പറഞ്ഞു അടുത്ത വർഷവും കൃതി വരുമല്ലോയെന്ന്;കൊച്ചി മറൈൻ ഡ്രൈവിൽ അടുത്ത കൃതി 2020 ഫെബ്രുവരി 6 മുതൽ 16വരെ

കൊച്ചി: ഏഷ്യയിലെ വൻകിട പുസ്തകമേളകളുടെ ഭൂപടത്തിൽ കൊച്ചിക്കും ഇടം നൽകിയ കൃതി അന്താരാഷ്ട്ര പുസത്കമേളയുടേയും വിജ്ഞാനോത്സവവത്തിന്റേയും രണ്ടാം പതിപ്പിന് തിരശ്ശീല വീണു. പ്രളയക്കെടുതികളിൽ നിന്ന് പൂർണമായും കര കയറും മുമ്പേ വന്നിട്ടും കൃതിയെ വൻവിജയമാക്കിയ കേരളത്തിലെ പുസ്തകപ്രേമികളായ ജനങ്ങളോടും സഹകരണപ്രസ്ഥാനത്തോടും പ്രസാധകരോടും കൃതിക്ക് പിന്തുണ നൽകിയ സാംസ്‌കാരിക, വിദ്യാഭ്യാസ, കോർപ്പറേറ്റ് സ്ഥാപനങ്ങളോടും എല്ലാറ്റിനുമുപരിയായി കൃതിയെ വലിയൊരു സാംസ്‌കാരിക ഉത്സവമാക്കിയ വിദ്യാർത്ഥികളോടും സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ നന്ദി പറഞ്ഞു. കൃതിയുടെ മൂന്നാം പതിപ്പ് കൊച്ചിയിൽ 2020 ഫെബ്രുവരി 6 മുതൽ 16 വരെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'രണ്ടു വർഷം കൊണ്ട് കൃതി ഒരു വികാരമായിരിക്കുകയാണ്. വലിയ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങൾ കൃതിയെ ഏറ്റെടുത്തത്. വർഗീയത വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് മതേതരമായ ഈ സാംസ്‌കാരിക സമാഗമം കേരളത്തിന്റെ പുനർനിർമ്മാണത്തിൽ ഏറെ നിർണായകമായി. പ്രളയത്തിൽ തകർന്ന ഭൗതികസമ്പത്തുക്കൾക്കൊപ്പം കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും തിരിച്ചു പിടിക്കുന്നതിനു ലക്ഷ്യമിട്ട് നൽകിയ 'ഭാവിയിലേയ്ക്കൊരു മടക്കയാത്ര' എന്ന ഇതിവൃത്തവും ഇതോടെ സാർത്ഥകമായെന്ന് മന്ത്രി പറഞ്ഞു. അതിനൊപ്പം ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്ന കേരളത്തിലെ പുസ്തക പ്രസാധന-വിതരണ വിപണിക്കും വലിയ ഉണർവാണ് കൃതി നൽകിയതെന്നും മന്ത്രി പറഞ്ഞു. 248 സ്റ്റാളുകളിലായി 136 വൻകിട, ഇടത്തരം, ചെറുകിട പ്രസാധകർ പങ്കെടുത്ത കൃതിയുടെ കേരളത്തിലെ ഇത്തരത്തിൽപ്പെട്ട എക്കാലത്തെയും ഏറ്റവും വലിയ പുസ്തകമേളയായി.

പുസ്തകമേളയുടെ ഭാഗമായി നടത്തിയ വിജ്ഞാനോത്സവമായിരുന്നു കൃതിയുടെ മറ്റൊരു സവിശേഷത. 175-ലേറെ എഴുത്തുകാരും വിഷയ വിദഗ്ധരും പങ്കെടുത്ത എഴുപതിലേറെ സെഷനുകൾ സാഹിത്യത്തിനൊപ്പം വൈജ്ഞാനിക വിഷയങ്ങൾക്കും പ്രാധാന്യം നൽകി. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിലൂന്നി കേരളം 2.0നുള്ള ആശയങ്ങൾക്കായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനമേഖല എന്നീ നാല് വിഭാഗങ്ങളിലായാണ് സെഷനുകൾ വിന്യസിച്ചത്. രണ്ടാം പതിപ്പിന്റെ പങ്കാളി സംസ്ഥാനമായ തമിഴ്‌നാടുമായി ബന്ധപ്പെട്ട പരിപാടികളും സെഷനുകളും ഇവയ്ക്കൊപ്പം ശ്രദ്ധേയമായി. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ വനിതാഇതിവൃത്തങ്ങളിലൊന്നായ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാർഷികവും കൃതി 2019-ന്റെ ഉപഇതിവൃത്തങ്ങളിലൊന്നായി. പത്ത് ദിവസവും സന്ധ്യയ്ക്ക് അരങ്ങേറിയ ഉന്നത നിലവാരമുള്ള കലാപരിപാടികളും കൃതിയെ സമ്പന്നമാക്കി.

കേരളം ആധുനികതയിൽനിന്ന് തെന്നിമാറിയെന്ന് എൻ. എസ് മാധവൻ

കൊച്ചി: കേരളം ആധുനികതയിൽനിന്ന് തെന്നിമാറിയ അവസ്ഥയിലാണ് ഇപ്പോഴെന്ന് പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവൻ. ആധുനികത നഷ്ടപ്പെടുന്നു എന്നാണ് ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ പറ്റുന്നത്. നവോത്ഥാനം എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. സ്ത്രീകളുടെ സാമൂഹിക സ്ഥിതി മാറ്റുക, എല്ലാവർക്കും വിദ്യാഭ്യാസം മാറ്റുക എന്നിവ നവോത്ഥാനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ഇന്ന് സ്ത്രീകളെ ചിലയിടങ്ങളിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയമുണ്ട്. നിലവിലെ സാമൂഹിക സാഹചര്യങ്ങളെ വലതുപക്ഷ കക്ഷികൾ മുതലെടുക്കുകയാണ്. അതിനെതിരേ ജാഗ്രത പുലർത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെടുകയാണെന്നും എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. കൃതി വിജ്ഞാനോൽസവത്തിൽ വായന, സംസ്‌കാരം, രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലത്ത് ചുല്യാറ്റിന് തിരുത്ത് സാധ്യമാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് എൻഎസ് മാധവൻ പറഞ്ഞു. മാധ്യമവ്യവസായത്തിൽ കോർപറേറ്റ് താൽപര്യങ്ങൾക്ക് പ്രാധാന്യം വന്നു. അതുപ്രകാരം തർക്കമന്ദിരം തകർന്നു എന്ന തലക്കെട്ടിനാണ് വിപണി മൂല്യമെങ്കിൽ എഡിറ്റർ തിരുത്തിയാലും ഉടമകൾ അത് സമ്മതിക്കില്ല. മാധ്യമങ്ങളിൽ എഡിറ്റർമാർക്കുള്ള പ്രാധാന്യം പോലും നഷ്ടപ്പെടുകയാണ്.

ഇന്ന് ദേശീയ ടെലിവിഷൻ ചാനലുകളിൽ മൂന്നെണ്ണം സംഘപരിവാരിന് അനുകൂലമാണ്. ദേശീയ തലത്തിൽ അച്ചടി മാധ്യമങ്ങളാണ് ഭേദം. എന്നാൽ കേരളത്തിൽ ടെലിവിഷൻ ചാനലുകളാണ് രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിൽ പത്രങ്ങളേക്കാൾ മെച്ചപ്പെട്ടത്. സത്യം വിളിച്ചു പറയുന്ന അവതാരകർ മലയാളം വാർത്താ ചാനലുകളിലുണ്ടെന്നത് അഭിമാനകരമാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ട ശേഷമാണ് രാഹുൽ ഗാന്ധിയുടെ വാർത്തകൾ ഒന്നാം പേജിൽ നൽകാൻ അച്ചടി മാധ്യമങ്ങൾ തയ്യാറായത്. സമൂഹ മാധ്യമങ്ങൾ പോലും ഭരണകൂടത്തിന്റെ സമ്മർദ്ദത്തിലാണ്. എന്നാലും സമൂഹ മാധ്യമങ്ങൾ എല്ലാവർക്കും അഭിപ്രായം പറയാനുള്ള ഇടം ആയി നിലനിൽക്കുന്നു.പത്രങ്ങൾ അടച്ചുപൂട്ടുന്ന കാലമാണിത്. എന്നാലും അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്.

ഓൺലൈൻ വഴി വാർത്തകൾ അറിയുന്ന ഈ കാലത്ത് വാർത്തകൾക്കുള്ള പ്രതികരണങ്ങളും ഉടനടി വായനക്കാരിൽനിന്നുണ്ടാവുന്നു. സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. ഫേക് ന്യൂസ് പ്രചരിപ്പിക്കുന്ന കൂലിത്തൊഴിലാളികളുമുണ്ട്. ഒരു ട്വീറ്റിന് 10 രൂപ എന്നതുപോലുള്ളനിരക്കിൽ അവർക്ക് പണം ലഭിക്കുന്നു. ഫേക് ന്യൂസുകൾക്ക് കിട്ടുന്ന പ്രാധാന്യം അവ തിരുത്തുന്ന വാർത്തകൾക്ക് ലഭിക്കുന്നില്ലെന്നും എൻഎസ് മാധവൻ പറഞ്ഞു.

വോട്ട് ബാങ്ക് നഷ്ടപ്പെടരുതെന്ന് കരുതി കോൺഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികൾ സാമ്പത്തിക സംവരണ നീക്കത്തെ അനുകൂലിച്ചു. അത് പ്രതിപക്ഷ കക്ഷകളുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും എൻ എസ് മാധവൻ പറഞ്ഞു.

കേരളത്തിന്റെ വായനാസംസ്‌ക്കാരത്തിൽ രണ്ടു വർഷം കൊണ്ട് കൃതി വലിയ മാറ്റമുണ്ടാക്കിയെന്ന് രവി ഡിസി

അഞ്ചു നഗരങ്ങളിലേയ്ക്ക് കൃതി വ്യാപിപ്പിക്കണമെന്നും രവി ഡിസി

കൊച്ചി: കേരളത്തിന്റെ വായനാസംസ്‌ക്കാരത്തിൽ രണ്ടു വർഷം കൊണ്ട് കൃതി വലിയ മാറ്റമുണ്ടാക്കിയെന്ന് പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് എംഡി രവി ഡിസി പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റം മെട്രോ റെയിലല്ല, കൃതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനു മാത്രമാണ് ഇത്ര മികച്ച രീതിയിൽ ഇത് സംഘടിപ്പിക്കാനാവുകയുള്ളു. കൃതിയുടെ സംഘാടനത്തിൽ സഹകരണവകുപ്പു മന്ത്രിയേയും സർക്കാരിനേയും അഭിനന്ദിച്ച രവി കേരളത്തിലെ അഞ്ചു നഗരങ്ങളിലേയ്ക്ക് കൃതി വ്യാപിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. ഇത്ര വലിയ ജനപങ്കാളിത്തം വലിയ നേട്ടമാണെന്നും വിദ്യാർത്ഥികൾക്ക് കൂപ്പണുകളിലൂടെ പുസ്തകങ്ങൾ നൽകിയ രീതിയും ഏറെ മികച്ചതായെന്നും രവി ഡിസി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളും ശീതികരിച്ച പ്രദർശനനഗരി ഒരുക്കിയതും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ സമയമെടുത്ത് പുസ്തകങ്ങൾ മറിച്ചു നോക്കി വാങ്ങാൻ സഹായമായി.

വിവേചനത്തെ കുറ്റകൃത്യമായി കാണുന്നതിനു പകരം ധർമമായി കരുതുന്ന നാടാണ് ഇന്ത്യയെന്ന് സണ്ണി എം. കപിക്കാട്

കൊച്ചി: സാമൂഹ്യ വിഭജനം സംബന്ധിച്ച ഇന്ത്യൻ സങ്കൽപം വിമർശനവിധേയമാക്കണമെന്ന് പ്രമുഖ ചിന്തകൻ സണ്ണി എം കപിക്കാട്. കൃതിയിൽ സാമൂഹിക വിഭജനത്തിന്റെ നീതിശാസ്ത്രം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഇഎൻ കുഞ്ഞഹമ്മദ്, ഡോക്ടർ ആസാദ്, വികെ പ്രസാദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സാമൂഹ്യ വിഭജനങ്ങളുടെ നീതിശാസ്ത്രം, അതാണ് ഇന്ത്യൻ നീതിശാസ്ത്രമെന്ന് സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു. മനുഷ്യരെ ജന്മംകൊണ്ട് തുല്യരല്ലെന്ന് വിധിക്കുന്ന കാഴ്ചപ്പാട് നിലനിൽക്കുന്നു. വിഭജനങ്ങൾ ദൈവദത്തമാണെന്നും പരിപാവനമാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടതാണുമെന്നാണ് ഇന്ത്യൻ സങ്കൽപം. വിഭജനങ്ങളെ ശ്രേണികളായി നിലനിർത്തുകയാണ്. അസമത്വമല്ല അസമത്വങ്ങളുടെ ശ്രേണീവൽക്കരണമാണ് ഇന്ത്യയിലെ പ്രശ്നം. അതിനാൽ കേവല സമത്വവാദത്തിന് ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. ഇന്ത്യയിൽ അസമത്വത്തെ ന്യായീകരിക്കുന്ന വ്യവഹാരമണ്ഡലമുണ്ടെന്നതാണ് പ്രശ്നം. അത്തരം ബോധത്തിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ സാമാന്യവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. ജാതി കൊലപാതകങ്ങൾ നടത്തിയവരെ വരെ ആദരിക്കുന്ന സംസ്‌കാരം ഇന്ത്യയിലുണ്ട്. ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് ഈ പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു. ഇന്ത്യയിലെ സാമൂഹിക വിമർശനത്തിന്റെ കാതലാണ് ഹിന്ദുത്വ വിമർശനം. സാമൂഹിക കുറ്റകൃത്യമായല്ല ധർമമായി വിവേചനങ്ങളെ കാണുന്ന മനോഭാവമുണ്ട്. ബ്രാഹ്മണ്യം സാമൂഹിക വിവേചനങ്ങളെ ഭദ്രമായി നിലനിർത്തുന്നു. അസമത്വത്തിന്റെ നീതിശാസ്ത്രമെന്നാണ് ബ്രാഹ്മണ്യത്തെക്കുറിച്ച് അംബേദ്കർ പറഞ്ഞതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

ജാതിമേൽക്കോയ്മയെ ചോദ്യം ചെയ്യാതിരിക്കുന്നത് വരെ മാത്രമാണ് ഇന്ത്യയിൽ ബഹുസ്വരത അംഗീകരിക്കപ്പെടുന്നതെന്ന് കെഇഎൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജാതി മേൽക്കോയ്മയെ ചോദ്യം ചെയ്യുമ്പോൾ ബഹുസ്വരത തിരസ്‌കരിക്കപ്പെടുന്നു. പ്രയോഗത്തിൽ എത്തുമ്പോൾ നാനാത്വവും ബഹുസ്വരതയും അംഗീകരിക്കപ്പെടുന്നില്ല. ഇന്ത്യയിലെ സാമൂഹിക വിഭജനം മറ്റിടങ്ങളിലേതിന് സമാനമല്ല. വിഭജനത്തെ സ്വാഭാവികമായി സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് ഇവിടുള്ളത്. വിവേചനങ്ങളെ അനുകൂലിക്കുന്ന മാനസികാവസ്ഥ വളരുന്ന സാഹചര്യമുണ്ട്. ബഹുസ്വരതാ വാദികൾ എന്നു പറയുന്നവർ പോലും പ്രായോഗിക തലത്തിൽ അങ്ങനല്ലാതിരിക്കുന്നു. അഭിവാദ്യമായി സലാം പറയുന്നത് കേൾക്കുമ്പോൾ പ്രശ്നം തോന്നുന്ന ബഹുസ്വരതാ വാദികളുണ്ട്. മതപരിവർത്തനത്തെ അനുകൂലിക്കുന്നു എന്നു പറയുന്നവർ മതപരിവർത്തനം വീട്ടുപടിക്കൽ എത്തുമ്പോൾ അതിനെ ആട്ടിയോടിക്കുന്നു. വിഭജനങ്ങൾ സ്വാഭാവികമായി സ്വീകരിക്കപ്പെടുന്നു. ജാതി ഒരു ഭീകര സ്ഥാപനമാണ്. ജാതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരു സ്ഥാപനം എന്ന നിലയിൽ ജാതിയെ സ്വാംശീകരിച്ചിരിക്കുന്നുവെന്നും കെഇൻ പറഞ്ഞു.

വേദികളിൽ വിപ്ലവകാരികളായവർ വീടുകളിൽ പൂജകരാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് ഡോ. ആസാദ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP