Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ ലിയോൺ താരം ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

മുൻ ലിയോൺ താരം ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രതിരോധ വിഭാഗത്തിന് കൂടുതൽ കരുത്തും ഗാംഭീര്യവും നൽകി മുൻ ഒളിമ്പിക് ലിയോൺ താരം ബക്കാരി കോനെയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി) പ്രഖ്യാപിച്ചു. ആഫ്രിക്കൻ ഫുട്ബോൾ വമ്പന്മാരായ ഘാന, ഐവറികോസ്റ്റ് എന്നിവരുമായി അതിർത്തി പങ്കിടുന്ന, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലെ വഗദൂഗയിലാണ് 32കാരൻ ജനിച്ചത്. 2004ൽ സിഎഫ്ടിപികെ അബിജാനിൽ നിന്ന് ജന്മനാട്ടിലെ ക്ലബായ എറ്റോൽ ഫിലാന്റെയുടെ യൂത്ത് ടീമിൽ ചേർന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്ബോൾ കരിയർ തുടങ്ങിയത്. യൂത്ത് ടീമിനൊപ്പമുള്ള ശ്രദ്ധേയമായ സീസൺ, യുവ പ്രതിരോധക്കാരന് 2005-06 സീസണിൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി. ക്ലബ്ബിനായി 27 മത്സരങ്ങൾ കളിച്ച താരം തന്റെ ആദ്യ പ്രൊഫഷണൽ ഗോളും സ്വന്തമാക്കി. ഫ്രഞ്ച് കളി നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഫ്രാൻസിലെത്തി ലീഗ് 2 ക്ലബ്ബായ ഗ്വിങ്ഗാമ്പിനൊപ്പം ചേർന്നു. റിസർവ് ടീമിനൊപ്പമായിരുന്നു ആദ്യ രണ്ടുവർഷം. ഗെയിം മെച്ചപ്പെടുത്തിയതും ഇവിടെ തന്നെ. തുടർന്ന് 2008ൽ തന്നെ ആദ്യ ടീമിലേക്ക് വിളിയെത്തി. മൂന്നു വർഷം കൂടി ക്ലബ്ബിനൊപ്പം നിന്ന് 2009ൽ ഫ്രഞ്ച് കപ്പും നേടി.

2011ലാണ് പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണിൽ ചേർന്നത്. ഫ്രഞ്ച് ഫുട്ബോളിലെ ടോപ് ഡിവിഷൻ ക്ലബ്ബിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ മികവുറ്റ സ്*!*!*!്രൈടക്കർമാരായ സ്ലാറ്റാൻ ഇബ്രാഹിമോവിച്ച്, എഡിൻസൺ കവാനി എന്നിവർക്കെതിരായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. 2011 മുതൽ 2016 വരെയുള്ള കോനെയുടെ അഞ്ചു വർഷക്കാലത്തിനിടയിൽ ലെസ് ഗോൺസ് 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പർ കപ്പും നേടി. 2014-15, 2015-16 സീസണുകളിൽ ക്ലബ്ബ്, ലീഗ് 1 റണ്ണറപ്പാവുകയും ചെയ്തു. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെ എല്ലാ ചാമ്പ്യൻഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ടുകെട്ടിയത്.

കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതിലും ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിലും താൻ വളരെ ആവേശത്തിലാണെന്ന് ബക്കാരി കോനെ പറഞ്ഞു. (നിക്കോളാസ്) അനെൽകയിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, വളരെ നല്ല കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഐഎസ്എലിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് അറിയാം, ഓരോ തവണ കളത്തിലിറങ്ങുമ്പോഴും നൂറുശതമാനം തന്റെ ക്ലബിന് സമർപ്പിക്കാൻ എനിക്കിത് പ്രചോദനമാവും. ഗോവയിൽ സഹതാരങ്ങൾക്കും കോച്ചിങ് സ്റ്റാഫുകൾക്കുമൊപ്പം ചേരാൻ കാത്തിരിക്കാനാവുന്നില്ല-ഗോവയിൽ ഉടൻ തന്നെ പ്രീസീസൺ പരിശീലനത്തിനായി കെബിഎഫ്സി ടീമിനൊപ്പം ചേരുന്ന ബക്കാരി കോനെ പറഞ്ഞു.

ലിയോണിൽ നിന്ന് മലാഗയിലെത്തിയ താരം കുറഞ്ഞകാലം ലാലിഗയിലുണ്ടായിരുന്നു. പിന്നീട് ലോണിൽ ലീഗ് 1 ക്ലബ്ബായ സ്ട്രാസ്ബർഗിനൊപ്പം ചേർന്നു. ഇവിടെ പിഎസ്ജിയുടെ ശക്തരായ ഡിമരിയ, നെയ്മർ, കിലിയൻ എംബാപ്പെ എന്നീ മൂവർസംഘത്തിനെതിരെയും കളിച്ചു. കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനായുള്ള ഇന്ത്യയിലേക്കുള്ള വരവിന് മുമ്പ് കഴിഞ്ഞ രണ്ട് സീസണുകളിൽ തുർക്കിയിലും റഷ്യയിലുമായിരുന്നു. 19ാം വയസിലാണ് ബുർകിനഫാസോ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. 2014ൽ അംഗോളക്കെതിരായ ആഫ്രിക്കൻ നാഷണൽ കപ്പ് യോഗ്യതാ മത്സരത്തിൽ ദേശീയ ടീമിന്റെ നായകനായി. 81 മത്സരങ്ങളിൽ രാജ്യത്തിന്റെ ജഴ്സി അണിഞ്ഞ കോനെ നിലവിൽ രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ്.

മുൻനിര യൂറോപ്യൻ ലീഗുകളിലെ പ്രശസ്തമായ ക്ലബ്ബുകൾക്കായി കളിച്ച കോനെ ശ്രദ്ധേയമായ പരിചയവും വൈദഗ്ധ്യവുമുള്ള കളിക്കാരനാണെന്നും, താരത്തിന്റെ സാന്നിധ്യം ഈ സീസണിൽ ടീമിന്റെ പ്രതിരോധ പടുത്തുയർത്തൽ മെച്ചപ്പെടുത്തുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. വേഗത്തിൽ സംഘടിക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ മികവ് ലീഗിലെ മികച്ച സ്ഥാനങ്ങൾക്കായി പോരാടുന്നതിനും ടീമിനെ സഹായിക്കും. താരത്തിന്റെ കഴിവിനെകുറിച്ചും അദ്ദേഹം ടീമിന് ചേർക്കുന്ന വൈദഗ്ധ്യത്തെ കുറിച്ചും സംശയമേതുമില്ല-കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP