Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈസ്തവ സഭയുടെ സമഗ്രസംഭാവനകൾ നാടിന്റെ വളർച്ചയ്ക്ക് ശക്തിപകരുന്നു: മാർ മാത്യു അറയ്ക്കൽ

ക്രൈസ്തവ സഭയുടെ സമഗ്രസംഭാവനകൾ  നാടിന്റെ വളർച്ചയ്ക്ക് ശക്തിപകരുന്നു: മാർ മാത്യു അറയ്ക്കൽ

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളർച്ചയ്ക്കും വഴിയൊരുക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ മാത്യു അറയ്ക്കൽ.

കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ച് കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പഠനപ്രതികരണ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.

സഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണ്. അങ്ങനെയുള്ളവരോടും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമീപനമായിരിക്കും സഭയുടേത്. ന്യൂനപക്ഷ അവകാശങ്ങൾ ഭരണഘടനയിലൂടെ ലഭ്യമാകുന്നതാണ്. ഈ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും സാധിക്കില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും അർഹിക്കുന്ന നീതി ലഭിക്കണം. ക്രൈസ്തവരെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ നിന്ന് മാറ്റിനിർത്തുന്നത് ശരിയായ നടപടിയല്ല. ഇന്ത്യയിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നു. ഈ ഇടപെടൽ തുടരണമെന്നും മാർ മാത്യു അറയ്ക്കൽ അഭ്യർത്ഥിച്ചു.

മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ അഡ്വ.ജോർജ് കുര്യൻ മുഖ്യാഥിതിയായി ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചു. അവകാശങ്ങൾക്കുവേണ്ടി ഉറച്ച നിലപാടെടുക്കുവാൻ ക്രൈസ്തവ വിശ്വാസികൾക്ക് കഴിയണം. കുടുംബങ്ങളിൽ ജാഗ്രത പുലർത്തുകയും പ്രതികരിക്കേണ്ട വിഷയങ്ങളിൽ ഉറച്ച നിലപാടുകളെടുത്ത് അപ്പോൾതന്നെ പ്രതികരിക്കുവാനുള്ള ആർജ്ജവമുണ്ടായിരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിബിസിഐ ലെയ്റ്റികൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ചർച്ചകൾക്ക് മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രൊഫ.റൂബിൾരാജ് ക്ലാസ് നയിച്ചു.

കോർപ്പറേറ്റ് മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ, അമൽജ്യോതി കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട്, പാസ്റ്ററൽ കൗൺസിൽ വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി പ്രെഫ.ബിനോ പി.ജോസ് എന്നിവർ സംസാരിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജർമാർ, പ്രിൻസിപ്പൽമാർ, ഹെഡ്‌മാസ്റ്റർമാർ, പാസ്റ്ററൽ കൗൺസിൽ വിദ്യാഭ്യാസ കമ്മീഷൻ അംഗങ്ങൾ, വിദ്യാഭ്യാസ ന്യൂനപക്ഷ പ്രവർത്തനമേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ച് കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പഠനപ്രതികരണ ശിബിരം മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. അമൽജ്യോതി കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട്, സിബിസിഐ ലെയ്റ്റികൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ അഡ്വ.ജോർജ് കുര്യൻ, കോർപ്പറേറ്റ് മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ, പാസ്റ്ററൽ കൗൺസിൽ വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി പ്രെഫ.ബിനോ പി.ജോസ് എന്നിവർ സമീപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP