Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗരസഭയായിട്ടും ഇരിട്ടിയിൽ ഒരു കംഫേർട്ട് സ്റ്റേഷനില്ല; ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ജനങ്ങളുടെ മുറവിളി; പ്രതിഷേധം പലതവണ അറിയിച്ചിട്ടും നഗരസഭ മൗനത്തിൽ

നഗരസഭയായിട്ടും ഇരിട്ടിയിൽ ഒരു കംഫേർട്ട് സ്റ്റേഷനില്ല; ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ജനങ്ങളുടെ മുറവിളി; പ്രതിഷേധം പലതവണ അറിയിച്ചിട്ടും നഗരസഭ മൗനത്തിൽ

കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗര സഭയിൽ ഒരു കംഫേർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാവുന്നു. മലയോര മേഖലയുടെ വ്യാപാര സിരാകേന്ദ്രമായിട്ടും നഗരസഭ യാതൊരു പ്രവർത്തനങ്ങളും നടത്താത്തിനാൽ 'നമ്മുടെ ഇരിട്ടി' എന്ന ഫേസ് ബുക്ക് കൂട്ടായ്മയിലൂടെയാണ് ജനങ്ങൾ ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളും ഈ ആവശ്യം ഏറ്റെടുത്തതോടെ നഗരസഭയും സമ്മർദ്ദത്തിലാവുകയാണ്.

കൊട്ടിയൂർ വഴി വയനാട് നിന്നും, കൂട്ടുപുഴ വഴി ബാംഗ്ലൂരിൽ നിന്നും കാലാങ്കി, ഇരിക്കൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ജനങ്ങളുടെ സംഗമ നഗരമാണ് ഇരിട്ടി. ഇവിടെ നിന്നും തിരിച്ചും രാത്രി കാല ബസ് സർവീസുകൾ മറ്റ് ജില്ലകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നിറയെ യാത്രക്കാരുമായി കടന്ന് പോകുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സാർത്ഥവും വ്യാപാര - വ്യവഹാര ആവശൃങ്ങൾക്കുമായി ദിനംപ്രതി ആയിരക്കണക്കിന് കുട്ടികളും രോഗികളും വയോധികരും യാത്രക്കാരുമായി ഇരിട്ടിയിൽ എത്തിച്ചേരുന്നത്.

മാത്രമല്ല, ദീർഘദൂര രാത്രി യാത്രക്കാരുടെ ഇടത്താവളമായ ഇരിട്ടി മെയിൻ റോഡ് - പഴയ ബസ് സ്റ്റാന്റ് പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന സുരക്ഷിതമായ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലും ഇല്ലെന്നാണ് ഫേസ്‌ബുക്ക് കൂട്ടായ്മ വ്യക്തമാക്കുന്നത്. രാത്രി കാലങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് സുരക്ഷിതമേകിയിരുന്ന ഒരു പൊലീസ് എയിഡ് പോസ്റ്റ് മുൻപ് കീഴുർ-ചാവശ്ശേരി പഞ്ചായത്തിന്റെ കീഴിലായിരുന്ന വേളയിൽ പൊളിച്ച് നീക്കിയിരുന്നു. ബസ് സ്റ്റാന്റിന് വേണ്ടി ലഭിച്ച സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിതും ബാക്കി സ്ഥലത്ത് സ്റ്റേഡിയം നിർമ്മിച്ചും പഞ്ചായത്ത് ഇരിട്ടി പട്ടണത്തിന് മോടികൂട്ടിയപ്പോൾ ആവശ്യമായ പാർക്കിങ് സൗകര്യവും ടോയ്‌ലറ്റ് സൗകര്യവുമൊരുക്കാതെ പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചു.

പട്ടണത്തിലെത്തുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിൽ പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. പിന്നീട് കീഴൂർ ചാവശ്ശേരി പഞ്ചായത്തിനെ ഇരിട്ടി നഗരസഭയായി ഉയർത്തിയപ്പോൾ ജനങ്ങൾ വളരെ സന്തോഷപൂർവ്വമാണ് സ്വാഗതം ചെയ്തത്. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച അവസ്ഥയാണ് ഇപ്പോൾ. മലയോര വ്യാപാര സിരാ കേന്ദ്രമാണ് ഇരിട്ടി പട്ടണം എന്ന് മാത്രമല്ല 40 കിലോമീറ്ററോളം ചുറ്റളവിലുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ്. ആയതിനാൽ തന്നെ ഈ പട്ടണത്തിന്റെ വളർച്ച ദ്രുത ഗതിയിൽ ആയിരുന്നു.

കീഴൂർ-ചാവശ്ശേരി പഞ്ചായത്തിന് കീഴിലെ ഇരിട്ടി പട്ടണം അനുദിനം വളരുന്നതിന് അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. ടാക്‌സികൾക്കും ഓട്ടോറിക്ഷകൾക്കും പുറമേ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കൂടി ദിവസേന പട്ടണത്തിലെത്താൻ തുടങ്ങിയതോടെ ഇരിട്ടി പട്ടണം ഗതാഗതക്കുരുക്കിൽ പെടുകയും പാർക്കിംഗില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നത് നിത്യസംഭവമായി. 2009 കാലഘട്ടത്തിൽ കാൽനട യാത്രക്കാർ വരെ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ വ്യാപാര വ്യാവസായി, വിവിധ സംഘടനകൾ തുടങ്ങിയ വിവിധ കോണുകളിൽ നിന്നും പാർക്കിംഗിനായി മുറവിളി ഉയർന്നു.

ഈ അവസരത്തിലാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണവുമായി രംഗത്തെത്തുന്നത്. കേരളാ പഞ്ചായത്തീരാജ് പ്രകാരം പുതിയ കെട്ടിട നിർമ്മാണം നടത്തുമ്പോൾ അവശ്യമായ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണത്തിന് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പഴയ ബസ് സ്റ്റാന്റായിരുന്നു. ഈ സ്ഥലമാകട്ടെ ബസ് സ്റ്റാന്റ് നിർമ്മാണത്തിന് സ്വകാര്യ വ്യക്തി ദാനം നൽകിയത് എന്ന് മാത്രമല്ല ഇരിട്ടി മെയിൻ റോഡിൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, അന്തർ സംസ്ഥാന യാത്രക്കാരുടെ ഇടത്താവളമായ പ്രദേശവും. ഇവിടെ യാതൊരു വിധ പാർക്കിങ് സ്‌പെയിസും പഞ്ചായത്ത് നൽകാതിരുന്ന സാഹചര്യത്തിൽ പാർക്കിങ് എന്ന ആവശ്യം വീണ്ടും സജീവമായി.
ഈ സാഹചര്യത്തിൽ ജനകീയ പ്രതികരണവേദി രംഗത്തെത്തുകയും wpc 31735/2009 ആയി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഈ കേസിലെ 1-2 എതിർകക്ഷികളായ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റീം കോടതി മുമ്പാകെ , ടാക്‌സി - ഓട്ടോ പാർക്കിംഗിനായി ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോട് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടന്നും RS NO 133/1B യിൽ താത്കാലിക പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടന്നും ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ7/12/2009 ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് നാലാഴ്ചക്കുള്ളിൽ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് പഞ്ചായത്തിന് നിർദ്ദേശം നൽകിക്കൊണ്ട് കേസ് തീർപ്പാക്കി.

എന്നാൽ നാളിത് വരെയും കോടതി നിർദ്ദേശപ്രകാരമുള്ള പാർക്കിങ് സൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടില്ല. കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് പിന്നീട് ഇരിട്ടി നഗരസഭയായി മാറി എങ്കിലും മതിയായ പാർക്കിങ് സൗകര്യമൊരുക്കി ഇരിട്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്ത് സ്റ്റേഡിയനിർമ്മാണം നടത്തിക്കൊണ്ട് പാർക്കിങ് എന്ന ആവശ്യത്തെ പാടെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ സ്റ്റേഡിയം കൊണ്ട് ഉപകാരമുണ്ടായത് സ്വകാര്യ സ്ഥാപനമുടമക്കെന്ന ആരോപണവും, പ്ലാനിൽ നിന്ന് വ്യതിചലിച്ച് ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണം നടത്തിയെന്ന ആരോപണവും നാട്ടുകാർക്കിടയിൽ സജീവമാണ്.

ഇരിട്ടി പട്ടണത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും യാതൊരു വിധ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന് മുൻവശമാണ്. യാതൊരു വിധ മുന്നൊരുക്കവുമില്ലാതെയും അശാസ്ത്രീയമായും നിയമം ലംഘിച്ച് കൊണ്ടും പഞ്ചായത്ത് തന്നെ കെട്ടിട നിർമ്മാണം നടത്തിയതാണ് ഇതിന് കാരണം.

ഇരിട്ടി നഗരത്തിൽ ബാനർ എഴുതി പ്രദർശിപ്പിച്ച് പ്രതിഷേധം അറിയിച്ചതോടെ ഒന്നാം ഘട്ടം അവസാനിച്ചെന്നും രണ്ടാം ഘട്ടമായി 5001 ഒപ്പ് ശേഖരണം നടത്തി നഗരസഭക്ക് നിവേദനം നൽകുമെന്നും എന്നിട്ടും അനുകൂല നിലപാടുണ്ടായില്ലങ്കിൽ അവസാനഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും നമ്മുടെ ഇരിട്ടി യുടെ അഡ്‌മിൻ പാനൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP