Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

റബർ ബോർഡ് ലാബുകളുടെ പ്രവർത്തനം അട്ടിമറിക്കുന്നത് കർഷകർക്ക് ഇരുട്ടടി: ഇൻഫാം

സ്വന്തം ലേഖകൻ

കൊച്ചി: റബർ ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കേരളത്തിലെ ഏഴു കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ഡിആർസി പരിശോധനാ ലാബുകൾ നിർത്തലാക്കി കൈമാറ്റം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രതിസന്ധി നേരിടുന്ന റബർ കർഷകർക്ക് വൻ ഇരുട്ടടിയാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, പാല, കാഞ്ഞിരപ്പള്ളി അടൂർ, നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരുന്ന പരിശോധനാ ലാബുകൾ നിർത്തലാക്കിയാണ് ഉത്തരവ്. റബ്ബർ പാൽ വിപണനത്തിൽ ഉണ്ടാകാവുന്ന ചൂഷണം ഇല്ലാതാക്കാൻവേണ്ടി നടത്തുന്ന ഡി ആർ സി പരിശോധന, റബ്ബർ തോട്ടങ്ങളിൽ വളപ്രയോഗത്തിന് ആവശ്യമായ മണ്ണ് പരിശോധന എന്നീ സേവനങ്ങൾക്കാണ് റബ്ബർ ബോർഡ് തന്നെ മരണമണി മുഴക്കിയിരിക്കുന്നത്.ഡിആർസി നിർണ്ണയിച്ച് നൽകുവാനുള്ള അനുമതി തങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു എന്ന് റബ്ബർ ബോർഡ് വകാശപ്പെടുന്ന റബ്ബർ പാൽ വിപണന കമ്പനികൾക്ക് ഏല്പിച്ചു കൊടുത്തതു വഴി റബ്ബർ വിപണിയിൽ വൻ അഴിമതിക്കും ചൂഷണത്തിനുമാണ് കളമൊരുങ്ങിയിരിക്കുന്നത്.

റബർ കമ്പനികൾ റബർ ലാറ്റക്സിന്റെ ഗുണമേന്മ നിർണ്ണയിക്കുന്ന സാഹചര്യം കർഷകന് നീതി ലഭിക്കുന്നതല്ല. വ്യവസായികളെ സംരക്ഷിക്കാൻ റബർബോർഡിന് ലാബ് പരിശോധനയിലൂടെ ലഭിച്ചിരുന്ന വരുമാനംപോലും നഷ്ടപ്പെടുത്തുന്ന കെടുകാര്യസ്ഥത വൻ ഭവിഷ്യത്തുകൾ ഭാവിയിൽ ക്ഷണിച്ചുവരുത്തും.

പ്രതിദിനം ആയിരക്കണക്കിന് കർഷകർക്ക് തങ്ങളുടെ ഉല്പന്നമായ റബ്ബർ ലാറ്റക്സ് വിൽക്കുന്നതിന് അത്യന്താപേക്ഷിതമായ ഡിആർസി പരിശോധനാ സംവിധാനത്തിന്റെ വിശ്വാസ്യതയും സൂക്ഷ്മതയും കാര്യക്ഷമതയും ഈ ഉത്തരവിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. റബർ കമ്പനികൾക്ക് തങ്ങളുടെ ഇഷ്ടം പോലെ ഡിആർസി നിർണ്ണയിച്ച് വൻതട്ടിപ്പ് നടത്താനുള്ള അവസരമാണ് റബ്ബർബോർഡ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏഴുകേന്ദ്രങ്ങളിലുള്ള ലാബുകളിലായി പന്ത്രണ്ട് സയന്റിഫിക് ഉദ്യോഗസ്ഥരും ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിലെ ഒരു പ്രിൻസിപ്പൽ സയന്റിസ്റ്റും അടങ്ങുന്ന സംവിധാനമാണ് പുതിയ ഉത്തരവിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. റബ്ബർ ബോർഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഡി ആർ സി പരിശോധന റബ്ബർ ബോർഡ് നിർത്തലാക്കിയെന്നും ഇനി മുതൽ പരിശോധന റബർ കമ്പനികൾക്ക് വിട്ടുകൊടുത്തു എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. .കർഷകരിൽ നിന്ന് ധനം സമാഹരിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി റബ്ബർ ബോർഡ് രൂപം നൽകിയ റബർ കമ്പനികൾ കെടുകാര്യസ്ഥതയും ഭരണ വൈകല്യവും മൂലം വൻ നഷ്ടത്തിലായി ബാങ്കുകളിൽ കോടികളുടെ കട ബാധ്യതയിലുമാണ്. റബ്ബർ പാലും ഷീറ്റും നൽകിയതു വഴി കോടികളാണ് ഈ കമ്പനികൾ കർഷകർക്ക് നൽകുവാനുള്ളത്. നികുതി ദായകരുടെ പണം ഉപയോഗിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ച ലാബ്സംവിധാനത്തിലെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ പൊതു മാനദണ്ഡങ്ങൾ പാലിക്കാതെ റബ്ബർ മേഖലയക്ക് ഒരു നന്മയും ഇതിനോടകം ചെയ്യാൻ സാധിക്കാത്ത കമ്പനികൾക്ക് സൗജന്യമായി നൽകുന്നത് നീതികരിക്കാനാവില്ല.

റബർ കമ്പനികൾ നടത്തുന്ന ഗുണപരിശോധനയിൽ തർക്കമുണ്ടായാൽ റബർ ബോർഡിന് ഉത്തരവാദിത്വമില്ലെന്നും ഉത്തരവിൽ പറയുമ്പോൾ കർഷകർ നേരിടാനിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. റബർ ബോർഡ് ഉന്നതർ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന തുഗ്ലക് പരിഷ്‌കാരങ്ങൾ വൻ പരാജയമാണെന്ന് വ്യക്തമായിട്ടും റബർ ബോർഡിന്റെയും റബർ കൃഷിയുടെയും അടിത്തറ മാന്തുന്ന ഇത്തരം കർഷകദ്രോഹ നടപടിയിൽ നിന്ന് റബർ ബോർഡ് പിന്മാറണമെന്നും ലാബുകൾ കൈമാറുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഇതിനെതിരെ കർഷകസംഘടനകൾ സംഘടിച്ചു മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP