Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷകവിരുദ്ധ കരാറുകൾക്കും നികുതി നിർദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇൻഫാം ദേശീയസമിതി നാളെ കാഞ്ഞിരപ്പള്ളിയിൽ

കർഷകവിരുദ്ധ കരാറുകൾക്കും നികുതി നിർദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇൻഫാം ദേശീയസമിതി നാളെ കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം: കാർഷികമേഖലയ്ക്ക് വൻപ്രഹരമേല്പിക്കുന്നതും കർഷകവിരുദ്ധവുമായ രാജ്യാന്തരക്കരാറുകൾക്കും കർഷകനികുതി നിർദ്ദേശങ്ങൾക്കുമെതിരെ ഇൻഫാം പ്രക്ഷോഭമാരംഭിക്കുമെന്നും കർഷക സംസ്‌കാരവും ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാർട്ടികളും കർഷക ജനകീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി പങ്കുചേരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

പ്രതിസന്ധിയിലായിരിക്കുന്ന കാർഷിക മേഖലയെ തകർക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നികുതിനിർദ്ദേശം. തോട്ടം മേഖലയിൽ ഇതിനോടകം നടപ്പാക്കിയ നികുതി ഈടാക്കൽ പരാജയപ്പെട്ടിരിക്കുന്നു. പുത്തൻനികുതികൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുവാൻ അനുവദിക്കില്ല.

ആസിയാൻ കരാറിന്റെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷിക സമ്പദ്ഘടന തകർന്നടിയുകയാണ്. 2019-നോടുകൂടി ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക്, കാപ്പി, തേയില, പാമോയിൽ എന്നിവയുടെ ഇറക്കുമതി നികുതിരഹിതമാകും. റബറിന്റെ ഇറക്കുമതിത്തീരുവയും എടുത്തുകളയുവാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. പ്രകൃദിദത്ത റബറധിഷ്ഠിത ഉല്പന്നങ്ങൾ നികുതിരഹിതമായി ഇതിനോടകം ഇറക്കുമതി ആരംഭിച്ചിരിക്കുന്നു. ഈയവസ്ഥ തുടർന്നാൽ റബറിന്റെ ആഭ്യന്തരവില കിലോഗ്രാമിന് 100 രൂപയിലേയ്ക്ക് താഴുന്ന സാഹചര്യമാണുള്ളത്. വാണിജ്യതാല്പര്യങ്ങൾ സംരക്ഷിക്കുവാൻ കർഷകരെ ബലികൊടുക്കുന്ന ക്രൂരതയിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഇന്ത്യയിലെ ബഹൂഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരുടെ സംരക്ഷണത്തിനുവേണ്ടി ആസിയാൻ കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി സാമ്പത്തിക കരാറും കാർഷികമേഖലയ്ക്ക് വെല്ലുവിളിയാണ്. 2017 ജൂലൈയിൽ ഡൽഹിയിലാണ് അവസാനറൗണ്ട് ചർച്ച. വിവിധ രാജ്യാന്തര കരാറുകളിലൂടെ കാർഷികമേഖലയ്ക്ക് വൻവെല്ലുവിളിയുയരുമ്പോൾ കർഷകപ്രസ്ഥാനങ്ങൾ വിഘടിച്ചുനിൽക്കാതെ സംഘടിച്ചു പ്രക്ഷോഭം നടത്തേണ്ടതായിട്ടുണ്ട്. കോർപ്പറേറ്റ് ആധിപത്യത്തിലേയ്ക്ക് കാർഷികമേഖല മാറുമ്പോൾ ചെറുകിടകർഷകർ പെരുവഴിയിലാകും. രാജ്യാന്തര കർഷകവിരുദ്ധ കരാറുകൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് മുന്നണികൾക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ആരെയും ഇൻഫാമും കർഷക പ്രസ്ഥാനങ്ങളും പിന്തുണയ്ക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഇൻഫാം ദേശീയസമിതി ഏപ്രിൽ 28 -ന് കാഞ്ഞിരപ്പള്ളിയിൽ

റബറുൾപ്പെടെ വിവിധ കാർഷികോല്പന്നങ്ങളുടെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കാർഷികമേഖല വൻ തകർച്ച നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ ബദൽ സംവിധാനങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന കർഷക നികുതിനിർദ്ദേശങ്ങൾക്കുമെതിരെ കർഷകപ്രക്ഷോഭ തുടർനടപടികളെക്കുറിച്ചും ആലോചിക്കുവാൻ ഇൻഫാം ദേശീയസമിതി നാളെ (ഏപ്രിൽ 28ന്) കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേരും. ഇൻഫാം രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ദേശീയസമിതി ഉദ്ഘാടനം ചെയ്യും. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷതവഹിക്കും. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആനുകാലിക കാർഷിക പ്രശ്നങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തും. അടിയന്തരപ്രാധാന്യമുള്ള ഈ നേതൃയോഗത്തിൽ ഇൻഫാം ദേശീയ സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP