Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക വായ്പ മോറട്ടോറിയം ഉത്തരവ് ധനകാര്യ സ്ഥാപനങ്ങൾ അട്ടിമറിക്കുന്നു: വി സി. സെബാസ്റ്റ്യൻ

കോട്ടയം: പ്രളയ ദുരന്ത മേഖലയിലെ കാർഷിക വായ്പകൾക്ക് 2019 ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് അട്ടിമറിച്ച് ധനകാര്യ സ്ഥാപനങ്ങൾ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി സി. സെബാസ്റ്റ്യൻ ആരോപിച്ചു.

പ്രളയദുരന്തമേഖലയിലെ കാർഷിക വായ്പകൾക്ക് ഒരു വർഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് 2018 ഒക്ടോബർ 12ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2019 മാർച്ച് അഞ്ചിനു ചേർന്ന മന്ത്രിസഭായോഗം 2019 ഡിസംബർ 31 വരെ മോറട്ടോറിയം നീട്ടുവാൻ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച് ഉത്തരവിറക്കാനായില്ല. 2019 മെയ്‌ 27ന് പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ കർഷകർ എടുത്തിട്ടുള്ള വായ്പകൾക്കും മോറട്ടോറിയം ബാധകമാക്കി ഉത്തരവിറക്കി. എന്നാൽ, സർക്കാർ സംവിധാനങ്ങളെയും ഉത്തരവുകളെയും വെല്ലുവിളിച്ചും നിസാരവത്കരിച്ചും കർഷക ഭൂമി ജപ്തി ചെയ്യുന്ന നടപടിക്രമങ്ങളുമായി വിവിധ ദേശസാത്കൃത ബാങ്കുകൾ ദ്രോഹ നടപടികൾ തുടരുമ്പോൾ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണ്.

പ്രളയ ദുരന്തമേഖലയിലെ ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ജപ്തി ഭീഷണിയിലാണ്. വൻ സാമ്പത്തിക ബാധ്യതയിൽ 36 കർഷകരാണ് കേരളത്തിൽ ഇതിനോടകം ആത്മഹത്യ ചെയ്തത്. കൃഷി മാത്രമല്ല, ഭൂമി പോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം പോലും കർഷകന് ആശ്വാസമേകുന്നില്ല. കൃഷിചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ മോറട്ടോറിയമല്ല കർഷക കടങ്ങൾ എഴുതിത്ത്തള്ളുവാനാണ് സർക്കാർ തയാറാകേണ്ടത്. ഇതിനോടകം ആത്മഹത്യ ചെയ്ത കർഷകരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണം. മോറട്ടോറിയം അട്ടിമറിച്ച് ബാങ്ക് അധികൃതരും സർക്കാർ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങൾക്ക് തടസവാദമുന്നയിച്ച് റവന്യു, കൃഷിവകുപ്പുകളും തുടരുന്ന അതിക്രൂരതയ്ക്ക് അറുതിവരുത്തുന്നില്ലെങ്കിൽ ഭാവിയിൽ കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഉണ്ടാകാമെന്ന് വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP