Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഇൻഫാം ദേശീയ നേതൃസമ്മേ ളനവും കർഷക റാലിയും 27ന് കാഞ്ഞിരപ്പള്ളിയിൽ

ഇൻഫാം ദേശീയ നേതൃസമ്മേ ളനവും കർഷക റാലിയും 27ന് കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം: ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ നേതൃസമ്മേളനവും കർഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കും. ഇൻഫാമിന്റെ 17-ാം ദേശീയ നേതൃസമ്മേളനത്തിനാണ് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കുന്നത്. ദേശീയ സമ്മേളനത്തിനും കർഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളിൽ നടന്ന കർഷകവിളംബരസമ്മേളനങ്ങൾ ഇതിനോടകം പൂർത്തിയായി.

കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുപ്രകാരമുള്ള ന്യായവിലകർഷകന് ലഭ്യമാക്കുക, വിള ഇൻഷ്വറൻസിനോടൊപ്പം കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തുക, റബർ, കുരുമുളക്, ഏലമുൾപ്പെടെ കാർഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യന്തര കരാറുകൾ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാർഷിക വരുമാനത്തിന നുസൃതമായി പുനർനിർണ്ണയിക്കുക, പരിസ്ഥിതിമൗലികവാദികൾ കൈക്കലാക്കുന്ന കാർബൺഫണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് ലഭ്യമാക്കുക, കൃഷിഭൂമിയുടെ നികുതിയെടുക്കൽ നിഷേധിക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുക, സമയബന്ധിതമായി നെല്ലുസംഭരിച്ച് സംഭരണവില കൃത്യമായി നൽകുക, കേരള കാർഷിക വികസനനയത്തിൽ പ്രഖ്യാപിച്ച പതിനായിരം രൂപ കർഷകപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യുക, കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമുണ്ടാകുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്‌നമുൾപ്പെടെ വിവിധ ഭൂപ്രശ്‌നങ്ങൾക്ക് അടിയന്തരനിയമനിർമ്മാണവും നടപടികളുമുണ്ടാകുക തുടങ്ങി വിവിധ കാർഷിക വിഷയങ്ങളിൽ ശക്തമായ കർഷക നീക്കങ്ങൾക്ക് ദേശീയസമ്മേളനം തുടക്കം കുറിക്കും. ബദൽ കാർഷിക വികസനനയവും കർഷക അവകാശരേഖയും സമ്മേളനത്തിൽ പ്രഖ്യാപിക്കും.

ഇൻഫാം സ്ഥാപകചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രിൽ 27 വെള്ളിയാഴ്ച 1.45 മണിക്ക് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലിൽ എത്തുമ്പോൾ അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും കർഷകറാലിക്ക് തുടക്കമാകും. പേട്ടക്കവലയിൽ ദീപശിഖാ ഘോഷയാത്രയ്ക്കു പിന്നിലായി കർഷകറാലി അണിചേരും. റോഡിന്റെ വലതുവശം ചേർന്ന് റാലി നീങ്ങും. മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗർ) റാലി എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ദേശീയനേതൃസമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റൻ കർഷക അവകാശരേഖയും ബദൽ കാർഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവർ സംസാരിക്കും. സമ്മേളനത്തിൽവച്ച് ഇൻഫാം ആഗ്രോ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർഷകർ സംഘടിച്ചു നീങ്ങുന്നതിന്റെ തുടക്കമാണ് ഇൻഫാം കർഷകറാലി. വിവിധ കാർഷികമേഖലയിൽ നിന്ന് ആയിരക്കണക്കിന് കർഷകർ റാലിയിൽ പങ്കുചേരും.

ഇൻഫാം ദീപശിഖാപ്രയാണം കൂവപ്പള്ളിയിൽ നിന്നും
കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ചിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നടത്തുന്ന പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണത്തിന് തുടക്കമാകും. ഇൻഫാം ദേശീയ സമ്മേളനത്തിന്റെയും കർഷകറാലിയുടെയും ജനറൽ കൺവീനർ ഫാ.മാത്യു പനച്ചിക്കൽ പുഷ്പചക്രം അർപ്പിക്കും. ഫാ.മാത്യു വടക്കേമുറി സ്മാരക ക്ഷീരകർഷക അവാർഡുജേതാവായ ജോണി കാരയ്ക്കാട്ട,് ചെല്ലാർകോവിലാണ് പ്രത്യേകം അലങ്കരിച്ച രഥത്തിൽ ദീപശിഖ കൈകളിലേന്തുന്നത്. നൂറുകണക്കിന് ബൈക്കുകളിൽ റാലിയായി ഇൻഫാം സന്നദ്ധസേനയുടെ പിന്നിലായി ദീപശിഖ സമ്മേളനനഗറിലേയ്ക്ക് നീങ്ങും. 2.30ന് പേട്ടക്കവലയിൽവെച്ച് ദീപശിഖാപ്രയാണത്തിന് പുറകിലായി റാലി സന്ധിക്കും. സമ്മേളന നഗറിൽ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ദീപശിഖ ഏറ്റുവാങ്ങും.

ഇൻഫാം കർഷകറാലി അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും തുടക്കം

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ഏപ്രിൽ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആയിരക്കണക്കിന് കർഷകപ്രതിനിധികൾ എത്തിച്ചേരും. 2.15ന് ആരംഭിക്കുന്ന കർഷകറാലി ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യും. റാലിയുടെ മുന്നിൽ നാലുനിരകളിലായി ഇൻഫാം ദേശീയ, സംസ്ഥാന, രൂപതാ നേതാക്കൾ അണിനിരക്കും. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ വിളിച്ചറിയിക്കുന്നതായിരിക്കും കർഷകറാലി.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽവെച്ച് കൂവപ്പള്ളിയിൽ നിന്നും എത്തിച്ചേരുന്ന ദീപശിഖാപ്രയാണത്തിന് പിന്നിലായി റാലി സംഗമിക്കും. കാഞ്ഞിരപ്പള്ളി ടൗൺ, കുരിശുകവല, സഹകരണബാങ്ക് ജംഗ്ഷൻ, ഇൻഫന്റ് ജീസസ് പബ്ലിക് സ്‌കൂൾ വഴി ഫാ.മാത്യു വടക്കേമുറി നഗറിൽ (മഹാജൂബിലിഹാൾ) റാലി എത്തിച്ചേരുമ്പോൾ ദേശീയസമ്മേളനം ആരംഭിക്കും

ഇൻഫാം ദേശീയ സമ്മേളനവും കർഷകറാലിയും-ഗതാഗത നിയന്ത്രണങ്ങൾ

യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത രീതിയിലാണ് ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയുള്ള സമയങ്ങളിൽ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കുനിന്നും എത്തുന്ന വാഹനങ്ങൾ പേട്ടക്കവലയിൽനിന്ന് കുരിശുകവലയിലേയ്ക്ക് ആനത്താനം റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പ്രധാന റോഡിലൂടെ സാധാരണ നിലയിൽ യാത്രചെയ്യാം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റോഡിന്റെ പകുതിഭാഗം മാത്രമേ റാലിക്കായി ഒന്നരമണിക്കൂർ സമയം ഉപയോഗിക്കുകയുള്ളൂ. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിപ്പടിക്കൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മണ്ണാറക്കയം-പട്ടിമറ്റം റോഡിലൂടെ 26-ാം മൈൽ വഴി മുണ്ടക്കയം ഭാഗത്തേയ്ക്കും തിരിച്ച് കോട്ടയം റൂട്ടിലേയ്ക്കും സ്വകാര്യ വാഹനങ്ങൾക്ക് പോകാവുന്നതാണ്. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്വകാര്യവാഹനങ്ങൾക്ക് പൊടിമറ്റത്തുനിന്നും വലത്തേയ്ക്കു തിരിഞ്ഞ് ആനക്കല്ലിലൂടെ പ്രധാനറോഡിലെത്താം.

റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണം

മുൻകൂട്ടി അറിയിച്ചിരിക്കുന്നതിൻ പ്രകാരം കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കിയശേഷം ബസുകൾ എ.കെ.ജെ.എം.സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്. മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേട്ടക്കവലയ്ക്കു മുമ്പായി ഇടതുവശത്തേയ്ക്കു തിരിഞ്ഞ് ആനത്താനം റോഡിലെ ഗ്രൗണ്ടിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കേണ്ടതാണ്. തുടർന്ന് വാഹനം കുരിശുപള്ളി ജംഗ്ഷൻ വഴി എ.കെ.ജെ.എം. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. പാല, തൊടുപുഴ, മൂവാറ്റുപുഴ ഉൾപ്പെടെ വടക്കൻ മേഖലയിൽ നിന്നുള്ള ബസുകൾക്ക് തമ്പലക്കാട് റോഡിലൂടെ എത്തിച്ചേരാം. ഇവർ റാലിയിൽ പങ്കെടുക്കുവാൻ കത്തീദ്രൽ പള്ളിക്കുസമീപത്തുകൂടി അക്കരപ്പള്ളി മൈതാനത്തേയ്ക്ക് നടന്നുനീങ്ങണം. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് റാലിയിൽ പങ്കെടുക്കാൻ വരുന്നവർ അക്കരപ്പള്ളി ജംഗ്ഷന് 200 മീറ്റർ പുറകിലായി കർഷകരെ ഇറക്കണം. റാലി ആരംഭിക്കുന്ന മൈതാനത്ത് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. കാർ, ജീപ്പ് ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് കത്തീദ്രൽ പള്ളിഗ്രൗണ്ട്, സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ട്, തമ്പലക്കാട് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. റാലി കടന്നുപോകുന്ന വഴികളിൽ റാലിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് അനുവദിക്കുന്നതല്ല. പൊലീസ് സേനയും 150 വോളണ്ടിയർ ടീമും 50 അംഗങ്ങളടങ്ങുന്ന ഇൻഫാം ഹരിതസേനയും നൽകുന്ന നിർദ്ദേശങ്ങൾ റാലിയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP