Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പാലിക്കാത്ത ഹെൽമറ്റ് വേട്ട നിയമം ഉടൻ റദ്ദാക്കണം

സ്വന്തം ലേഖകൻ

രാജ്യത്തെ പരമോന്നത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ (64) ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഉപയോഗിച്ചതു കണക്കിലെടുത്ത് ഹെൽമറ്റ് വേട്ട നിയമം ഉടൻ റദ്ദാക്കണമെന്നു വിലേഴ്സ് കേരള ആവശ്യപ്പെട്ടു. അസംഘടിതരായ സാധാരണക്കാരെ ഹെൽമറ്റ് വേട്ട നടത്തി കൊന്നാണെങ്കിലും വഴിയിൽ നിന്നു പിഴയും കൈക്കൂലിയും പിരിക്കുന്നതു ചീഫ് ജസിറ്റിന്റെ നിയമവിരുദ്ധ നടപടിയുടെ തുടർച്ചയായി നിർത്തലാക്കണമെന്നാണ് ആവശ്യം. മറ്റുള്ളവർക്കു ശാരീരികമായോ മാനസികമായോ ക്ഷതമുണ്ടാക്കാത്ത കാര്യത്തിനാണ് ഇരുചക്രവാഹന യാത്രികരെ പീഡിപ്പിക്കാൻ മാത്രമായുള്ള ഹെൽമറ്റ് വേട്ട നിയമം. റോഡിലെ അപകട കാരണങ്ങൾ എല്ലാം ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനു പകരമാണ് വരുമാനം വർധിപ്പിക്കുക എന്ന ഉദേശ്യത്തോടെ മാത്രമുള്ള കുത്സിത നിയമം.

ചീഫ് ജസ്റ്റിസ് അവഗണിച്ച നിയമം രാജ്യത്തെ പൗരന്മാർക്ക് ആവശ്യമില്ലെന്നു കേന്ദ്ര നിയമ നിർമ്മാതാക്കളായ പാർലമെന്റ് അംഗങ്ങൾ മനസിലാക്കണം. ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ചീഫ് ജസ്റ്റിസ് പോലും ഹെൽമറ്റ് വേട്ട നിയമം പാലിക്കുന്നില്ലെന്നു തെളിയിച്ചത് തൃണവത്ക്കരിക്കപ്പെട്ടതും പീഡനമനുഭവിക്കുന്നതുമായ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമായി. രാജ്യത്തെ സാധാരണക്കാരെ ജൂഡിഷ്യറി ശിക്ഷിക്കാൻ ഉപയോഗിക്കുന്ന നിയമങ്ങളാണ് ചീഫ് ജസ്റ്റിസ് നഗ്‌നമായി ലംഘിച്ചത്.

ഹെൽമറ്റ് വേട്ട നിയമം രാജ്യത്തു നിലനിർത്തുന്നതു ഇനി യാതൊരു കാരണവശാലും നിയമപരമായോ ധാർമികമായോ ശരിയല്ല. നിയമം റദ്ദാക്കിയില്ലെങ്കിൽ അത് തെറ്റായ സന്ദേശം പരത്തും. സാധാരണഗതിയിൽ മന്ത്രിമാർ അടക്കമുള്ള ഭരണകർത്താക്കളും ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിന്റെ ഫോട്ടോകൾ ധാരാളമായി ലഭ്യമാണ്. ജഡ്ജിമാരുടെ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യവുമല്ല. രാഷ്ട്രീയപാർട്ടി മോട്ടോർ റാലികളിൽ മിക്കപ്പോഴും ആരും ഹെൽമറ്റ് ധരിച്ചുകാണാറില്ല. ഫലത്തിൽ ഭരണാധികാരമുള്ളവർക്കും അതില്ലാത്ത പൊതുജനങ്ങൾക്കും രണ്ടു തരം നിയമ നടത്തിപ്പുകളാണ് നിലനില്ക്കുന്നതെന്നു ചീഫ് ജസ്റ്റിസ് സംഭവം ആവർത്തിച്ചു തെളിയിക്കുന്നു. അതും കോവിഡ്-19 മഹാമാരിയുടെ ഇടയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ.

രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കളുടെ ഇഷ്ടക്കാരനാണ് നിയമങ്ങൾ ചവറ്റുകൊട്ടയിൽ തള്ളി ഹെൽമറ്റും മാസ്‌ക്കും ധരിക്കാതെയും ശാരീരികാകലം പാലിക്കാതെയും ഇരുചക്രവാഹനത്തിന്റെ മുകളിലേറിയത്. കൂടി ചുറ്റും നില്ക്കുന്നവർക്കും ചട്ട പ്രകാരമുള്ള മാസ്‌ക്ക് ഇല്ല. കുറഞ്ഞത് ആറായിരം രൂപ പിഴ റോഡിൽ നിന്നു ഉടനെ പൊലീസിനു കൈമാറേണ്ട കുറ്റമാണ് ചീഫ് ജസ്റ്റിസ് ചെയ്തിട്ടുള്ളത്. ചുറ്റും മാസ്‌ക്ക് ഇല്ലാതെ നില്ക്കുന്നവരിൽ നിന്നു അയ്യായിരം രൂപ വീതം പിഴ ഈടാക്കേണ്ടതാണ്. സാധാരണക്കാരൻ പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുത്തു പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയാണ് പതിവ്.

ഇതിനേക്കാൾ രസകരം, വാഹനത്തിന്റെ ഉടമ ആരെന്നു അറിയില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞുവന്നാണ് റിപ്പോർട്ടുകൾ! ഫോട്ടോയിൽ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന 2020-ൽ പുറത്തിറക്കിയ പരിമിത പതിപ്പ് മോട്ടോർ സൈക്കിളിന് ഏകദേശം 55 ലക്ഷം രൂപയാണ് നികുതികൾ കൂടാതെയുള്ള ഏകദേശ വില്പന വില. ഇരുചക്രവാഹനം വില്ക്കുമ്പോൾ ഹെൽമറ്റും ഒപ്പം നല്കണമെന്നു ചട്ടമുള്ളതാണ്.

രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചതിൽ നിന്നു നാഗ്പൂരിലെ ഒരു ബിജെപി നേതാവിന്റെ മകന്റെ പേരിലുള്ളതാണ് ബൈക്കെന്നാണ് സൂചന. 2014 അസംബൽ തെരഞ്ഞെടുപ്പിൽ സാവോനെറിലെ പാർട്ടി നോമിനിയായിരുന്നു പിതാവ്. ഏതായാലും ചീഫ് ജസ്റ്റിസ് പല കാരണങ്ങളാലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ന്യൂഡൽഹിയിൽ കോവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കഴിയേണ്ട വ്യക്തിയാണ് ചീഫ് ജസ്റ്റിസ്. 2020 ജൂൺ 28-നു ഞായറാഴ്ച ജന്മനഗരമായ നാഗ്പൂരിൽ രാജ്ഭവനു സമീപമാണ് നിയമത്തിന്റെ രക്ഷാധികാരി നിയമലംഘകനായി മാറിയത്. അവിടെ ആൾക്കാർ കൂട്ടം കൂടിയ ഒരു മരം നടൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വീട്ടിലിരുന്നു വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇപ്പോൾ കോടതി നടപടികളെന്നാണ് പറയപ്പെടുന്നത്.

ഹൈ എൻഡ് ബൈക്കിൽ വെറുതെ ഇരുന്നതേയുള്ളുവെന്നും മാസ്‌ക്ക് പോക്കറ്റിൽ ഉണ്ടായിരുന്നുവെന്നും മറ്റുമുള്ള വാദങ്ങൾ ഇനി ഉയർന്നേക്കാം. മുൻപ് മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നതാണെന്നും റിട്ടയർ ചെയ്യുമ്പോൾ മേടിക്കാനുള്ളതാണെന്നും വാദിച്ചേക്കാം. 2021 ഏപ്രിൽ 23 ആണ് റിട്ടയർമെന്റ് തീയതി. എന്നാൽ വാഹനത്തിനു രജിസ്ട്രേഷൻ നമ്പരുള്ളതിനാൽ ഡീലർമാർ കാണിക്കാൻ കൊണ്ടുവന്നതാണെന്നു പറയാനാകില്ല.

2019-ൽ ആഡംബര ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ടു പരിക്കേറ്റതിനാൽ കുറേ ദിവസങ്ങൾ കോടതിയിൽ നിന്നു മാറി നില്ക്കേണ്ടി വന്നിരുന്നു. അപകടവേളയിൽ ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നോ എന്ന വിവരം ലഭ്യമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP