Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറത്ത് പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറം : മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 27000 ത്തോളം വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനത്തിന് അവസരം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അധിക ബാച്ചുകൾ അനുവദിച്ച് നിലവിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നും ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിൽ 840003 വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് അപേക്ഷ നൽകിയിട്ടുണ്ട്. ഒടുവിൽ വർധിപ്പിച്ച 10 ശതമാനം സീറ്റും ഉൾപ്പെടുത്തി സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളിലും ഉപരിപഠനത്തിനുള്ള മറ്റു സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്കുകളും ചേർത്താൽ 57230 സീറ്റുകളാണുള്ളത്. 26773 കുട്ടികൾ അപ്പോഴും പുറത്താണുണ്ടാവുക. പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന ഇടതു സർക്കാർ അൺ എയ്ഡഡ് വിദ്യാലയങ്ങളെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലന്നതാണ് ശരി. സാധാരണക്കാരുടെ മക്കൾക്ക് അവിടങ്ങളിലെ ഫീസ് താങ്ങാനാവില്ലെന്നതാണ് അതിനുള്ള കാരണങ്ങളിലൊന്ന്. മലപ്പുറത്ത് 12900 ഉപരിപഠന സീറ്റുകളാണ് അൺ എയ്ഡഡ് മേഖലയിലുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. സർക്കാർ അനുവദിച്ച സീറ്റുകളുടെ കണക്കുകൾ മാത്രമാണിത്. പ്രായോഗിക തലത്തിൽ ഇത്രയും സീറ്റുകൾ ഇല്ലെന്നതാണ് യാഥാർഥ്യം. നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർത്ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർത്ഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. ഇത് പ്രായോഗിക തലത്തിൽ പല സ്‌കൂളിനും സാധ്യമല്ലാത്തതിനാൽ അവരീ വർധനവ് പൂർണമായും നടപ്പിലാക്കുകയില്ല. അങ്ങനെയാവുമ്പോൾ ഇപ്പോൾ അനുവദിച്ച സീറ്റുകൾ പോലും ഉണ്ടാവുകയില്ല. അധിക ബാച്ചുകളനുവദിച്ചാലേ ഹയർ സെക്കണ്ടറി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്ന് ഫ്രറ്റേണിറ്റി പറയുന്നത് അതിനാലാണ്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് ഫ്രറ്റേണിറ്റി ജില്ല നേതൃത്വം നേരിൽ കണ്ട് പറയുകയും ബാച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്തെ പ്ലസ് വൺ സീറ്റുകളുടെ പ്രശ്‌നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി അന്ന് ഫ്രറ്റേണിറ്റി നേതാക്കളോട് പറഞ്ഞത്. എന്നാൽ ഇതേ വിഷയം മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ നിയമസഭയിൽ ഉന്നയിച്ചപ്പോൾ മലപ്പുറത്ത് ആവശ്യത്തിന് സീറ്റുണ്ടെന്നും ഇനി വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. നിയമസഭയിൽ ഇത് പറഞ്ഞ് ഒരാഴ്‌ച്ചക്കകമാണ് 10 ശതമാനം സീറ്റ് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടി സർക്കാറിന് ബോധ്യപ്പെട്ടിട്ടില്ലെന്നതാണ് ഈ ഉത്തരവ് തെളിയിക്കുന്നത്. സീറ്റിന്റെ അപര്യാപ്തതയുള്ള ജില്ലകളായ മലബാർ മേഖലയിൽ സീറ്റുകൾ കൂട്ടുന്നതിന് പകരം സർക്കാറിന് ബാധ്യതയുണ്ടാക്കുന്ന വിധത്തിൽ സർക്കാർ തന്നെ സീറ്റുകൾ അധികമുള്ള ജില്ലകളിൽ അധിക ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് കൊണ്ടുള്ള പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. നിലവിൽ മലപ്പുറം ജില്ല അനുഭവിക്കുന്ന വിവേചന ഭീകരതയുടെ ആഴം മനസ്സിലാക്കാൻ തെക്കൻ ജില്ലകളിലെ കണക്ക് നോക്കിയാൽ മതി. പത്തനംതിട്ടയിൽ പ്ലസ് വൺ അപേക്ഷകർ 17533, സീറ്റുകൾ-18870, അതായത് 1337 സീറ്റുകൾ അധികം. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ പരിഗണിച്ചാൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 20 ശതമാനത്തോളം സീറ്റുകൾ അധികമാണ്.

നിലവിൽ മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിലെ 40 ഹൈസ്‌കൂളുകളിൽ ഹയർ സെക്കണ്ടറിയില്ല. അത്തരം സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും, തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുകയും, നിലവിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പുതിയ ബാച്ചുകളനുവദിച്ചും ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അതിനിനിയും താമസം വരുത്തിയാൽ മലപ്പുറത്തെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. അതിന്റെ സൂചനയായി ജൂൺ 23 ശനിയാഴ്‌ച്ച രാവിലെ 10 ന് വിദ്യാർത്ഥികളെ അണിനിരത്തി ഫ്രറ്റേണിറ്റി കളക്റ്റ്രേറ്റിലേക്ക് മാർച്ച് നടത്തും.

വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നവർ:-
1. ബഷീർ തൃപ്പനച്ചി (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
2. ഹബീബ റസാഖ് (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
3. സാബിഖ് വെട്ടം (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
4. ബാസിത് മലപ്പുറം (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
5. ഷാഫി കൂട്ടിലങ്ങാടി (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP