Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

സ്വന്തം ലേഖകൻ

2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ച മുൻകൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെന്റു പോലും രണ്ടു ദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറിലേക്ക് ദിവസേന പതിനായിരക്കണക്കിന് പ്രതിഷേധക്കാർ സ്വയം ഒഴുകിയെത്തുക. സുപ്രീം കോടതി പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടും തമിഴ്‌നാട് സർക്കാർ നിരോധനം തുടരുക. സിനിമാ സംഘടനകൾ വഴി പോസ്റ്റർ പോലും പതിക്കാൻ സമ്മതിക്കാതിരിക്കുക. പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്ന തീയറ്ററുകളോട് കിട്ടിയ തുക മുഴുവൻ ഫൈൻ ആയി അടയ്ക്കാൻ പറഞ്ഞത് പ്രദർശനം നിർത്തിക്കുക, മലയാളികൾ നെഞ്ചിലേറ്റിയ, ഓസ്‌കാറിന്റെ പടിവാതിൽ കണ്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകൾ പോലും എടുക്കാതിരിപ്പിക്കുക. IMDb റേറ്റിങ് തകർക്കാൻ നൂറു കണക്കിന് സൈബർ പോരാളികളെ ഇറക്കുക. ഒരു സിനിമയെ ഇങ്ങനെ നിഷ്ഠൂരമായി അരുംകൊല കൊല ചെയ്ത സംഭവം ലോക സിനിമാചരിത്രത്തിൽ തന്നെയുണ്ടായിട്ടില്ല. ഓരോ ആറു മാസവും പുതുക്കപ്പെടുന്ന നിരോധനാജ്ഞ 9 വർഷത്തിനു ശേഷം കഴിഞ്ഞ മാർച്ച് 20-ന് വീണ്ടു പുതുക്കപ്പെട്ടു.

മനസ്സിന്റെ അണക്കെട്ടിൽ മുങ്ങിപ്പോകുമായിരുന്ന ഇത്തരത്തിലുള്ള ഒട്ടനവധി വിവാദ സിനിമകൾക്കാണ് കൊറോണക്കാലത്തെ അവധി ദിനങ്ങൾ ഇന്റർനെറ്റിലൂടെ വീണ്ടും ജീവൻ പകർന്നത് . അങ്ങനെ , ഒൻപത് വർഷം മുൻപ് 'ഒൻപതുകൾ ' കൊണ്ട് കൗതുകങ്ങൾ സൃഷ്ടിച്ച് പത്താം ആനിവേഴ്‌സറിക്ക് തയ്യാറെടുത്തു നിൽക്കുന്ന ഒരു ഹോളിവുഡ് സിനിമ, ഇപ്പോൾ സേർച്ച് എഞ്ചിനുകളിൽ വീണ്ടും നിറയുകയാണ്.

ഒൻപത് പ്രധാന കഥാപാത്രങ്ങൾ, ഒൻപത് ലൊക്കേഷനുകൾ, ഒൻപത് രസങ്ങൾ, ഒൻപത് പാട്ടുകൾ. നഷ്ടപ്രണയത്തിന്റെ ഒൻപത് ഭാവങ്ങൾ, ഒൻപത് ഫിലിം ഇൻഡസ്ട്രികളിൽ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കൾ, ഒൻപത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒൻപത് ചികിത്സാ രീതികളിലുള്ള ആയുർവ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒൻപത് രീതികളിൽ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒൻപത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുള്ളത്.

മലയാളിയായ ഡോ. സോഹൻ റോയിയുടെ സംവിധാനത്തിൽ, ഒരു അണക്കെട്ടിൽ കൊള്ളിക്കാവുന്നത്ര പുതുമകളുമായി 2011 ൽ പുറത്തിറങ്ങിയ 'ഡാം 999 ' എന്ന ഈ ചിത്രം ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതിനു പുറമേ, സോഹൻ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്‌കാർ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2011 ൽ ഈ സിനിമ പുറത്തിറങ്ങിയതു തന്നെ വിവാദങ്ങളുടെ ഒരു 'വാട്ടർ ബോംബ് ' തുറന്നുവിട്ടുകൊണ്ടാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മടിത്തട്ടിൽ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാർത്തകൾ, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവൻ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈ സിനിമയിലെ രംഗങ്ങളിലൂടെ, അണക്കെട്ടുകൾ ഉയർത്തുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച മനുഷ്യ സ്‌നേഹികൾ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോൾ, സിനിമയുടെ പ്രദർശനം തന്നെ നിരോധിക്കുകയായിരുന്നു തമിഴ്‌നാട് ചെയ്തത്.

ജനങ്ങൾക്ക് വെള്ളവും വെളിച്ചവും നൽകുന്ന അണക്കെട്ടുകൾക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്ക്കുമായി അണയ്ക്കുവാനുള്ള ശക്തിയുമുണ്ടെന്ന് ഈ ചിത്രത്തിന്റെ സംവിധായകനോട് പറഞ്ഞത് ചരിത്രങ്ങളാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിൽ 250000 ആളുകളെയാണ് ചൈനയിലെ ബാങ്കിയ ഡാം കൊന്നൊടുക്കിയത്. 6ലോകത്തിലെ തന്നെ പഴക്കം ചെന്ന ഡാമുകളിലെ ഏറ്റവും ഉയരം കൂടുതലുള്ള അണക്കെട്ട് എന്ന് വിക്കി പീഡിയ വിശേഷിപ്പിക്കുന്ന മുല്ലപെരിയാറിന്, ബാങ്കിയ ഡാമിന്റെ ഏഴ് ഇരട്ടി ഉയരമുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് അതിൽ ജലത്തിനൊപ്പം സംഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിയുടെ ആഴം നമുക്ക് വ്യക്തമാവുക.

വികാരങ്ങളും വിചാരങ്ങളുമുള്ള ഏതൊരു മനുഷ്യനേയുമെന്ന പോലെ സോഹൻ റോയിയേയും ഇരുത്തി ചിന്തിപ്പിച്ചതും ഇതായിരുന്നു. തുടർന്ന് 'Dams : The Lethal Water Bombs ' എന്ന ഡോക്യൂമെന്ററി ചിത്രീകരിച്ച്, തന്റെ ആശങ്കകൾ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു. തൊട്ടടുത്ത മാസം ഹോളിവുഡിൽ നടന്ന ലോസ് ആഞ്ചലസ് മൂവി ഫെസ്റ്റിവൽ, മൂവി അവാർഡ്‌സ്, എന്നീ സിനിമാ മേളകളിൽ നിന്ന് മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഈ ഹ്രസ്വചിത്രം, തുടർന്നങ്ങോട്ട് ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.

ഇരുപത്തിയൊന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചെങ്കിൽ, ഇതേ പ്രമേയത്തിലുള്ള ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്ക് ലഭിക്കാവുന്ന അപാരമായ സാധ്യതകളാണ് ഒരു വലിയ ക്യാൻവാസിൽ സിനിമ ചെയ്യുന്നതിലേക്ക് സംവിധായകനെ നയിച്ചത്. ആകസ്മിക ദുരന്തം പ്രമേയമാക്കിയ 'ടൈറ്റാനിക്കി' നെക്കാൾ, ഒരു മനുഷ്യനിർമ്മിത ദുരന്തം പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രത്തിലൂടെ, സിനിമ എന്ന കലയുടെ യഥാർത്ഥ ലക്ഷ്യമായ ബോധവൽക്കരണ പ്രക്രിയയും സംവിധായകൻ മനസ്സിൽക്കണ്ടു. ഒരു വലിയ ദുരന്തത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്നോർക്കാതെ 16 വർഷത്തെ തന്റെ സമ്പാദ്യം മുഴുവനാണ് 10 മില്യൻ ഡോളർ ബഡ്ജറ്റിൽ ഒരുക്കിയ കന്നിച്ചിത്രത്തിനു വേണ്ടി സംവിധായകൻ നീക്കി വച്ചത്.

ഒട്ടനവധി പ്രത്യേകതകളോടെയാണ് 'ഡാം 999 ' റിലീസിംഗിന് തയ്യാറെടുത്തത്. പതിനാറ് ദേശീയ പുരസ്‌കാര ജേതാക്കൾ അണിനിരന്ന സിനിമ, 2D യിൽ നിന്ന് 3D യിലേക്കുള്ള 'കൺവേർഷൻ ടെക്‌നോളജി' പ്രവർത്തികമാക്കിയ ആദ്യ ഇന്ത്യൻ സിനിമ, ഒരേസമയം അഞ്ച് ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലിൽ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയിൽ വാട്ടർ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോർമാറ്റിൽ നിർമ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ, ലോക പ്രശസ്ത നിർമ്മാണവിതരണക്കമ്പനി 'വാർണർ ബ്രോസ്' വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുൻപേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ, തിലകൻ വിവാദവും മുല്ലപ്പെരിയാറും ചേർന്ന് വാർത്തകളിലൂടെ സൂപ്പർ ഹിറ്റ് ആക്കിയ സിനിമ, തുടങ്ങി റിലീസിംഗിനും കിട്ടി പുതുമകൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും നിറഞ്ഞ 'ഒൻപത് ' പ്രത്യേകതകൾ.

റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം 'സൂപ്പർ ഹിറ്റാ'യിരുന്നു. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് 12 ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999.

2013 ൽ തന്നെ നടന്ന സിനിറോക്കോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 'ബെസ്റ്റ് ഡയറക്ടർ ', 'ബെസ്റ്റ് ഫീച്ചർ ഫിലിം' എന്നീ അവാർഡുകൾ ;
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ എൻവിയോൺമെന്റ് ഹെൽത്ത് & കൾച്ചറൽ ഫെസ്റ്റിവലിൽ നിന്ന് 'സ്‌പെഷ്യൽ ജൂറി അവാർഡ് ', 'ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം', 'ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവൽ ' എന്നിങ്ങനെ മൂന്ന് അവാർഡുകൾ ;
സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ 'ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാർഡ് ', തുടങ്ങി നിരവധി പുരസ്‌കാരങ്ങളും 'ഡാം 999' ആ വർഷം നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിലെ 'ആന്റിഗ്വ & ബാർബുദ ' ഫിലിം ഫെസ്റ്റിവലിൽ വച്ച് 'ജഡ്ജസ് ഫേവറിറ്റ് ' പുരസ്‌കാരത്തിനും ഈ ചിത്രം അർഹമാവുകയും, തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹൻ റോയിയെ പ്രത്യേക പുരസ്‌കാരം നൽകി സംഘാടകർ ആദരിക്കുകയും ചെയ്തിരുന്നു.

വിശ്വ പ്രസിദ്ധമായ ടെഹ്‌റാൻ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മലേഷ്യയിലെ കോലാലംപൂർ എക്കോ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ ചെയിൻ NYC ഫിലിം ഫെസ്റ്റിവൽ, ലൂയിസ്വില്ലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ട്രിനിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലാഫ്‌ളിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇറ്റലിയിലെ സാലെന്റ്റോ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോർണിയയിലെ പ്രശസ്തമായ ഗ്ലോബൽ മ്യൂസിക്ക് അവാർഡും കരസ്ഥമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP