Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ദുരന്തനിവാരണത്തിൽ സമൂഹ ശാക്തീകരണം നിർണായകം'

സ്വന്തം ലേഖകൻ

കൊച്ചി: ഫലപ്രദമായ ദുരന്തനിവാരണത്തിനും ലഘൂകരണത്തിനും സമൂഹത്തെ ശാക്തീകരിക്കേണ്ടത് നിർണായകമാണെന്ന് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി (സിപിപിആർ) സഹകരിച്ച് ഒക്ടോബർ 15, വ്യാഴാഴ്ച സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ 'ദുരന്തങ്ങൾ: തയ്യാറെടുപ്പും നേരിടലും: സമൂഹത്തിന് ഒരു കൈപ്പുസ്തകം,'' പ്രകാശനം ചെയ്തുകൊണ്ട് വിദഗ്ദ്ധ പ്രഭാഷകർ അഭിപ്രായപ്പെട്ടു.

സിപിപിആറും, കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും, ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സഹകരിച്ച് സംഘടിപ്പിച്ച ''അമേരിക്ക വിത്ത് കേരള'' പദ്ധതിയുടെ പ്രധാന ഫലമാണ് ഈ കൈപ്പുസ്തകം എന്ന് യുഎസ് കോൺസുലേറ്റ് ജനറലിലെ പബ്ലിക് അഫയേഴ്സ് ഓഫീസർ ശ്രീമതി ആൻ ലീ ശേഷാദ്രി പറഞ്ഞു. ''അമേരിക്ക വിത്ത് കേരള''പദ്ധതിയുടെ ഫലങ്ങൾ യുഎസ്-ഇന്ത്യ ബന്ധവും, ദുരന്തനിവാരണ മേഖലയിലെ സഹകരണവും മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പുസ്തകപ്രകാശനത്തെ തുടർന്ന്, ''സമൂഹ കേന്ദ്രീകൃതമായ ദുരന്ത ലഘൂകരണ പ്രക്രിയയിൽ ബഹുവിധ ദുരന്ത സമീപനത്തിന്റെ ആവശ്യകത'' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച സിപിപിആർ ചെയർമാൻ ഡോ ഡി ധനുരാജ് മോഡറേറ്റ് ചെയ്തു.

''അമേരിക്ക വിത്ത് കേരള''പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ ദുരന്തനിവാരണ പാഠ്യപദ്ധതി നമ്മുടെ സർവ്വകലാശാലകളിൽ അവതരിപ്പിക്കുകയാണെങ്കിൽ അതിന് സമൂഹതലത്തിൽ ദീർഘകാല സ്വാധീനം ചെലുത്താൻ കഴിയും. അറിവും വിഭവങ്ങളും ഉപയോഗിച്ച് സമൂഹത്തെ ശാക്തീകരിക്കുക എന്നത് ദുരന്ത ലഘൂകരണത്തിൽ ആഗോള തലത്തിൽ പിന്തുടരുന്ന മികച്ച രീതിയാണ്,'' ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ ദുരന്തസാധ്യത ലഘൂകരണ മേധാവി ഡോ മുരളി തുമ്മാരുകുടി പറഞ്ഞു.

ഒരു ദുരന്തസമയത്ത്, മിക്ക ആളുകൾക്കും ആദ്യം സഹായം ലഭിക്കുന്നത് കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമാണ്, അതിനാൽ ദുരന്ത നിവാരണത്തെക്കുറിച്ചുള്ള അവബോധം ആദ്യം കുടുംബത്തിലും പ്രാദേശിക തലത്തിലും ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത തയ്യാറെടുപ്പിൽ സ്ത്രീകളുടെ സജീവമായ പങ്കാളിത്തത്തിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് കേരളത്തിലെ സെന്റർ ഫോർ മിറ്റിഗേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ഓണററി ചെയർപേഴ്സണും, റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥയുമായ ഡോ നിവേദിത പി. ഹരൻ പറഞ്ഞു. 'അപകടസാധ്യത കുറയ്ക്കുന്ന പ്രക്രിയകളുടെ ഭാഗമാകാൻ സ്ത്രീകൾ മുന്നോട്ട് വന്ന അവസരങ്ങളിൽ ഫലപ്രദമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അവർ പറഞ്ഞു.

ശാസ്ത്രീയമായ വിവരശേഖരണവും, ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് അവർ പറഞ്ഞു. ഇൻഫർമേഷൻ ടെക്‌നോളജിയുടെയും, സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗം പ്രാദേശിക തലത്തിൽ ശേഷി വർദ്ധിപ്പിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കേരളത്തിന് വളരെയധികം സഹായകരമായി. ദുരന്തനിവാരണ പ്രക്രിയകളെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുന്നതിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം, പ്രാദേശിക നേതൃത്വതലത്തിലുള്ള പിന്തുണ എന്നിവ ദുരന്തപ്രതികരണത്തിൽ ഫലപ്രദമാകുമെന്നും അവർ ചൂണ്ടികാണിച്ചു.

ദുരന്തങ്ങൾക്ക് മുന്നോടിയായി സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ ഗവേഷണ മേഖലക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാഡ് മിറ്റിഗേഷൻ ആൻഡ് പ്ലാനിങ് സഹഡയറക്ടർ ഡോ ഹിമാൻഷു ഗ്രോവർ പറഞ്ഞു. 'ദുരന്തങ്ങളുടെ ഓർമ്മകൾ എളുപ്പത്തിൽ മങ്ങുന്നു, പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ പ്രതികരിച്ചുവെന്ന് ആളുകൾ മറക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ചട്ടക്കൂട് ഉണ്ടാക്കാനും സമൂഹങ്ങളുമായി അറിവ് പങ്കിടാനും വിടവ് നികത്താനും ഗവേഷണ മേഖലക്ക് കഴിയും,'' ഗ്രോവർ പറഞ്ഞു.

കോവിഡ് -19 മഹാമാരിയെ ഒരു ദുരന്തമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ് ഡിഎംഎ) മെമ്പർ സെക്രട്ടറി ഡോ ശേഖർ കുര്യാക്കോസ് പറഞ്ഞു. മറ്റ് പ്രകൃതിദുരന്തങ്ങളോടുള്ള പ്രതികരണത്തിലും കോവിഡ് -19 ന്റെ സ്വാധീനം അനുഭവപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിലെ നയപരമായ ഇടപെടലുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും, ദുരന്ത പ്രതിരോധ ചർച്ചകളിലും, ആസൂത്രണത്തിലും എല്ലാവരെയും ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും, കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'അമേരിക്ക വിത്ത് കേരള' പദ്ധതിയുടെ ഭാഗമായി 2019 ജൂൺ മുതൽ ഒക്ടോബർ വരെ ദുരന്തതയ്യാറെടുപ്പുകളും കൈകാര്യം ചെയ്യലും, എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിവിധ ശില്പശാലകളിൽ നിന്നും, ബോധവത്കരണ പരിപാടികളിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളിച്ചാണ് സിപിപിആർ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ സിപിപിആർ വെബ്സൈറ്റിൽ (www.cppr.in) ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP