Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കോവിഡ് 19ന്റെ പശ്ചാത്തലത്തിലും നേരത്തേയുള്ള സ്തനാർബുദ ലക്ഷണങ്ങൾ അവഗണിക്കരുത്

സ്വന്തം ലേഖകൻ

കൊച്ചി: സ്തനാർബുദ നിർണയവും ചികിൽസയും ഈ വർഷം നഗരത്തിലെ കാൻസർ വിദഗ്ദ്ധർക്ക് വലിയ പഠന വിഷയമാകുന്നു. കോവിഡ്-19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ സ്തനാർബുദ നിർണയവും ചികിൽസയും വൈകിപ്പിക്കാനുള്ള തീരുമാനം വരും വർഷങ്ങളിൽ കാൻസർ മരണനിരക്ക് ഉയർത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോവിഡ്-19 പകർച്ചവ്യാധി അങ്ങനെ സ്തനാർബുദ രോഗികളുടെ ചികിൽസയിൽ വലിയ വെല്ലുവിളിയാകുകയാണ്.

ഈ കാലയളവിൽ ആന്വേഷണങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും സ്തനങ്ങൾ പതിവായി പരിശോധിച്ചുകൊണ്ടിരിക്കണമെന്നും സംശയം തോന്നിയാൽ ബന്ധപ്പെട്ട ഡോക്ടർമാരെ ഉടൻ സമീപിക്കണമെന്നും സ്ത്രീകളോട് ആവശ്യപ്പെടുകയാണ് കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രി മെഡിക്കൽ ഓങ്കോളജി മേധാവി ഡോ.വി.പി.ഗംഗാധരൻ. എത്രയും നേരത്തെ കണ്ടെത്തുന്നോ അത്രയും എളുപ്പത്തിൽ വിജയകരമായി ചികിൽസിക്കാമെന്നും അദേഹം പറഞ്ഞു. സ്തനാർബുദ സ്‌ക്രീനിങും ചികിൽസയും വൈകുന്നത് വരും ദശകങ്ങളിൽ മോർട്ടാലിറ്റി നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നതിനാൽ അവരെ സുരക്ഷിതരാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും ആശുപത്രികൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും സ്തനാർബുദ പരിശോധന പരിപാടികളുടെ സാധ്യതകൾ വ്യാപകമായി സ്ഥിരീകരിക്കുന്നുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ.അരുൺ വാരിയർ ചൂണ്ടിക്കാട്ടി. നേരത്തെ കണ്ടെത്തുന്ന സ്തനാർബുദം ചികിൽസിക്കാൻ എളുപ്പവുമാണ് അതിജീവന സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. 40 വയസ് കഴിഞ്ഞവർ വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം എടുക്കുകയോ 30 വയസ് കഴിഞ്ഞവർ സ്ഥിരമായി സ്തനങ്ങൾ സ്വയം പരിശോധിച്ചുകൊണ്ടിരിക്കുകയോ ചെയ്യണം.

കോവിഡ്-19ന്റെ ഈ പരീക്ഷണ കാലത്ത് ഫോണിലൂടെയും ഓൺലൈൻ വീഡിയോയിലൂടെയും വിദഗ്ദ്ധർ കൺസൾട്ടേഷൻ നടത്തുന്നുണ്ട്. രോഗികളുടെ ലക്ഷണങ്ങളും മറ്റും പരിശോധിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുന്നു. കോവിഡ്-19 പകർച്ചവ്യാധി മൂലം മാമോഗ്രാം വൈകുന്നുണ്ടെങ്കിൽ ഡോക്ടർമാരെ വിളിച്ച് അത് റീഷെഡ്യൂൾ ചെയ്യാനാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.

സ്തനാർബുദം ഇപ്പോൾ നഗര വനിതകളിൽ സർവസാധാരണമായിരിക്കുകയാണ്. ഗ്രാമീണ വനിതകളുടെ കാര്യത്തിൽ രണ്ടാമത്തെ സാധാരണ രോഗവുമാണ്. നഗരവൽക്കരണവും ജീവിതശൈലി മാറ്റത്തെയും തുടർന്ന് 2030ഓടെ എണ്ണത്തിൽ നാടകീയ കുതിപ്പുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും ജങ്ക് ഫൂഡും പുകവലിയുമാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കുടുംബ പാരമ്പര്യം ജനറ്റിക്സ് എന്നിവയ്ക്കും സ്ത്രീകളിൽ സ്തനാർബുദം വർധിക്കുന്നതിൽ നിർണായക പങ്കുണ്ട്. കുടുംബത്തിൽ സ്തനാർബുദമുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ അപകടം വരുത്തുന്നത് 50 കഴിമ്പോൾ സ്ത്രീകളിലായിരിക്കും.

സ്പർശനത്തിൽ എന്തെങ്കിലും അസാധാരണമായി ഉണ്ടോയെന്ന് പരിശോധിക്കുക. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ പരിശോധിക്കുക, ഡോക്ടറെ കാണുക. നിപ്പിൾ ഭാഗം, കക്ഷം, കോളർ ബോൺ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിങ്ങൾ സ്വയം പരിശോധിക്കുമ്പോൾ തോന്നുന്ന എല്ലാ പ്രശ്നങ്ങളും അറിയിക്കണം.

സ്തനാർബുദം ഉറപ്പാക്കുന്ന രോഗികൾക്ക് പ്ലാൻ ചെയ്ത പടിപടിയായുള്ള ചികിൽസ ആവശ്യമാണ്. അവരവരുടെ രോഗസ്ഥിതി അനുസരിച്ചായിരിക്കും ചികിൽസ. എത്രയും പെട്ടെന്ന് മെഡിക്കൽ സഹായം തേടിയാൽ അത്രയും പെട്ടെന്ന് സുഖം പ്രാപിക്കാം. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കാൻസർ പരിശോധിക്കാൻ വൈകിയാൽ അത് ചിലപ്പോൾ മാരകമായേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP