Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സജിതാ മഠത്തിലിന്റെ പുസ്തക പ്രകാശനത്തിന് റീമയും രമ്യയും കൃതിയിൽ; മുഖ്യമന്ത്രി ഇന്ന് കൃതിയിൽ

സജിതാ മഠത്തിലിന്റെ പുസ്തക പ്രകാശനത്തിന് റീമയും രമ്യയും കൃതിയിൽ;  മുഖ്യമന്ത്രി ഇന്ന് കൃതിയിൽ

കൊച്ചി: സിനിമാ-നാടക പ്രവർത്തകയായ സജിതാ മഠത്തിലിന്റെ നാൽപ്പതു വർഷത്തെ നാടകജീവിതസ്മരണകളുടെ കൃതിയിൽ നടന്ന പ്രകാശനം താരനിബിഡമായി. സജിതയുടെ സിനിമാ സഹപ്രവർത്തകരായ താരങ്ങൾ റീമ കല്ലിങ്കലും രമ്യ നമ്പീശനുമാണ് ചടങ്ങിൽ സംബന്ധിക്കാനെത്തിയത്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച സജിതയുടെ പുസ്തകം അരങ്ങിലെ മത്സ്യഗന്ധികൾ കൃതിയുടെ വൈലോപ്പിള്ളി ഹാളിൽ എഴുത്തുകാരി പ്രിയ എ എസ് റീമ കല്ലിങ്കന് നൽകി പ്രകാശിപ്പിച്ചു. കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് പ്രൊഫ. ജാനകി ശ്രീധരൻ പുസ്തകപരിചയം നടത്തി. നാടകപ്രവർത്തകരമായ ചന്ദ്രദാസൻ, ഷൈലജ പി. അൻപു, ഗ്രീൻ ബുക്സ് ഡയറക്ടർ സുഭാഷ് പൂങ്കാട്ട് എന്നിവരും പങ്കെടുത്തു.

സജിതയുടെ ഓർമയെഴുത്ത് വായിക്കുമ്പോൾ അവയെല്ലാം കൺമുന്നിൽ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ് പറഞ്ഞു. താൻ മുതിർന്ന സഹോദരിയായി കരുതുന്ന സജിത ഇനിയും എഴുതണമന്നാണ് പ്രതീക്ഷയെന്ന് റീമ കല്ലിങ്കൽപറഞ്ഞു.

ഭൂരിപക്ഷവാദമല്ല ഭരണഘടനയാണ് പ്രധാനമെന്ന് കാളീശ്വരം രാജ്
കൊച്ചി: ഭൂരിപക്ഷവാദമല്ല ഭരണഘടനാ മൂല്യങ്ങൾ അനുസരിച്ചാണ് നിയമ വ്യവസ്ഥ നിലകൊള്ളേണ്ടതെന്നു പ്രമുഖ അഭിഭാഷകൻ കാളീശ്വരം രാജ്. കൃതിയിൽ ചരിത്ര വിധികളും വിധികളുടെ ചരിത്രവും എന്ന വിഷയത്തിൽ മകളും അഭിഭാഷകയുമായ തുളസി കെ. രാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശന വിധിപോലുള്ള വിഷയങ്ങളിൽ ഭരണഘടയിലെ വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ലിംഗ സമത്വത്തെയും രണ്ടു ധ്രുവങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വാദങ്ങൾ ശരിയല്ലെന്നും കാളീശ്വരം രാജ് പറഞ്ഞു.

ഭരണഘടനയുടെ 25ാം വകുപ്പ് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമുള്ളതല്ല. വിവിധ ബോധ്യങ്ങൾ നിലനിർത്താനുള്ള വ്യക്തികളുടെ അവകാശത്തിനു വേണ്ടിയുള്ളതാണ്. ഭൂരിപക്ഷത്തിന്റെ ബോധമല്ല ഭരണഘടനാ ധാർമികതയാണ് കോടതികൾ ഉയർത്തിപ്പിടിക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യമെന്ന പരമ്പരാഗത ജനാധിപത്യമല്ല ഭരണഘടനാ ജനാധിപത്യം. ലൈംഗിക ന്യൂനപക്ഷങ്ങളുടേതടക്കമുള്ള വിഷയങ്ങളിൽ ഇക്കാര്യം പ്രസക്തമാണ്. ശബരിമല വിഷയത്തിൽ പുനപരിശോധനാ ഹരജികൾ ഭൂരിപക്ഷവും നിയമപരമായി കഴമ്പില്ലാത്തവയാണ്. ഭരണഘടനയെ കൃത്യമായി പഠിച്ച് പുറപ്പെടുവിച്ചതാണ് കേസിലെ സുപ്രീം കോടതി വിധി. അതിനെതിരായ പുനപരിശോധനാ ഹരജികൾ പരാജയപ്പെടുമെന്നാണ് കരുതുന്നതെന്നും കാളീശ്വരം രാജ് പറഞ്ഞു.

ചരിത്ര വിധികൾ മാത്രമല്ല കോടതികൾ പുറപ്പെടുവിക്കുന്നത്. ഭരണഘടനക്കകത്തുനിന്നാണ് കോടതി പ്രവർത്തിക്കുന്നത്. പലപ്പോഴും ഭരിക്കുന്നവരുടെ ബോധത്തിന് വേണ്ടി ഭരണഘടനാ മൂല്യങ്ങൾ മാറ്റിനിർത്തുന്ന അവസരങ്ങളുണ്ട്. കഴിഞ്ഞ ആഗസ്തിൽ ഭീമകൊറേഗാവ് വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കോടതി സ്വീകരിച്ച നിലപാടടക്കം ചർച്ചയാവേണ്ടതുണ്ട്. പൊതുബോധത്തിനനുസരിച്ച് വിധിപറയുന്ന സംഭവങ്ങളടക്കം ഉദാഹരണങ്ങളായുണ്ട്. ഇത്തരം നടപടികളും ചരിത്ര വിധികൾക്കൊപ്പം ചർച്ചയാവേണ്ടതുണ്ടെന്നും കാളീശ്വരം രാജ് പറഞ്ഞു.

ഭരണഘടനയുടെ 17ാം അനുച്ഛേദം പിന്നാക്കക്കാർക്കെതിരായ വിവേചനത്തിനെതിരേ മാത്രമല്ല സ്ത്രീകൾക്കെതിരായ തൊട്ടുകൂടായ്മക്കെതിരേയും ഉപയോഗിക്കാമെന്ന് ശബരിമല വിധി വ്യക്തമാക്കിയതായി തുളസി കെ രാജ് പറഞ്ഞു.

ശബരിമല വിധിക്കെതിരേ സ്ത്രീകൾ തെരുവിലിറങ്ങിയത് വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് സക്കറിയ

കൊച്ചി: കേരളത്തിൽ ശബരിമല വിധിക്കെതിരേ സ്ത്രീകൾ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരൻ സക്കറിയ. നവോത്ഥാാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ തികച്ചും ഉപരിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വെറുമൊരു ബ്രാൻഡ് നെയിം എന്നപോലെയാണ് നവോത്ഥാനം എന്ന പദം ഉപയോഗിക്കപ്പെടുന്നത്. നവോത്ഥാാനം എന്ന് എന്തിനെയും പറയുന്ന, ഒരു പരിഹാസ പദമായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. കൃതി വിജ്ഞാനോൽസവത്തിൽ എഴുത്തും നവോത്ഥാാനവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നവോത്ഥാനത്തെ വേരോടെ പിഴുതതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സക്കറിയ പറഞ്ഞു. കേരളത്തിൽ നവോത്ഥാനത്തിനുണ്ടായ തിരിച്ചടികൾക്ക് രാഷ്ട്രീയകക്ഷികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആൾദൈവങ്ങളെ വളർത്തി വലുതാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തത് മാധ്യമങ്ങളാണെന്നും സകറിയ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിലൂടെയാണ് വ്യക്തികൾ ലക്ഷക്കണക്കിനു വരുന്ന ജനങ്ങൾക്കിടയിൽ എത്തിച്ചേരുന്നത്.

ശബരിമല വിഷയത്തെ ലാഭമുണ്ടാക്കാനുള്ള മാർഗമായി കാണുന്നത് മാധ്യമങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ ആ വിഷയം കെട്ടടങ്ങാൻ പോവുന്നുള്ളൂ. വിഷയങ്ങളെ മാധ്യമങ്ങൾ പർവതീകരിക്കുകയാണ്. സിപിഎമ്മും കോൺഗ്രസും പോലുള്ള കക്ഷികളിൽ അപചയമുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിന്റെ തരംതാഴലും ജനാധിപത്യ ബോധമില്ലായ്മയുമുണ്ടായി. ശബരിമല വിഷയത്തിൽ സിപിഎം നേതൃത്വത്തിലുള്ള സർക്കാർ നിലപാട് മാറ്റുന്നത് കോൺഗ്രസിനെപ്പോലും തോൽപിക്കുന്ന തരത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എന്ന വ്യക്തിക്കല്ലാതെ മറ്റാർക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് സിപിഎമ്മിലില്ലെന്നാണ് മനസ്സിലാവുന്നത്. ബിജെപിയെപ്പോലും തോൽപിക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും സക്കറിയ പറഞ്ഞു.

കേരളത്തിൽ ശബരിമല വിധിക്കെതിരേ സ്ത്രീകൾ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ല. നവോത്ഥാാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ തികച്ചും ഉപരിപ്ലവമാണ്. ഇപ്പോൾ വെറുമൊരു ബ്രാൻഡ് നെയിം എന്നപോലാണ് നവോത്ഥാാനം എന്നതിനെ ഉപയോഗിക്കുന്നത്. നവോത്ഥാാനം എന്ന് എന്തിനെയും പറയുന്ന, ഒരു പരിഹാസ പദമായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്.

തന്റെ കൗമാര കാലത്ത് പുരോഗമന സാഹിത്യം സ്വാധീനം ചെലുത്തിയിരുന്നു. അത്തരം എഴുത്തുകാരുടെ കൃതികളും തന്നെ സ്വാധീനിച്ചു. യൂറോപിൽ ക്രിസ്തുമതത്തെ പുറത്താക്കിയായിരുന്നു നവോത്ഥാാനമുണ്ടായത്. എന്നാൽ ഇന്ത്യയിൽ ഇന്നും മതത്തിൽ നിന്നും ജാതിയിൽ നിന്നും മുക്തി നേടാൻ സാധിച്ചില്ല. വർഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്‌കാരിക പ്രവർത്തകർക്കും സിപിഎം വേദികളിൽ ഇടം കിട്ടുമെന്ന അവസ്ഥ ഇന്നുണ്ട്. രണ്ടുപക്ഷത്തും നിൽക്കുകയാണ് എഴുത്തുകാർ, ഇവരെ തിരസ്‌കരിക്കാതിരിക്കുന്നതിലൂടെ സിപിഎമ്മും ഇരട്ടത്താപ്പ് കാണാക്കുകയാണ്. ശബരിമല വിഷയത്തിൽ ശശി തരൂരിനെപ്പോലുള്ള നേതാവിന്റെ നിലപാട് മാറ്റം ലജ്ജാകരമാണ്. എഴുത്തുകാരും ബുദ്ധി ജീവികളും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോൾ പ്രസ്താവനയിറക്കുക മാത്രമാണ് പ്രതികരണമെന്ന നിലയിൽ എഴുത്തുകാർ ചെയ്യുന്നതെന്നും സക്കറിയ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ അവസരവാദം കേരള നവോത്ഥാനത്തെ പിറകോട്ടടിച്ചതായി ചർച്ചയിൽ പങ്കെടുത്ത എൻ ഇ സുധീർ അഭിപ്രായപ്പെട്ടു. നവോത്ഥാന പാരമ്പര്യമെന്നാണ് പലപ്പോഴും പറഞ്ഞു കേൾക്കുന്നത്. പാരമ്പര്യത്തെ ചോദ്യം ചെയ്തായിരുന്നു നവോത്ഥാാനമെന്ന കാര്യം ഓർക്കേണ്ടതുണ്ട്. നവോത്ഥാാനത്തിലേക്ക് തിരിച്ചുപോവണമെന്നുമെന്ന് പറഞ്ഞു കേൾക്കുന്നു. തിരിച്ചുപോവുകയല്ല മുന്നേറുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബലാൽസംഗം ലൈംഗികപ്രകടനമല്ല, അധികാരപ്രകടനമാണെന്ന് തസ്ലിമ നസ്രിൻ

കൊച്ചി: ബലാൽസംഗം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പുരുഷാധിപത്യവും അധികാരവുമായി ബന്ധപ്പെട്ട വിഷയമാണെും പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിൻ. കൃത്യമായും കീഴ്പ്പെടുത്തലിന്റെ ആയുധമാണത്. കാലാകാലങ്ങളായി പുരുഷൻ അത് ഉപയോഗിക്കുന്നു, തസ്ലിമ നസ്രിൻ പറഞ്ഞു. കൃതി വിജ്ഞാനോൽസവത്തിൽ ബലാൽസംഗം, കീഴ്പ്പെടുത്തലിന്റെ ആയുധം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുു അവർ.

'1971ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര കാലത്ത് രണ്ടു ലക്ഷത്തിലധികം ബംഗ്ലാദേശി വനിതകൾ പാക്കിസ്ഥാൻ സൈനികരാൽ ബലാൽസംഗം ചെയ്യപ്പെട്ടു. ചരിത്രത്തിൽ സമാനമായ മറ്റു സന്ദർഭങ്ങളിലും ഇത്തരം ഉദാഹരണങ്ങൾ കാണാം' - തസ്ലിമാ നസ്രിൻ പറഞ്ഞു.

ഇത് മാറാനുള്ള വഴി ആണുങ്ങളുടെ അധികാരം (മസ്‌കുലിനിറ്റി) കുറയുകയും സ്ത്രീകൾ കൂടുതൽ ശക്തരാവുകയും ചെയ്യുകയെന്നതാണ്.

ഒരു ഇരയെ നിലയിലുള്ള അനുഭവങ്ങൾ പറയുന്ന തന്റെ ആത്മകഥയുട ആദ്യ രണ്ടു ഭാഗങ്ങൾ കീഴ്പ്പെടുത്തലിന്റെ കഥകളായിരുതിനാൽ അവയെ എല്ലാവരും സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് താൻ ജീവിതത്തിൽ കരുത്തും ധൈര്യവും നേടി വിവേചനങ്ങൾക്കെതിരേ നിലകൊണ്ടതെന്നും എങ്ങനെ ലൈംഗികത ആസ്വദിച്ചെന്നും എഴുതിയ മൂന്നാംഭാഗത്തിൽ എഴുതിയപ്പോൾ എല്ലാവരും അതിലെതിരേ തിരിഞ്ഞു, തസ്ലിമാ നസ്രിൻ പറഞ്ഞു.

ബലാൽസംഗം ചെയ്യപ്പെടുന്നതിന്റെ പേരിൽ ലോകമെങ്ങും കുറ്റപ്പെടുത്തപ്പെടുന്നത് സ്ത്രീകളാണ്. അവരുടെ വസ്ത്രധാരണം, പൊതുവേദികളിലെ പെരുമാറ്റം ഇതെല്ലാം വിമർശിക്കപ്പെടുന്നു. എന്നാൽ ബലാൽസംഗം തീർത്തും ആണുങ്ങളുടെ മാത്രം പ്രശ്നമാണ്. ആണുങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക മാത്രമാണ് ബലാൽസംഗങ്ങൾ കുറയ്ക്കാനുള്ള പോംവഴി.

വിവാഹജീവിതതത്തിലെ ബലാൽസംഗം കുറ്റകരമാക്കാത്തതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭരണകൂടങ്ങളെ തസ്ലിമ വിമർശിച്ചു. വ്യഭിചാരത്തിൽപ്പോലും സെക്സിനേക്കാളധികം ഹിംസയാണുള്ളത്. ഭൂരിപക്ഷം ആണുങ്ങളും പെണ്ണുങ്ങളെ അടിമകളും ലൈംഗിക ഉപകരണങ്ങളും പ്രസവയന്ത്രങ്ങളും മാത്രമായി കാണുന്നു. സത്യത്തിൽ അടിമകളെ ജീവിതപങ്കാളികളാക്കുന്നതിനേക്കാൾ ആണുങ്ങൾക്ക് നല്ലത് തുല്യതയുള്ളവരെ ജീവിതപങ്കാളികളാക്കുന്നതാണെന്നും തസ്ലിമ പറഞ്ഞു.

നിർഭാഗ്യവശാൽ ഒരു വനിതാ മുഖ്യമന്ത്രിയായ മമത ബാനർജിപോലും ബലാൽസംഗ ഇരകൾക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ബലാൽസംഗം ചെയ്യുന്നവർക്ക് മരണശിക്ഷ നൽകുന്നത് ബലാൽസംഗങ്ങളുടെ എണ്ണം കുറയ്ക്കില്ല. ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബലാൽസംഗങ്ങളുടെ എണ്ണം കുറയാനേ ഉപകരിക്കൂ.

`മാർക്സിസം മരിക്കുന്നില്ലെന്ന് പുസ്തകങ്ങൾ

കൊച്ചി: മാർക്സിസം മരിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർ കൃതിയിലേയ്ക്കു വരിക. ഡെൽഹിയിൽ നിന്നുള്ള ജനചേതനയുടെ സ്റ്റാളിൽ രാഹുൽ ഫൗണ്ടേഷൻ, അർവിന്ദ് മെമോറിയൽ ട്രസ്റ്റ് തുടങ്ങിയ പ്രസാധകരുടെ നൂറു കണക്കിന് മാർക്സിസ്റ്റ് ക്ലാസിക്കുകളും സമകാലീന പഠനങ്ങളുമാണ് മാർക്സിസത്തിന് കടുത്ത അനുഭാവികളും അതിലും കടുത്ത ശത്രുക്കളുമുള്ള കേരളത്തിലെ വായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

മാർക്സും ഏംഗൽസും തനിച്ചും ഒരുമിച്ചുമെഴുതിയ ക്ലാസിക്കുകൾ, മാർക്സിസത്തിന്റെ ആദ്യപ്രയോക്താവായ ലെനിന്റെ മാസ്റ്റർപീസുകൾ, പ്ലെഖനോവ്, സ്റ്റാലിൻ, മാവോസേതുങ്ങ് എന്നിവരുടെ കൃതികൾ തുടങ്ങിയവ സ്റ്റാളിലുണ്ട്. കൃതിയുടെ ആദ്യ പതിപ്പിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നെന്നും ഇതു കണക്കിലെടുത്താണ് കൂടുതൽ പുസ്തകങ്ങളുമായി ഇക്കുറി വീണ്ടും വന്നതെന്നും സ്റ്റാളിന്റെ ചുമതലയുള്ള ഡെൽഹിക്കാരൻ സണ്ണി സിങ് പറഞ്ഞു. ക്ലാസിക്കുകൾക്കു പുറമെ മാർക്സിസം പഠിക്കാനുള്ള സ്റ്റഡി കോഴ്സും സ്റ്റാളിലുണ്ട്.

ഇവയ്ക്കു പുറമെ മാർക്സിസ്റ്റ് ആചാര്യന്മാരുടെ ജീവചരിത്രങ്ങൾ, സ്മരണകൾ എന്നിവയും സാംസ്‌കാരിക വിപ്ലവം, യുഎസ്എസ്ആറിന്റെ തകർച്ച തുടങ്ങിയവ മുതൽ ജാതിവ്യവസ്ഥ, സ്ത്രീവിമോചനം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലാളി മുന്നേറ്റങ്ങൾ, ജനാധിപത്യം തുടങ്ങിയ സമകാലിക വിഷയങ്ങളെപ്പറ്റിവരെ വിദേശീയരും ഇന്ത്യക്കാരുമായ മാർക്സിസ്റ്റ് ചിന്തകർ എഴുതിയ പുസ്തകങ്ങളും മാർക്സിസത്തിന് മരണമില്ലെന്ന് പ്രഖ്യാപിച്ച് ജനചേതനയിൽ കേരളീയരെ കാത്തിരിക്കുന്നു.

മാർക്സിസം മരിക്കുന്നില്ലെന്ന് പുസ്തകങ്ങൾ

കൊച്ചി: മാർക്സിസം മരിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർ കൃതിയിലേയ്ക്കു വരിക. ഡെൽഹിയിൽ നിന്നുള്ള ജനചേതനയുടെ സ്റ്റാളിൽ രാഹുൽ ഫൗണ്ടേഷൻ, അർവിന്ദ് മെമോറിയൽ ട്രസ്റ്റ് തുടങ്ങിയ പ്രസാധകരുടെ നൂറു കണക്കിന് മാർക്സിസ്റ്റ് ക്ലാസിക്കുകളും സമകാലീന പഠനങ്ങളുമാണ് മാർക്സിസത്തിന് കടുത്ത അനുഭാവികളും അതിലും കടുത്ത ശത്രുക്കളുമുള്ള കേരളത്തിലെ വായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

മാർക്സും ഏംഗൽസും തനിച്ചും ഒരുമിച്ചുമെഴുതിയ ക്ലാസിക്കുകൾ, മാർക്സിസത്തിന്റെ ആദ്യപ്രയോക്താവായ ലെനിന്റെ മാസ്റ്റർപീസുകൾ, പ്ലെഖനോവ്, സ്റ്റാലിൻ, മാവോസേതുങ്ങ് എന്നിവരുടെ കൃതികൾ തുടങ്ങിയവ സ്റ്റാളിലുണ്ട്. കൃതിയുടെ ആദ്യ പതിപ്പിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നെന്നും ഇതു കണക്കിലെടുത്താണ് കൂടുതൽ പുസ്തകങ്ങളുമായി ഇക്കുറി വീണ്ടും വന്നതെന്നും സ്റ്റാളിന്റെ ചുമതലയുള്ള ഡെൽഹിക്കാരൻ സണ്ണി സിങ് പറഞ്ഞു. ക്ലാസിക്കുകൾക്കു പുറമെ മാർക്സിസം പഠിക്കാനുള്ള സ്റ്റഡി കോഴ്സും സ്റ്റാളിലുണ്ട്.

ഇവയ്ക്കു പുറമെ മാർക്സിസ്റ്റ് ആചാര്യന്മാരുടെ ജീവചരിത്രങ്ങൾ, സ്മരണകൾ എന്നിവയും സാംസ്‌കാരിക വിപ്ലവം, യുഎസ്എസ്ആറിന്റെ തകർച്ച തുടങ്ങിയവ മുതൽ ജാതിവ്യവസ്ഥ, സ്ത്രീവിമോചനം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലാളി മുന്നേറ്റങ്ങൾ, ജനാധിപത്യം തുടങ്ങിയ സമകാലിക വിഷയങ്ങളെപ്പറ്റിവരെ വിദേശീയരും ഇന്ത്യക്കാരുമായ മാർക്സിസ്റ്റ് ചിന്തകർ എഴുതിയ പുസ്തകങ്ങളും മാർക്സിസത്തിന് മരണമില്ലെന്ന് പ്രഖ്യാപിച്ച് ജനചേതനയിൽ കേരളീയരെ കാത്തിരിക്കുന്നു.

മുഖ്യമന്ത്രി ഇന്ന് കൃതിയിൽ

പരിപാടി 3 മണിക്ക്, പ്രസംഗം, പ്രകാശനം, ആദരിക്കൽ ചടങ്ങുകൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രു 11 തിങ്കൾ) കൃതി സന്ദർശിക്കും. 3 മണിക്കാണ് പരിപാടി. കൃതി സന്ദർശനത്തിന്റെ ഭാഗമായി നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തിൽ കൃതിയുടെ മുഖ്യവേദിയായ പണ്ഡിറ്റ് കറുപ്പൻ ഹാളിൽ മുഖ്യമന്ത്രി സംസാരിക്കും.

മലയാള കാർട്ടൂണിന്റെ നൂറാം വർഷത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്റെ കാർട്ടൂൺ പുസ്തകം മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. ശങ്കറിന്റെ ശിഷ്യൻ കാർട്ടൂണിസ്റ്റ് യേശുദാസനെ മുഖ്യമന്ത്രി ആദരിക്കും. കൃതിക്കു വേണ്ടി ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കാതെ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്ന സംസ്ഥാന വൈദ്യുത ബോർഡിനും മുഖ്യമന്ത്രി ഉപഹാരം നൽകും.

ചടങ്ങിൽ മുഖ്യമന്ത്രി ഹോർത്തൂസ് മലബാറിക്കൂസ് റിസർച്ച് ഫെല്ലോ ഡോ. സി. ആർ. സുരേഷിന് ജൈവകീർത്തി പുരസ്‌കാരം സമ്മാനിക്കും. പ്രസാധനരംഗത്തെ പെൺകൂട്ടായ്മയായ സമതയാണ് പുരസ്‌കാരം നൽകുന്നത്. ടി എ ഉഷാകുമാരി, വി യു രാധാകൃഷ്ണൻ എന്നിവർ ചേർന്നെഴുതി സമത പ്രസിദ്ധീകരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് സസ്യവൈവിധ്യവും നാട്ടുചികിത്സയും പഠനം, സംഗ്രഹം എന്ന പുസ്തകത്തിന്റെ പ്രകാശനം കൃതിയുടെ ജി. ശങ്കരക്കുറുപ്പ് വേദിയിൽ ഫ്രണ്ട്ലൈൻ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന് നൽകി ഡോ. സി. ആർ. സുരേഷ് പ്രകാശനം ചെയ്യുന്നുണ്ട്. 4 മണിക്കാണ് ഈ പരിപാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP