Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നോക്ക-സവർണ്ണ സംവരണം എന്ന പ്രയോഗം ഭരണഘടനാ വിരുദ്ധം; സർക്കാർ ഉത്തരവുകൾ തിരുത്തണം: ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കോട്ടയം: സാമ്പത്തിക സംവരണത്തിന് മുന്നോക്ക-സവർണ്ണ സംവരണമെന്ന പദപ്രയോഗം ഭരണഘടനാവിരുദ്ധമാണെന്നും മുന്നോക്ക സംവരണമെന്നും സവർണ്ണ സംവരണമെന്നും സൂചിപ്പിച്ചുള്ള സർക്കാർ ഉത്തരവുകൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കുള്ള സംവരണമെന്ന് തിരുത്തിയിറക്കണമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലായർ അഡ്വ വി സി.സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിതിന് പകരം സംവരണേതരരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നാണ് പറയേണ്ടതെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് സർക്കാർ ഡിപ്പാർട്ട്മെന്റുകൾ തിരുത്തലുകൾക്ക് തയ്യാറാകണം.

രാജ്യത്ത് അടുത്തകാലം വരെ എസ്.സി., എസ്.ടി., ഒ.ബി.സി., മൈനോരിറ്റി എന്നിങ്ങനെ ജാതി-മത അടിസ്ഥാനത്തിൽ മാത്രമുള്ള സാമൂഹ്യ വർഗീകരണം മാത്രമാണ് ഭരണഘടനാപരമായി നിലനിന്നിരുന്നത്. എന്നാൽ 2019 ജനുവരിയിലെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ആർട്ടിക്കിൾ 15(6), 16(6) എന്നീ ഉപവകുപ്പുകൾ പ്രകാരം രാജ്യത്തെ ജനവിഭാഗങ്ങളിൽ സംവരണേതര വിഭാഗം (അൺ റിസർവ്ഡ് ക്ലാസസ്) എന്ന വർഗീകരണം അഥവാ ക്ലാസ്സിഫിക്കേഷൻ യാഥാർഥ്യമായിരിക്കുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു മുൻപ് വരെ ഈ വിഭാഗങ്ങളെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക പരാമർശമില്ലായിരുന്നു. അതുകൊണ്ടുതന്നെ ജനറൽ കാറ്റഗറി എന്ന് വിളിക്ക പ്പെടേണ്ടതായ ഈ വിഭാഗങ്ങളെ മുന്നാക്കക്കാർ അല്ലെങ്കിൽ സവർണർ എന്ന് വിളിച്ചാക്ഷേപിക്കുന്ന ശൈലി സർക്കാർ -രാഷ്ട്രീയ തലങ്ങളിൽ പോലും ഉടലെടുത്തു. കേരളത്തിലും അങ്ങേയറ്റം വ്രണപ്പെടുത്തുന്ന രീതിയിൽ സംവരണേതര വിഭാഗങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്നത് തിരുത്തപ്പെടേണ്ടതാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങൾക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ എതിർക്കുന്ന മത ജാതി വിഭാഗങ്ങൾ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്. നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവർ സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് വിരോധാഭാസവും ക്രൂരതയുമാണ്.

സാമ്പത്തിക സംവരണത്തിന്റെ പേരിൽ സംസ്ഥാനത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയകലാപം സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന മുസ്ലിംലീഗ് മറ്റുസംസ്ഥാനങ്ങളിൽ മുസ്ലിംവിഭാഗത്തിലെ ന്യൂനപക്ഷത്തിന് മാത്രമാണ് സംവരണമുള്ളതെന്നത് മറക്കരുത്. കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ സമ്പന്നർക്കുള്ള സംവരണവും സംസ്ഥാന സർക്കാർ പിൻവലിക്കണം.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജാതിസംവരണ മാനദണ്ഡങ്ങൾ പോലും കേരളത്തിൽ മാറിമാറി ഭരിച്ചവർ അട്ടിമറിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവർഗ്ഗ സമൂഹങ്ങൾ തിരിച്ചറിയേണ്ടതാണ്. അർഹതപ്പെട്ട 22.5 ശതമാനത്തിൽ നിന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 8 ശതമാനം, 2 ശതമാനം എന്നിങ്ങനെ 10 ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത് ഈ വിഭാഗങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നു കാണണം. 27 ശതമാനുള്ള രാജ്യത്തെ ഒബിസി സംവരണം കേരളത്തിൽ 14 ശതമാനം ഈഴവ, 12 ശതമാനം മുസ്ലിം ഉൾപ്പെടെ 40 ശതമാനമാക്കി ഉയർത്തി ചില വിഭാഗങ്ങൾ തട്ടിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP