Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു

മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു

കൊല്ലം: വിജ്ഞാനത്തോടൊപ്പം വിവേകവും വളർത്തിയെടുക്കാൻ സാധിക്കാത്തതാണ് പുത്തൻ വിദ്യാഭ്യാസസമ്പ്രദായത്തിലെ പ്രധാന ന്യൂനതയെന്ന് മാതാ അമൃതാനന്ദമയി. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിൽ മൈസൂർ യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നുഅവർ.

വിദ്യാഭ്യാസമേഖലയിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങൾ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേർതിരിച്ചു കാണുന്നതാണ് ഇതിനു കാരണം. ഇത് മൂലം വിദ്യാഭ്യാസ മൂല്യങ്ങൾ പോലും ഇന്ന് നഷ്ടപ്പെടുകയാണ്. ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അമൃതാനന്ദമയി ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിന് വേണ്ടി ഇത്രയുമെങ്കിലും ചെയ്യാൻ അമൃതാനന്ദമയി മഠത്തിന് സ്ാധിക്കുന്നതെന്നും അതിനാൽ മൈസൂർയൂണിവേഴ്സിറ്റി നൽകിയ ആദരവ് വിശ്വാസികളുടെ ആത്മാർത്ഥയ്ക്കും പ്രയത്നത്തിനും മുന്നിൽ സമർപ്പിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു.

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും, സത്യം, ധർമ്മം, ദരിദ്രർക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അമൃതാനന്ദമയി വിവരിച്ചു

അമൃതപുരിയിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങിൽ മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്ത കുമാറിൽ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് - ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി സ്വീകരിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ, ആദ്ധ്യാത്മിക മാർഗദർശനമേകിയ അമൃതാനന്ദമയി ഇതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രൊഫ. ജി. ഹേമന്ത കുമാർ പറഞ്ഞു.

മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുൾക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും ചടങ്ങിൽ മുഖ്യഅതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാർ ചൗബേയും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിൽ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.

ഈ മാസം 17ന് മൈസൂരിൽ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടർച്ചയാണ് അമൃതപുരിയിൽ നടന്നത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ലിംഗരാജ ഗാന്ധി, എയിംസ് മേധാവി ഡോ. പ്രേംനായർ തുടങ്ങിയവർ സംസാരിച്ചു.

ആദ്ധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളിൽ മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സേവനപ്രവർത്തനങ്ങളോടുള്ള ആദരവായാണ് മൈസൂർയൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകിയത്. ഇതോടെ രണ്ടാം തവണയാണ് അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് - ബഫല്ലോ 'ഓണററി ഡോക്ടറേറ്റ് ഇൻ ഹ്യൂമൻ ലെറ്റേഴ്സ്' നൽകി ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP