Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃത സ്‌കൂൾ ഓഫ് ബിസിനസിന് എഎസിഎസ്ബി ഇന്റർനാഷണൽ അക്രഡിറ്റേഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്‌കൂൾ ഓഫ് ബിസിനസ് എഎസിഎസ്ബി ഇന്റർനാഷണൽ അക്രഡിറ്റേഷൻ സ്വന്തമാക്കി. ബിസിനസ് സ്‌കൂളുകൾക്കായുള്ള ഏറ്റവും പഴക്കമുള്ളതും ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബിസിനസ് രംഗത്തുള്ളവർക്കുമായുള്ള ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ ശൃംഖലയാണ് എഎസിഎസ്ബി.

അന്താരാഷ്ട്ര രംഗത്ത് അമൃത സ്‌കൂൾ ഓഫ് ബിസിനസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണ് എഎസിഎസ്ബി അക്രഡിറ്റേഷനെന്ന് അമൃത വിശ്വവിദ്യാപീഠം ചാൻസിലർ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് സാമൂഹികപ്രതിബദ്ധതയും ഗവേഷണവും അനുകമ്പയും ഒത്തുചേർന്ന സവിശേഷമായ ദൗത്യമാണ് ഈ ബിസിനസ് സ്‌കൂളിനുള്ളത്. എഎസിഎസ്ബി പീയർറിവ്യൂ സംഘത്തിനും മെന്റർമാർക്കും അമൃതാനന്ദമയി ദേവി നന്ദി പറഞ്ഞു.

ലോകത്തിലെതന്നെ അഞ്ചു ശതമാനത്തിൽ കുറവ് ബിസിനസ് സ്‌കൂളുകൾക്കു മാത്രം ലഭിക്കുന്ന ബഹുമതി ഏറെ താഴ്മയോടെ സ്വീകരിക്കുന്നുവെന്ന് അമൃത വിശ്വവിദ്യാപീഠം ഗ്ലോബൽ റാങ്കിങ്‌സ് ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ ഡോ. രഘു രാമൻ പറഞ്ഞു. ഏറ്റവും ഉയർന്ന ഗുണമേന്മയ്ക്കുള്ള അംഗീകാരമാണ് എഎസിഎസ്ബി അക്രഡിറ്റേഷൻ. ബിസിനസ് എജ്യൂക്കേഷൻ രംഗത്ത് പുതിയ വഴികൾ തുറക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അദ്ധ്യാപനം, ഗവേഷണം, കരിക്കുലം വികസനം, വിദ്യാർത്ഥികളുടെ പഠനം എന്നിങ്ങനെ എല്ലാ രംഗത്തും മികവ് നേടിയവർക്കാണ് എഎസിഎസ്ബി അക്രഡിറ്റേഷൻ ലഭിക്കുന്നതെന്ന് എഎസിഎസ്ബി ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് അക്രഡിറ്റേഷൻ ഓഫീസറുമായ എം. ബ്രയന്റ് പറഞ്ഞു. അക്രഡിറ്റേഷൻ നേടിയ അമൃത വിശ്വവിദ്യാപീഠത്തെയും അമൃത സ്‌കൂൾ ഓഫ് ബിസിനസിലെ അഡ്‌മിനിസ്‌ട്രേഷൻ, ഫാക്കൽറ്റി, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരെയും അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണമേന്മ അളക്കുന്നതിന് 15 അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് എഎസിഎസ്ബി അളക്കുന്നത്. ഈ രംഗങ്ങളിൽ തുടർച്ചയായ മികവ് നേടുന്നുണ്ടോയെന്നും അവരുടെ ദൗത്യങ്ങളിലും കണ്ടുപിടുത്തങ്ങളിലും മുന്നോട്ടുള്ള കുതിപ്പിലും നേട്ടങ്ങൾ ഉണ്ടോയെന്നും തുടർച്ചയായി വിലയിരുത്തും. ബിസിനസ് എജ്യൂക്കേഷൻ കമ്യൂണിറ്റിയിൽനിന്നുള്ളവർ ഇക്കാര്യങ്ങളിൽ തുടർച്ചയായ അവലോകനങ്ങൾ നടത്തും. മികച്ച നിലവാരമുള്ളതും ഭാവിയിലെ ബിസിനസ് വിദ്യാഭ്യാസത്തിന് അനുയോജ്യമായതുമായ വിഭവങ്ങളും രേഖകളും, പ്രതിബദ്ധതയും ഉണ്ടോയെന്നാണ് എഎസിഎസ്ബി അക്രഡിറ്റേഷനായി പരിശോധിക്കുക. നിലവിൽ 56 രാജ്യങ്ങളിലെ 862 സ്ഥാപനങ്ങൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. കൂടാതെ അക്കൗണ്ടിങ് പ്രോഗ്രാമുകൾക്കായി 188 സ്ഥാപനങ്ങൾ സപ്ലിമെന്റൽ അക്രഡിറ്റേഷൻ സ്വന്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളോടും അല്യൂമ്‌നി ശൃംഖലയോടും ബിസിനസ് സമൂഹത്തോടും മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തോടുള്ള പ്രതിബദ്ധതയുടെ ശരിയായ പ്രതിഫലനമാണ് അമൃത സ്‌കൂൾ ഓഫ് ബിസിനസ് അക്രഡിറ്റേഷൻ നേടാൻ കാരണമെന്ന് ബ്രയന്റ് ചൂണ്ടിക്കാട്ടി. ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ ബിസിനസ് നേതാക്കളാണ്. എഎസിഎസ്ബി അക്രഡിറ്റഡ് ബിസിനസ് സ്‌കൂളുകളുടെ ശൃംഖലയിലേയ്ക്ക് അമൃത സ്‌കൂൾ ഓഫ് ബിസിനസ് കൂട്ടിച്ചേർക്കപ്പെടുമ്പോൾ പ്രാദേശികമായും ആഗോളതലത്തിലും ഏറെ നീണ്ടുനിൽക്കുന്ന പ്രസാദാത്മകമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP