Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്ബോധ്' നവംബർ 1 മുതൽ കൊച്ചിയിൽ

അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്ബോധ്' നവംബർ 1 മുതൽ കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: അൽഷിമേഴ്സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ട് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര സമ്മേളനം 'ഉദ്ബോധ്' നവംബർ 1 മുതൽ കൊച്ചിയിൽ നടക്കും. കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) സെമിനാർ കോംപ്ലക്സിലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ), മാജിക്സ് (മാനേജിങ് ആൻഡ് ജനറേറ്റിങ് ഇന്നൊവേഷൻസ് ഫോർ കമ്മ്യൂണിറ്റി സർവീസസ്), നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), ഐഎംഎ കെയർ ഫോർ എൽഡേർളി, ഡിറ്റിപിസി, കേരള ആരോഗ്യ സർവകലാശാല എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് ബയോടെക്നോളജി വിഭാഗത്തിലെ സെന്റർ ഫോർ ന്യൂറോസയൻസ് പ്രജ്ഞയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളന നടത്തിപ്പിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന ആരോഗ്യ, സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ എന്നിവർ മുഖ്യ രക്ഷാധികാരികളായും ഹൈബി ഈഡൻ എംഎൽഎ, ജില്ലാ കളക്ടർ എസ്. സുഹാസ്, എൻഎച്ച്എം സ്റ്റേറ്റ് ഡയറക്ടർ കേശവേന്ദ്രകുമാർ ഐഎഎസ്, കുസാറ്റ് വിസി പ്രൊഫ. കെ.എൻ. മധുസൂദനൻ, ആരോഗ്യ സർവകലാശാല വിസി ഡോ. എം.കെ.സി. നായർ എന്നിവർ രക്ഷാധികാരികളായും സംഘാടകസമിതി രൂപീകരിച്ചു.

യുഎസ്, യുകെ, ജർമനി, ഓസ്ട്രേലിയ, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധർ മൂന്ന് ദിവസത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഡോക്യുമെന്ററി, ചലച്ചിത്ര പ്രദർശനം, രോഗികളെ പരിപാലിക്കുന്നവർക്ക് ശിൽപശാല, വിദഗ്ധരുമായി സംവാദം തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ഈ രംഗത്ത് പ്രവർത്തിക്കുന്ന യുഎസിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ കാത്തി ഗ്രീൻബ്ലാറ്റിന്റെ ഫോട്ടോ പ്രദർശനവും ഉണ്ടാകും.

സമ്മേളനത്തോട് അനുബന്ധിച്ച് അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് സമൂഹാവബോധം സൃഷ്ടിക്കാനും ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് മെമ്മറി ക്ലിനിക്ക്, മെമ്മറി കഫേ, റോഡ്ഷോ, പോസ്റ്റർ-ചിത്ര പ്രദർശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി ആറ് മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 21-ന് ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന വാക്ക് മേനക വഴി തിരിച്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. എആർഡിഎസ്ഐ സ്ഥാപകനും ഉദ്ബോധ് സംഘാടകസമിതി ചെയർമാനുമായ ഡോ. ജേക്കബ് റോയ്, വൈസ് ചെയർമാൻ ഡോ. എസ്. ഷാജി, ജനറൽ സെക്രട്ടറി ഡോ. പ്രവീൺ ജി. പൈ, ട്രഷറർ ഡോ. ബേബി ചക്രപാണി, ഐഎംഎ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ. ജുനെയ്ദ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP