Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചാമത് അമൃത ഹാർട്ട് കോൺക്ലേവ് നാളെ മുതൽ

അഞ്ചാമത് അമൃത ഹാർട്ട് കോൺക്ലേവ് നാളെ മുതൽ

സ്വന്തം ലേഖകൻ

കൊച്ചി: അഞ്ചാമത് അമൃത ഹാർട്ട് കോൺക്ലേവ് ഡിസംബർ 14, 15 തീയതികളിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടക്കും. കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ മുഖ്യവിഷയം എൻഡോസ്‌കോപ്പിക് മിത്രൽ വാൽവ് റിപ്പയർ എന്നതാണ്.

കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിന്റെ വാർഷിക ഹൃദയ ശസ്ത്രക്രിയാ യോഗമായ കോൺക്ലേവിൽ ജർമ്മനിയിൽനിന്നുള്ള ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. പാട്രിക് പെരീർ സ്വന്തം അനുഭവം വിവരിക്കും. ഇന്ത്യയിൽനിന്നും സമീപ രാജ്യങ്ങളിൽനിന്നുമായി നൂറിലധികം ശസ്ത്രക്രിയാ വിദഗ്ദ്ധർ കോൺക്ലേവിൽ പങ്കെടുക്കും. മിനിമലി ഇൻവേസീവ് മിത്രൽ വാൽവ് റിപ്പയറിലെ പുതിയ സാങ്കേതികവിദ്യകളും മികവുകളും പരിചയപ്പെടുത്തുന്നതിനാണ് ഈ കോൺക്ലേവ് ലക്ഷ്യമിടുന്നത്. മിത്രൽ വാൽവിനായുള്ള പുതിയ സാങ്കേതികവിദ്യ കഴിഞ്ഞ കുറെ വർഷമായി ഇന്ത്യയിലെ ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്.

ഹൃദയത്തിന്റെ മുകൾത്തട്ടിലെ ഇടത്തെ അറയെ താഴത്തെ അറയുമായി വേർതിരിക്കുന്നതാണ് മിത്രൽ വാൽവ്. രക്തത്തിന്റെ ഒഴുക്ക് ഒരു വശത്തേയ്ക്കു മാത്രമായി നിയന്ത്രിക്കുകയെന്നതാണ് ഈ വാൽവിന്റെ ധർമ്മം. ചില രോഗികളിൽ ഈ വാൽവ് പ്രവർത്തനക്ഷമമല്ലാതിരിക്കുകയും ചോർച്ചയുണ്ടാവുകയും ചെയ്യുമ്പോൾ ശ്വാസംമുട്ടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടാവാം. ഇത്തരം സാഹചര്യത്തിൽ മരുന്ന് ഫലപ്രദമല്ലെങ്കിൽ മിത്രൽ വാൽവിന്റെ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നേക്കാം.

മിത്രൽ വാൽവിലെ ചോർച്ച പരിഹരിക്കുന്നതിന് വാൽവ് ശസ്ത്രക്രിയയിലൂടെ മാറ്റി കൃത്രിമ വാൽവ് വച്ചുപിടിപ്പിക്കുന്നതായിരുന്നു രീതി. ഇത് വളരെ വിജയകരമായി വളരെ നാളുകളായി ചെയ്യുന്നതാണ്. എങ്കിലും, വർഷങ്ങൾ കഴിയുമ്പോൾ കൃത്രിമ വാൽവ് തകരാറിലാകുന്നതിനും വാൽവ് മാറ്റി വയ്ക്കുമ്പോൾ രോഗിക്ക് നല്കുന്ന മരുന്നുകൾ മൂലം കുഴപ്പങ്ങളുണ്ടാകാൻ സാധ്യതയുണ്ടാവുകയും ചെയ്യും. ഇതുമൂലം വാൽവ് മാറ്റി വച്ച രോഗിയുടെ ജീവിതദൈർഘ്യം സാധാരണ ജനങ്ങളുടേതിനേക്കാൾ കുറവായിരിക്കും. മാറ്റിവയ്ക്കാതെ മിത്രൽ വാൽവിന് അറ്റകുറ്റപ്പണി ചെയ്യുന്നതിലൂടെ ഒട്ടേറെ ഗുണങ്ങളുണ്ട്. രോഗിയുടെ സ്വന്തം വാൽവ് നിലനിർത്തുന്നതിനാൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് മറ്റ് മരുന്നുകൾ നല്കേണ്ടി വരുന്നില്ല. മിത്രൽ വാൽവിന് അറ്റപ്പണി ചെയ്യുന്നവർക്ക് മാറ്റിവയ്ക്കുന്നവരെ അപേക്ഷിച്ച് സാധാരണരീതിയിലുള്ള ജീവിതദൈർഘ്യമുണ്ട് എന്ന മെച്ചവുമുണ്ട്.

സാധാരണയായി മിത്രൽ വാൽവിന്റെ ശസ്ത്രക്രിയ നെഞ്ചിൽ വലിയ മുറിവുണ്ടാക്കി ഓപ്പൺ രീതിയിലാണ് ചെയ്യുന്നത്. എന്നാൽ, പുതിയ സാങ്കേതികരീതി അനുസരിച്ച് ഹൃദയത്തിലെ മിത്രൽ വാൽവിന്റെ തകരാറുകൾ പരിഹരിക്കുന്നതിന് വലത് നെഞ്ചിലെ താക്കോൽദ്വാര ശസ്ത്രക്രിയ മതിയാവും. ചെറിയ മുറിവുണ്ടാക്കി ത്രീഡി കാമറ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. വളരെ ചെറിയ മുറിവ് മാത്രമായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി വളരെ വേഗം സുഖം പ്രാപിക്കും എന്നതിനുപുറമെ സൗന്ദര്യത്തിന് ഭംഗം വരുത്തുന്ന വലിയ മുറിവുകളുടെ പാടുകൾ ഇല്ല എന്നതുമാണ് മെച്ചം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP