Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഭീകരവാദം - യുഎൻ റിപ്പോർട്ടിനെ സർക്കാരുകൾ നിസ്സാരവൽക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളവും കർണ്ണാടകവുമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎൻ റിപ്പോർട്ടിനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസ്സാരവൽക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതൽ അടിസ്ഥാനതലങ്ങൾ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ കടന്നാക്രമണം നടത്തുന്നതും ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടർ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ അപലപിക്കുന്നവർക്ക് ഹേഗിയ സോഫിയയെ ന്യായീകരിക്കാൻ എന്തവകാശം. രണ്ടും പൊതുസമൂഹത്തിൽ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയിൽ ലോകത്തെ മുൾമുനയിൽ നിർത്തുന്നവർ സ്വന്തം രാജ്യത്തെ ഭീകരത ഉയർത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് വിരോധാഭാസവും രാജ്യദ്രോഹവുമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ നിലപാടും മനോഭാവവും ഉത്തരവുകളും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.

രാജ്യത്ത് അധികാരത്തിന്റെ മറവിലുയരുന്ന മതഭീകരതയെ അടിച്ചമർത്താൻ ആഗോളഭീകരവാദികളെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ അടവുനയം ഇന്ത്യയുടെ ആത്മാവിനെ കുരുതികൊടുക്കും. ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ഭീകരപ്രസ്ഥാനങ്ങൾക്ക് സ്വാധീനശക്തികളാകാൻ വാതിൽ തുറന്നുകൊടുത്തിരിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നത് ജനങ്ങളിൽ ആശങ്കയും ഭീതിയും ഉണർത്തുന്നു.

പൗരത്വനിയമഭേദഗതിയുടെ പേരിൽ രാജ്യത്തുടനീളം പ്രക്ഷോഭവും അക്രമവും സംഘടിപ്പിച്ചവരുടെ ഭീകരവാദ അജണ്ടകളിപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതും പൊതുസമൂഹം തിരിച്ചറിയണം. 2020 ജനുവരിയിൽ പൗരത്വനിയമഭേദഗതി വന്നിട്ടും ഒരൊറ്റ ഇന്ത്യൻ പൗരനും പുറത്താക്കപ്പെട്ടില്ലെന്നുള്ള യാഥാർത്ഥ്യം നിലനിൽക്കെ ജനങ്ങളെ ഭീഷണിലും ആശങ്കയിലുമാഴ്‌ത്തിയതെന്തിനെന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങളും കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയനേതൃത്വങ്ങളും ജനങ്ങളുടെ മുന്നിൽ വ്യക്തമാക്കാൻ ബാധ്യസ്ഥരാണ്. പൗരത്വനിയമഭേദഗതിയിലെ ഇളവുകളെ ദുർവ്യാഖ്യാനം ചെയ്തവർ ഭാരതസമൂഹത്തിൽ സൃഷ്ടിച്ച ഭിന്നത മാപ്പർഹിക്കുന്നതല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രസർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും ശരിയായ നടപടിയല്ല.

ലോകമെമ്പാടും ക്രൈസ്തവർക്കുനേരെയുള്ള തീവ്രവാദി അക്രമങ്ങളുടെ മറ്റൊരുപതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹം കാണാതെ പോകരുത്. കാലങ്ങളായി കെസിബിസിയും കഴിഞ്ഞനാളിൽ സീറോ മലബാർ സഭാ സിനഡും കേരളത്തിൽ വളർന്നുവരുന്ന തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ നൽകിയ സൂചനകൾ അക്ഷരംപ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോൾ നീങ്ങുന്നത്.

ചിലരെ കരുവാക്കി ഭീകരപ്രസ്ഥാനങ്ങളുടെ ഇടനിലക്കാർ ക്രൈസ്തവസഭകൾക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറുന്ന ത് എതിർക്കുവാൻ ക്രൈസ്തവസമൂഹത്തിനാകണം. നിയമനിർമ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഇക്കൂട്ടർക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് ഭരണനേതൃത്വങ്ങൾ പലപ്പോഴും ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ പ്രഖ്യാപനങ്ങൾ നടത്തുന്നവർ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളിൽ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നത് കേരളസമൂഹമിന്ന് കണ്ടുകൊണ്ടിരിക്കുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും മാത്രമല്ല, അയൽ രാജ്യമായ ശ്രീലങ്കയിലും ക്രൈസ്തവർക്കുനേരെയുണ്ടായ ഭീകരാക്രമങ്ങളുടെ അടിവേരുകൾ എവിടെയെന്ന് വിവിധ രാജ്യാന്തര ആഭ്യന്തര അന്വേഷണ ഏജൻസികൾ അക്കമിട്ട് വ്യക്തമാക്കിയിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്‌ക്രിയത്വം പാലിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. ക്രൈസ്തവ ആക്ഷേപങ്ങളിലൂടെയും സഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കുന്നതിലൂടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നതിലൂടെയും ഇക്കൂട്ടർ തന്ത്രങ്ങൾ മെനയുന്നത് തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവർത്തിക്കുവാൻ ക്രൈസ്തവർക്കാകണം. ഈ ഭീകരതയുടെ അടുത്ത ഇരകൾ ഇന്ത്യയിലെ ക്രൈസ്തവരാണെന്നുള്ള സൂചനകൾ പുറത്തുവന്നിരിക്കുമ്പോൾ വൈകിയ വേളയിലെങ്കിലും വീവിധ ക്രൈസ്തവ വിഭാഗങ്ങൾ ഭിന്നിപ്പുകൾ ഒഴിവാക്കി പരസ്പര സൗഹാർദ്ദത്തിന്റെ തലങ്ങൾ അടിയന്തരമായി കണ്ടെത്തണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP