Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പലിശ നിരക്കു കുറയും മുൻപ് ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ ആളുകളുടെ തിരക്ക്; ബാങ്കുകളിൽ നിന്നും പണം പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിച്ചവരും നിരവധി; 12 ദിവസം കൊണ്ട് ട്രഷറിയിൽ എത്തിയത് 3500 കോടി; വലിയ തോതിൽ നിക്ഷേപം എത്തിയതോടെ സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഫണ്ടായി

പലിശ നിരക്കു കുറയും മുൻപ് ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ ആളുകളുടെ തിരക്ക്; ബാങ്കുകളിൽ നിന്നും പണം പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിച്ചവരും നിരവധി; 12 ദിവസം കൊണ്ട് ട്രഷറിയിൽ എത്തിയത് 3500 കോടി; വലിയ തോതിൽ നിക്ഷേപം എത്തിയതോടെ സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഫണ്ടായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രഷറിയിൽ നിക്ഷേപങ്ങൾക്ക് ഇടപാടുകാർ കൂടുതൽ താൽപ്പര്യം കാണിച്ചു രംഗത്തുവന്നതോടെ സംസ്ഥാനത്തെ ട്രഷറിയിലേക്ക് ചുരുങ്ങിയ ദിവസം കൊണ്ട് ഒഴുകിയെത്തിയത് കോടികൾ. 12 ദിവസം കൊണ്ടു ട്രഷറിയിൽ പുതുതായെത്തിയ സ്ഥിരനിക്ഷേപം 3500 കോടി രൂപയാണ്. നാളെ മുതൽ പലിശ നിരക്ക് 8.5 ശതമാനത്തിൽനിന്ന് 7.5% ആയി കുറയുന്നതിനാൽ അതിനു മുൻപേ നിക്ഷേപിക്കാൻ ട്രഷറി ശാഖകളിൽ ജനം ക്യൂ നിൽക്കുകയായിരുന്നു. തിരക്കുമൂലം കോർ ബാങ്കിങ് ശൃംഖല ഇന്നലെ പലവട്ടം പണിമുടക്കി.

സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടര ശതമാനം വരെ പലിശ ലഭിക്കാനുള്ള അവസരം എന്ന നിലയിലാണ് ആളുകൾ പണമിടാൻ ഒഴുകിയെത്തിയത്. മിക്കവാറും ബാങ്കുകളിൽ അഞ്ചു ശതമാനത്തിനടുത്തു മാത്രം പലിശ ലഭിക്കുന്ന അവസ്ഥയുള്ളപ്പോൾ ട്രഷറി സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ എട്ടര ശതമാനം വരെ പലിശ ലഭിക്കും. പക്ഷേ, ബാങ്കുകൾ പലിശ നിരക്കു കുറച്ച സാഹചര്യത്തിൽ ഫെബ്രുവരി ഒന്നു മുതൽ ട്രഷറിയിലും പലിശ നിരക്കു കുറക്കുകയാണ്. ഫെബ്രുവരി ഒന്നിനു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്നലെ കൂടി നിലവിലെ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്താം. ഈ സാധ്യത മുതലെടുത്താണ് ആളുകൾ കൂടുതൽ പണം നിക്ഷേപിച്ചത്.

അഞ്ചു ശതമാനം പലിശ നിരക്കിൽ സ്ഥിര നിക്ഷേപം നടത്തിയാൽ ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപയായിരിക്കും ഒരു വർഷം പലിശ ലഭിക്കുക. ഇത് എട്ടര ശതമാനം നിരക്ക് ലഭിക്കുന്ന ട്രഷറി നിക്ഷേപത്തിലേക്ക് ഇന്നു മാറ്റുകയാണെങ്കിൽ 8,500 രൂപ പ്രതി വർഷം പലിശ ലഭിക്കും. അതായത് ഒരു ലക്ഷം രൂപയ്ക്ക് 3,500 രൂപ അധിക നേട്ടം. ഈ നേട്ടത്തിനായാണ് ആളുകൾ കൂടുതൽ ട്രഷറിയിലേക്ക് എത്തിയത്.

ഇന്നലെ മാത്രം നിക്ഷേപമായെത്തിയത് 400 കോടിയോളം രൂപയാണ്. മുൻപു പ്രതിമാസം 250 -300 കോടി നിക്ഷേപം കിട്ടിയിരുന്ന സ്ഥാനത്താണിത്. കോർ ബാങ്കിങ് ശൃംഖല പണിമുടക്കിയതിനാൽ ഇടപാടുകാരിൽനിന്നു പണം വാങ്ങിവച്ച ശേഷം രാത്രി 9 വരെ ജോലി ചെയ്താണ് ഉദ്യോഗസ്ഥർ ഇടപാട് തീർത്തത്. ആകെ ട്രഷറി നിക്ഷേപം ഇപ്പോൾ 45,000 കോടിയോളമായി.

അതേസമയം, പ്രവാസികൾ ഉൾപ്പെടെ ഒറ്റയടിക്കു പണം പിൻവലിച്ചത് ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും തിരിച്ചടിയായി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൂട്ടത്തോടെ പണം പിൻവലിക്കപ്പെട്ടു. പെട്ടെന്നു വലിയ തോതിൽ നിക്ഷേപമെത്തിയതു കാരണം സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ബുദ്ധിമുട്ടില്ല. ബവ്‌റിജസ് കോർപറേഷനിൽ നിന്നടക്കം മുൻകൂർ വാങ്ങിയ പണം തിരികെ നൽകി. ഇത്തരത്തിൽ നിക്ഷേപം സ്വീകരിക്കുന്നത് സർക്കാരിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കാൻ ഇടയാക്കുമെന്ന ആശങ്കയുണ്ട്.

നാളെ മുതലുള്ള പലിശ നിരക്ക് ഇങ്ങനെ:

46-90 ദിവസം: 5.40%

91-180 ദിവസം: 5.90%

181 ദിവസം - ഒരു വർഷം: 5.90%
ഒരു വർഷം - 2 വർഷം: 6.40%

2 വർഷത്തിലേറെ: 7.5%

ഫെബ്രുവരി ഒന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പുതുക്കിയ കുറഞ്ഞ പലിശ നിരക്കായിരിക്കും ബാധകം. ട്രഷറി സേവിങ്സ് ബാങ്കിൽ ഉള്ള പണം ഒരു അപേക്ഷയും പണം കൈമാറാനുള്ള സ്ലിപ്പും പൂരിപ്പിച്ചു കൊടുത്താൽ ഉടൻ തന്നെ ട്രഷറി സ്ഥിര നിക്ഷേപത്തിലേക്കു മാറ്റാനാകും. ഇനി ബാങ്കിലുള്ള പണമാണെങ്കിൽ അത് ട്രഷറി സേവിങ്സ് ബാങ്കിലേക്കു മാറ്റിയ ശേഷം ഇതേ നടപടി ക്രമം പിന്തുടർന്നാൽ മതിയാകും.

പക്ഷേ, ബാങ്ക് ചെക്ക് ആയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ ഉയർന്ന പലശയുടെ നേട്ടം കൈവരിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും. ചെക്ക് നൽകിയാൽ ഇന്നു വൈകിട്ടു ട്രഷറി അടക്കുന്നതിനു മുൻപ് കളക്ഷൻ കഴിഞ്ഞ് അക്കൗണ്ടിൽ പണമെത്താൻ സാധ്യത വിരളമാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് ബാങ്ക് ചെക്ക് ഉപയോഗിച്ചു ട്രഷറി സ്ഥിര നിക്ഷേപത്തിന് അപേക്ഷ നൽകിയാൽ അത് ഫെബ്രുവരി ഒന്നിന്റെ കണക്കിലാവും ഉൾപ്പെടുക. അതുകൊണ്ടു തന്നെ പുതുക്കിയ കുറഞ്ഞ പലിശ നിരക്കു മാത്രമേ ലഭിക്കു.

കൊറോണ വൈറസിന്റെ സാഹചര്യത്തിൽ ട്രഷറി ഇടപാടുകൾക്ക് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സേവിങ്സ് അക്കൗണ്ട് തുറക്കൽ, സ്ഥിരം നിക്ഷേപം സ്വീകരിക്കൽ, ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കൽ, ചെക്ക് ബുക്ക് ലഭ്യമാക്കൽ തുടങ്ങിയവയ്ക്കാണ് ധനവകുപ്പ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ട്രഷറിയിൽ അക്കൗണ്ട് തുറക്കാൻ ആധാർ, പാൻ കാർഡ് എന്നിവയുടെ സ്‌കാൻ ചെയ്ത പകർപ്പ് ട്രഷറി ശാഖയുടെ ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

ഡിജിറ്റൽ കെവൈസി, എസ് ബി ഒന്നാം നമ്പർ ഫോറം എന്നിവയും ഒപ്പം ചേർക്കേണ്ടതുണ്ട്. സേവിങ്സ് അക്കൗണ്ടിൽനിന്നുള്ള തുക സ്ഥിര നിക്ഷേപമാക്കാനും സൗകര്യമുണ്ട്. ഇതിനായി എസ്ബി ഒന്നാം നമ്പർ ഫോറത്തിൽ നിക്ഷേപ വിവരങ്ങൾ രേഖപ്പെടുത്തി സ്‌കാൻ ചെയ്ത പകർപ്പ് ട്രഷറി ഇ- മെയിലിൽ അയയ്ക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥനാണ് ഇതിന്റെ സ്‌കാൻ ചെയ്ത പകർപ്പ് മെയിൽ വഴി ട്രഷറിയിലേക്ക് അയക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP