Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസം

അമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആയതിന് പിന്നാലെ സഹകരണ ബാങ്കിങ് രംഗത്ത് പൊളിച്ചുപണികൾക്ക് തുടക്കമായി. ബാങ്കിങ് കമ്പനികളുടെ മാതൃകയിൽ സഹകരണബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനമായ മാറ്റമായി വിലയിരുത്തുന്നത്. ഓഹരി എടുക്കുന്നവർ സഹകരണബാങ്കുകളിൽ അംഗങ്ങളാകണം എന്ന വ്യവസ്ഥ ഇല്ലെന്നതും സഹകരണ മേഖലയെ കൂടുതൽ ഉദാരമാക്കുന്നു.

ഓഹരിയുടമകൾ അംഗങ്ങളാകുകയും അവർ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസർവ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അർബൻ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും. ഈ നിയമഭേദഗതിയിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ നടപടി. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെയാണ് ഓഹരി വിൽപ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിൻവലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിൻവലിക്കാനാകില്ല. ഇത് കേരള ബാങ്കിന്റെ അടക്കം നിക്ഷേപകരെ വെട്ടിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഭൂരിപക്ഷം അർബൻ ബാങ്കുകൾക്കും കേരളബാങ്കിനും നിലവിൽ 9 ശതമാനം മൂലധനപര്യാപ്തതയില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകൾക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ഇത് പിൻവലിക്കുന്നതിന് കഴിയില്ല.

നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന ഉറപ്പിൽ ഓഹരി വിൽക്കാം. ഇതനുസരിച്ച് ലാഭമുണ്ടെങ്കിൽ മാത്രമായിരിക്കും ആ വർഷം വിഹിതം കിട്ടുക എന്നതാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രധാനകാര്യം. നിശ്ചിത ശതമാനം ലാഭവിഹിതം നിർബന്ധമായും നൽകുമെന്ന ഉറപ്പിൽ വിൽക്കാം. ആ വർഷം ലാഭമില്ലെങ്കിൽ തുടർവർഷം ലാഭമുണ്ടാകുമ്പോൾ കുടിശ്ശികസഹിതം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.

നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന് ഉറപ്പിൽ നിശ്ചിതകാലത്തേക്കു മാത്രം ഓഹരി വിൽക്കാം. കാലാവധി കഴിയുമ്പോൾ ഓഹരി പിൻവലിക്കാനും കഴിയും. ഓരോവർഷം ലാഭം വിഭജിക്കുമ്പോൾ, ഇത്തരത്തിൽ പ്രത്യേകം സ്‌കീമിലൂടെ ഓഹരി വാങ്ങിയവർക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുകമാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരംഅംഗങ്ങൾക്ക് നൽകുക.

അതേസമയം പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്‌കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിർപ്പാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എന്തുനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഓഹരി പിൻവലിക്കുന്നത് വിലക്കിയുള്ള ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സഹകരണ ബാങ്കുകളെയും ഇടപാടുകാരെയും പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. വായ്പയെടുക്കുമ്പോൾ വായ്പത്തുകയുടെ ഒരു ശതമാനം ഓഹരിയാക്കി മാറ്റുന്ന രീതി സഹകരണ ബാങ്കുകളിലുണ്ട്. വായ്പ തിരിച്ചടച്ചുകഴിഞ്ഞാൽ ഇത് പിൻവലിക്കാം. പുതിയ ഭേദഗതി നിലവിൽവരുന്നതോടെ ഇതിന് കഴിയാതെവരും. കോടികളാണ് ഇത്തരത്തിൽ വ്യക്തിഗത ഓഹരിയായി സഹകരണ ബാങ്കുകളിലുള്ളത്.

കേന്ദ്രനിയമഭേദഗതിയെ സംസ്ഥാനസർക്കാർ ശക്തമായി എതിർക്കുന്നുണ്ട്. കേരള ബാങ്കിൽ പ്രധാനമായും ഓഹരിയുള്ളത് പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ്. പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകൾ എന്നറിയപ്പെടുന്ന പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങൾക്ക്. പ്രാഥമിക സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്കാണ് കേരള ബാങ്കിൽ അംഗത്വമുള്ളത്. ഇവയ്ക്കാകെ 940 കോടിരൂപയുടെ ഓഹരി കേരള ബാങ്കിലുണ്ട്. ഒന്നുമുതൽ അഞ്ചുകോടി രൂപവരെയാണ് പ്രാഥമിക സഹകരണ ബാങ്കുകളുടെ ശരാശരി ഓഹരി.

നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ ഉയർന്ന നിരക്കിൽ ലാഭവിഹിതം നൽകാമെന്ന വാഗ്ദാനം നൽകിയാണ് ജില്ലാ ബാങ്കുകൾ പ്രാഥമിക സംഘങ്ങളിൽനിന്ന് ഓഹരി വാങ്ങിയിരുന്നത്. ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചപ്പോൾ ഈ ഓഹരികളെല്ലാം കേരള ബാങ്കിന്റേതായി. നിക്ഷേപമായി സ്വീകരിച്ച തുകയാണ് ഇത്തരത്തിൽ പ്രാഥമിക സംഘങ്ങൾ ഓഹരിയാക്കി മാറ്റിയിട്ടുള്ളത്. അഞ്ചുകോടി രൂപയ്ക്ക് വർഷം 40 ലക്ഷം രൂപയെങ്കിലും പ്രാഥമിക സംഘങ്ങൾ പലിശയായി നിക്ഷേപകർക്ക് നൽകേണ്ടിവരുന്നുണ്ട്. ഓഹരിത്തുക പിൻവലിക്കാൻ കഴിയാതെവന്നാൽ ഈ ബാധ്യത സ്ഥിരമായി സംഘങ്ങൾക്കുണ്ടാകും.

സംഘങ്ങളുടെ ദീർഘകാല സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനും റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിവേണം. മൂലധന പര്യാപ്തതയ്ക്ക് ദീർഘകാല സ്ഥിരനിക്ഷേപവും മാനദണ്ഡമാക്കാമെന്നാണ് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നത്. അതിനാൽ ഈ രീതിയിലും കോടികൾ സംഘങ്ങളിൽനിന്ന് സ്ഥിരനിക്ഷേപം വാങ്ങിയിട്ടുണ്ട്. മൂലധന പര്യാപ്തത കുറഞ്ഞാൽ അത് പിൻവലിക്കുന്നതിനും തടസ്സമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP