Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൃദയ ശസ്ത്രക്രിയക്കായി നവജാത ശിശുവിനെ അടിയന്തിരമായി നാട്ടിൽ എത്തിച്ചു; ഹൃദ്യം പദ്ധതിയിൽ പെടുത്തി സൗജന്യ ചികിത്സയും

ഹൃദയ ശസ്ത്രക്രിയക്കായി നവജാത ശിശുവിനെ അടിയന്തിരമായി നാട്ടിൽ എത്തിച്ചു; ഹൃദ്യം പദ്ധതിയിൽ പെടുത്തി സൗജന്യ ചികിത്സയും

സ്വന്തം ലേഖകൻ

ബഹ്‌റിനിലെ മലയാളി ദമ്പതികളുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി നാട്ടിലെത്തിച്ചു ശസ്ത്രക്രിയ നടത്തി. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ അടിയന്തിര ശസ്ത്രക്രിയയ്ക്കായാണ് നാട്ടിലെത്തിച്ചത്. തുടർന്ന് കേരള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയയും നടത്തി. ബഹ്‌റിനിലെ നിരവധി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്.

ഇതിനായി നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്‌റിൻ കോർഡിനേറ്ററായ അമൽദേവ് പറയുന്നത് ഇങ്ങനെ:

ജൂലൈ 28 ചൊവ്വാഴ്ച ആണ് എനിക്ക് ബഹറിനിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ ഒരു പിതാവിന്റെ ഫോൺ കോൾ വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലൈ 27 തിങ്കളാഴ്‌ച്ച ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയെന്നും എന്നാൽ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഈ ശസ്ത്രക്രിയ ബഹറിനിൽ ലഭ്യമല്ല എന്നും ഡോക്ടർമാർ അറിയിച്ചതായും എത്രയും വേഗം കുഞ്ഞിനെ നാട്ടിൽ എത്തിച്ചു തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയി എന്നെ സഹായിക്കണം എന്നുമായിരുന്നു ആ പിതാവിന്റെ നിസ്സഹായതയോടെ ഉള്ള അപേക്ഷ. ഏതാനും മാസങ്ങൾക്ക് മുന്നേ സമാനമായ ഒരു കേസിൽ ഇതേ ആശുപത്രിയിൽ നിന്നും ഒരു കുഞ്ഞിനെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതുകൊണ്ട് ആകണം സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാർ എത്രയും വേഗം എന്നെ ബന്ധപ്പെടാൻ ഈ കുടുംബത്തോട് നിർദ്ദേശിച്ചത്. കുഞ്ഞിന്റെ മാതാവ് ഇരിട്ടി സ്വദേശിനി ആണ്.

കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു തരാം എന്ന് ആ മാതാപിതാക്കൾക്ക് ഞാൻ വാക്ക് കൊടുകുകയും ആ പിതാവിനെ സമാധാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഹൃദയ തകരാർ ഉള്ള ഒരു നവജാത ശിശുവിനെ ബഹറിനിൽ നിന്നും അടിയന്തരമായി നാട്ടിൽ എത്തിച്ചു കേരള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതിന്റെ ഉറപ്പിന്മേൽ ആണ് ഇവർക്കും ഞാൻ വാക്ക് നൽകിയത്.

കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഞാൻ അന്ന് തന്നെ ആരംഭിച്ചു. കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക, ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യുക, വിമാന ടിക്കറ്റ് സംഘടിപ്പിക്കുക, കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കുക, മറ്റ് നിയമ പ്രശ്‌നങ്ങൾ മറി കടക്കുക തുടങ്ങിയവ ആയിരുന്നു ചുരുങ്ങിയ സമയത്തിൽ എനിക്ക് മുൻപിൽ ഉണ്ടായിരുന്ന കടമ്പകൾ.

ലക്ഷങ്ങൾ ചിലവുള്ള ശസ്ത്രക്രിയയും തുടർ ചികിൽസയും ആ പിതാവിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കേരള ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. പ്രിയ സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പ്രമോദ്, ബെന്നി ബഹന്നാൻ MP തുടങ്ങിയവരുടെ ഇടപെടലിലൂടെ ഈ കേസിന്റെ അടിയന്തിര സ്വഭാവം ആരോഗ്യ വകുപ്പിനേയും ഹൃദ്യം പദ്ധതി അപ്രൂവൽ ബോർഡിനേയും ബോധ്യപ്പെടുത്താൻ സാധിച്ചു. തുടർന്ന് ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ/കോർഡിനേറ്റർ ഡോ: ശ്രീഹരിയുടെ ധ്രുത ഗതിയിൽ ഉള്ള പ്രവർത്തനങ്ങളുടെ ഫലമായി കുട്ടിയുടെ ശസ്ത്രക്രിയയും 18 വയസ്സ് വരെയുള്ള തുടർ ചികിത്സകളും കേരള സർക്കാർ ആരോഗ്യ വകുപ്പ് ഹൃദ്യം പദ്ധതിയിൽ പെടുത്തി നടത്തുവാൻ ഉള്ള ഉത്തരവ് സമ്പാദിക്കുവാൻ ആയി. നാല് പേരടങ്ങുന്ന കുടുംബത്തിന്റെ വിമാന ടിക്കറ്റുകൾ നൽകാൻ ICRF സംഘടനയും മുന്നോട്ട് വന്നു.

പിന്നീട് ഉള്ള കടമ്പ കുഞ്ഞിന്റെ പാസ്‌പോർട്ട് എടുക്കുക എന്നത് ആരുന്നു. വെള്ളിയാഴ്ച മുതൽ 4 ദിവസത്തേക്ക് പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ജൂലൈ 30 വ്യാഴാഴ്ച എന്ന ഒരേ ഒരു ദിവസം മാത്രം ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഇന്ത്യക്കാരുടെ എന്ത് ആവശ്യത്തിനും കൂടെ നിൽക്കുന്ന ബഹറിനിലെ ഇന്ത്യൻ എംബസി മാത്രം ആയിരുന്നു എന്റെ മുന്നിൽ ഉള്ള ആശ്രയം. വ്യാഴാഴ്ച രാവിലെ തന്നെ ഞാൻ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സമയോചിതമായ ഇടപെടലിലൂടെ ആഴ്ചകൾ എടുക്കുമായിരുന്ന പ്രോസസ് ലഘൂകരിച്ചു നാല് മണിക്കൂറിനുള്ളിൽ കുഞ്ഞിന് പാസ്‌പോർട്ട് ലഭിക്കുകയും ഉണ്ടായി.

തുടർന്ന് എയർ ഇന്ത്യയുടെ മെഡിക്കൽ അപ്രൂവൽ എന്ന കടമ്പ ആയിരുന്നു മറികടക്കേണ്ടി ഇരുന്നത്. എയർ ഇന്ത്യ ബഹ്റൈൻ കണ്ട്രി മാനേജർ മേനോൻ സാറിന്റെ പൂർണ്ണ പിന്തുണയും സഹായവും ഇതിനായി ലഭിച്ചു. എന്നാൽ ജനിച്ചു മിനിമം 12 ദിവസം ആകാത്ത കുട്ടിയെ വിമാന യാത്രയ്ക്ക് അനുവദിക്കാൻ കഴിയില്ല എന്ന നിയമ കുരുക്കിൽ പെട്ട് എയർ ഇന്ത്യ മെഡിക്കൽ അപ്രൂവൽ നിരസിക്കപ്പെട്ടു. ഉടനെ തന്നെ ഞാൻ ഇടുക്കി MP ബഹുമാനപ്പെട്ട ഡീൻ കുര്യാക്കോസുമായി ബന്ധപ്പെടുകയും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹം അപ്പോൾ തന്നെ എയർ ഇന്ത്യ ഡൽഹി, ചെന്നൈ ഓഫീസുകളിലേക്ക് ഇതൊരു അടിയന്തിര കേസായി പരിഗണിച്ചു അപ്രൂവൽ നൽകാൻ മെയിൽ അയച്ചു. ബഹറിനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും ഒപ്പം ഉണ്ടായി. ഇതിന്റെ ഫലമായി കുഞ്ഞിന് യാത്ര ചെയ്യാൻ ഉള്ള അനുമതി എയർ ഇന്ത്യ നൽകി.

ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കഴിഞ്ഞ ഇടപെടലുകളുടെ ഫലമായി ഇന്ന് ആ കുടുംബം നാട്ടിലേക്ക് വിമാനം കയറി. ഈ കുഞ്ഞിനെ അടിയന്തരമായി നാട്ടിൽ എത്തിക്കുന്നതിനും ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്തുന്നതിനും വേണ്ട അനുമതികൾ നേടി എടുക്കാൻ എനിക്ക് വേണ്ടുന്ന സഹായങ്ങൾ നൽകിയ കേരള ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്കും, #ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ /കോർഡിനേറ്റർ ഡോ: ശ്രീ ഹരിക്കും, ബെന്നി ബഹന്നാൻ MP, ഇടുക്കി MP ബഹു: ഡീൻ കുര്യാക്കോസ്, എന്റെ പ്രിയ സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രമോദ് , എയർ ഇന്ത്യ കണ്ട്രി മാനേജർ മേനോൻ സർ, ബഹറിനിലെ ഇന്ത്യൻ എംബസി , ICRF, മറ്റ് സുഹൃത്തുക്കൾ എന്നിവർക്ക് ഈ സമയം എന്റെയും ആ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും അറിയിക്കുക ആണ്.

ഇന്നത്തെ ദിവസം ഞാൻ ഒത്തിരി സന്തോഷവാൻ ആണ്, ഒരു കുടുംബത്തിന്റെ കൂടി കണ്ണീരൊപ്പാൻ കഴിഞ്ഞതിൽ, കൂടെ ചേർത്തു പിടിച്ചു എന്നാൽ ആകുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിൽ. തന്റെ കുഞ്ഞിന് വേണ്ടി നാട്ടിലേക്ക് കയറുമ്പോൾ ആ കുടുംബത്തിന്റെ ആ കണ്ണു നിറഞ്ഞു കൊണ്ടുള്ള ചിരിയാണ് എനിക്ക് ലഭിച്ച പ്രതിഫലം. ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആരോഗ്യവതിയായി ആ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ എല്ലാവരുടെയും പ്രാർത്ഥനകൾ ആ കുടുംബത്തിന്റെ ഒപ്പം ഉണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP