Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണത്തെ വരവേൽക്കാൻ ബഹ്റൈൻ കേരളീയ സമാജം ഒരുങ്ങി; മെഗാ കിണ്ണം കളി ഇന്ന്

ഓണത്തെ വരവേൽക്കാൻ ബഹ്റൈൻ കേരളീയ സമാജം ഒരുങ്ങി; മെഗാ കിണ്ണം കളി ഇന്ന്

സ്വന്തം ലേഖകൻ

ണത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഈ വർഷം ബഹ്റൈൻ കേരളീയ സമാജം സജ്ജമാക്കിയിട്ടുള്ളത്. നാട്ടിലെ പ്രളയക്കെടുതികളിൽ സഹായഹസ്തങ്ങൾ നീട്ടുന്നതിനോടൊപ്പം തന്നെ ഓണം സമുചിതമായി ആഘോഷിക്കുവാനും ബഹ്റൈനിലെ മുഴുവൻ മലയാളികൾക്കും അത് ആസ്വദിക്കുവാനും ഉതകുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ വരുന്ന 12 ആം തിയ്യതി വ്യാഴാഴ്ച നൂറു വനിതകൾ ഒന്നിച്ചണിനിരക്കുന്ന മെഗാ കിണ്ണം കളി 8 മണിക്ക് അരങ്ങേറുകയാണ്. കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു നൃത്തരൂപമാണ് കിണ്ണം കളി. ഏറെ പഴക്കമുള്ള ഈ നൃത്തരൂപം അതിന്റെ മുഴുവൻ ചൈതന്യവും ഉൾകൊണ്ടുകൊണ്ടാണ് ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്. തീർച്ചയായും ഇതൊരു വേറിട്ട അനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം പി രഘുവും വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസും പറഞ്ഞു. അന്നേ ദിവസം തന്നെ വനിതാ വേദി അവതരിപ്പിക്കുന്ന സ്‌കിറ്റ് , ഓണം സ്പെഷ്യൽ പ്രോഗ്രാം 'ഓണവില്ല്' ഓണം ഡാൻസുകൾ എന്നിവയും ഉണ്ടായിരിക്കും.

13ആം തിയ്യതി വെള്ളിയാഴ്ച ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായ ഘോഷയാത്ര വൈകീട്ട് 6 മണിക്ക് അരങ്ങേറുകയാണ്. സമാജത്തിലെ വിവിധ വിഭാഗങ്ങൾക്ക് പുറമെ ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും ഘോഷയാത്രയയിൽ പങ്കെടുക്കുന്നുണ്ട്. തീർത്തും വർണ്ണാഭമായ ഒരു കാഴ്ചകൂട്ടു തന്നെയായിരിക്കും ഘോഷയാത്രയെന്നു കൺവീനർ റഫീക്ക് അബ്ദുള്ളയും കോർഡിനേറ്റർ മനോഹരൻ പാവരട്ടിയും പറഞ്ഞു.

14 ആം തിയ്യതി വൈകീട്ട് സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും 'കൊതിയൻ' എന്ന ഷോർട്ട് ഫിലിം പ്രിവ്യുവും ഉണ്ടായിരിക്കും. തുടർന്ന് 19 ആം തിയ്യതി മുതൽ 27 ആം തിയ്യതി വരെയുള്ള ദിവസങ്ങളിൽ നാട്ടിൽ നിന്നും എത്തുന്ന അനുഗ്രഹീത കലാകാരന്മാരുടെ പ്രകടനങ്ങൾ ആയിരിക്കും. കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, സംഗീത രാജാവ് ഹരിഹരൻ, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയമായ ഗായിക സിതാര, അനുഹ്രഹീത ഗായകരായ മധു ബാലകൃഷ്ണൻ, നജീം അർഷാദ്, രാഗേഷ് ബ്രഹ്മാനന്ദൻ, നരേഷ് അയ്യർ,നിഷാദ് സിനിമാ രംഗത്തെ പ്രശസ്തയായ ഷംനാ കാസിം പ്രശസ്ത കൊറിയോഗ്രാഫർ നീരവ് തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാവിരുന്നുകൾ മുഴുവൻ കാണികൾക്കും ശ്രോതാക്കൾക്കും ഹ്ര്യദ്യമായിരിക്കും.

കേരളം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കേരളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, കേരളം മുൻ മന്ത്രിമാരായ എം എ. ബേബി, കെ സി. ജോസഫ്, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ പ്രമുഖരാണ് വിവിധ ദിവസങ്ങളായി ബഹ്റൈൻ കേരളം സാമാജം ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നത്.

ഓണത്തിന്റെ സജീവതക്ക് ഒരു കുറവും വരുത്താതെ ബഹ്റൈനിലെ മുഴുവൻ മലയാളികൾക്കും കടന്നുവരുവാനും ആസ്വദിക്കുവാനും വിധം വിഭാവനം ചെയ്തിട്ടുള്ള 'ശ്രാവണം 2019 ' എന്ന പേരിൽ ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന ഓണാഘോഷങ്ങളിൽ മുഴുവൻ സമാജം കുടുംബാങ്ങങ്ങളും മലയാളി പൊതുസമൂഹവും പങ്കെടുക്കണമെന്ന് ബി കെ സ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും എം പി രഘുവും ഓണാഘോഷ കമ്മറ്റി കൺവീനർ പവനൻ തോപ്പിലും അഭ്യർത്ഥിച്ചു.

മെഗാ കിണ്ണം കളി ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

കേരള തനതു കലകളുടെ കൂട്ടത്തിലുള്ളതും ഇന്ന് അന്യം നിന്നുപോകുന്നതുമായ 'കിണ്ണംകളി' അതിന്റെ മുഴുവൻ ചൈതന്യവും ഉൾക്കൊണ്ടുകൊണ്ട് ബഹ്റൈൻ കേരളീയ സമാജത്തിലെ നൂറിലധികം വനിതകളും പുരുഷന്മാരും ചേർന്ന് ഇന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അവതരിപ്പിക്കുകയാണ്. ഈ വർഷത്തെ ഓണാഘോഷപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് 'മെഗാ കിണ്ണംകളി'. കഴിഞ്ഞ കാലങ്ങളിൽ കേരളീയ സമാജം വനിതകൾ അവതരിപ്പിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരടുപിന്നിക്കളി എന്നിവ ലോകമലയാളികൾക്കിടയിൽ തന്നെ ചർച്ചാവിഷയമാവുകയും സർക്കാർ തലങ്ങൾ മുതൽ പല കോണുകളിൽ നിന്നും അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുകയും ചെയ്തവയാണ്.

കലാസ്വാദ്വകർക്ക് എന്നും കലാവിസ്മയങ്ങൾ തീർത്തുകൊണ്ടാണ് ബഹ്റൈൻ കേരളീയ സമാജം എല്ലാ വർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. തിരുവാതിരക്കളി കൈകൊട്ടിക്കളി എന്നീ കലാരൂപങ്ങളോട് സാദൃശ്യം തോന്നുമെങ്കിലും തികച്ചും വ്യത്യസ്തവും ആനന്ദകരവും ആയ ഒരു അനുഭൂതിയായിരിക്കും 'മെഗാ കിണ്ണംകളി' കാണികൾക്ക് സമ്മാനിക്കുകയെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സെക്രട്ടറി എം പി രഘു എന്നിവർ പറഞ്ഞു.

ബഹ്‌റൈനിലെ മുഴുവൻ കലാസ്വാദകർക്കും സൗജന്യമായി പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും കഴിയും. ഓണാഘോഷത്തിന്റെ ഭാഗമായി ഇതുവരെ നടന്ന പലഹാര മേള, പായസമേള, പൂക്കളമത്സരം, മറ്റ് മത്സര പരിപാടികൾ എന്നിവയിൽ പൊതുസമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. മെഗാ കിണ്ണംകളിയോടെ തുടങ്ങുന്ന എല്ലാ പരിപാടികളിലേക്കും മുഴുവൻ ബഹ്റൈൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ചയ 6 മണിക്കാണ് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP