Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ബഹ്‌റൈൻ കെ.എം.സി.സിയുടെ കരുതൽ സ്പർശം: അതിജീവന വഴിയിൽ നൂറുദിനം പിന്നിടുന്നു

ബഹ്‌റൈൻ കെ.എം.സി.സിയുടെ കരുതൽ സ്പർശം: അതിജീവന വഴിയിൽ നൂറുദിനം പിന്നിടുന്നു

സ്വന്തം ലേഖകൻ

മനാമ: കോവിഡ് സേവന-പ്രതിരോധ രംഗത്തെ അതിജീവന പ്രവർത്തനങ്ങൾ നൂറുദിനം പിന്നിട്ട് പവിഴ ദ്വീപിൽ കാരുണ്യത്തിന്റെ പര്യായമായി ബഹ്റൈൻ കെ.എം.സി.സി. ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സാഹോദര്യവും സഹവർത്തിത്വവും സാധ്യമാക്കിയാണ് ഈ മഹാമാരിക്കാലത്തും കാരുണ്യ പ്രവർത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുന്നത്. പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ദുരിതക്കയത്തിലായവരെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ ചാർട്ടേഡ് വിമാന സർവിസ് നടത്താൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഈ കൂട്ടായ്മ. കൂടാതെ മൂന്ന് ചാർട്ടേഡ് വിമാനംകൂടി ബഹ്റൈൻ കെഎംസിസിക്ക് അനുമതി കിട്ടിയത്‌കൊണ്ട് തന്നെ അടുത്ത ആഴ്‌ച്ച തന്നെ കൂടുതൽ പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള അന്തിമ പ്രവർത്തനത്തിലാണ് .ഇതുവരെ ആരും അനുഭവിക്കാത്ത ആർക്കും മുൻപരിചയമില്ലാത്ത അവസ്ഥയിൽ പ്രവാസികൾക്ക് ധൈര്യം പകർന്ന് കൈത്താങ്ങായ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അഭിന്ദിച്ച് ബഹ്‌റൈൻ ഭരണകൂടം രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.

ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ പ്രവാസികൾക്കിടയിൽ ബോധവൽക്കരണവുമായാണ് കെ.എം.സി.സിയുടെ കോവിഡ് കാല കരുതൽ സ്പർശത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധയിടങ്ങളിലെ ലേബർ ക്യാംപുകൾ സന്ദർശിച്ച് ഓരോരുത്തരെയും കോവിഡ് മഹാമാരിയെ കുറിച്ച് ബോധവാന്മാരാക്കുകയും അവർക്ക് വേണ്ട മാസ്‌ക്കുകൾ ലഭ്യമാക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയിൻ കാംപയിൻ പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ സഹായകമായി. ബഹ്‌റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാൻഡ് വാഷ് സൗകര്യവും സാനിറ്റൈസർ സൗകര്യവുമാണ് ഇതിനായി സജ്ജീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികൾക്കിടയിൽ ഈ കാംപയിൻ വിജയിപ്പിക്കാനുള്ള മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.

ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങൾ അറിഞ്ഞ് ഇടപെടുന്നതിൽ കെ.എം.സി.സി ഹെൽപ്പ് ഡെസ്‌ക് നിർവഹിച്ച പങ്ക് ഏറെ വലുതാണ്. ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികൾക്ക് വേണ്ട സേവനങ്ങളൊരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഓരോരുത്തരുടെയും കാര്യങ്ങൾ കേട്ടറിഞ്ഞ് അവർക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്‌റൈൻ ഗവൺമെന്റിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും മാർഗനിർദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളുമാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ കീഴിൽ നടുന്നുവരുന്നത്.

സഹജീവികളുടെ വിശപ്പകറ്റാൻ കെ.എം.സി.സി ആരംഭിച്ച കാരുണ്യ സ്പർശം പദ്ധതിയിലൂടെ ഇതുവരെ നാലായിരത്തിലധികം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഇതിനായി കെ.എം.സി.സി 20 ജില്ല, ഏരിയ കമ്മിറ്റികളുടെ കീഴിൽ അഞ്ഞൂറോളം വളണ്ടിയർമാരും പ്രവർത്തിച്ചുവരുന്നു. ജോലിക്കു പോകാൻ കഴിയാത്തതിനാലും ഷോപ്പുകളിൽ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകൾക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോൾ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല, ഏരിയ കെ.എം.സി.സികൾ ഏറ്റെടുത്തത്. സംഘടനാ ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ക്യാപിറ്റൽ ഗവർണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യൻ എംബസി എന്നിവയുടെ സഹായവും ലഭിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ മറ്റ് രോഗങ്ങൾക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവർക്കായി നടപ്പിലാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിൻ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികൾക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സൗജന്യമായും അല്ലാത്തവർക്ക് നാട്ടിൽനിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുയകയ്ക്ക് മരുന്ന് വാങ്ങാൻ കഴിയാത്തവർ, ജോലിയില്ലാത്തവർ, വിസിറ്റിങ് വിസയിലെത്തിയവർ തുടങ്ങിയവർക്കും താമസിക്കുന്ന ബിൽഡിങ് ക്വാറന്റൈനിലായി പുറത്തുപോകാൻ കഴിയാത്തവർക്കും ഈ പദ്ധതിയിലൂടെ കാരുണ്യമേകുന്നു.

11 വർഷത്തിലധികമായി നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പർശം കോവിഡ് കാലത്തും സജീവമാക്കുന്നതിൽ പ്രവർത്തകർ ഏറെ ശ്രദ്ധ പുലർത്തി. നിയന്ത്രണങ്ങളുള്ളതിനാൽ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം. സൽമാനിയ ഹോസ്പിറ്റലിൽ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തകർ ഈ പ്രത്യേക സാഹചര്യത്തിലും രക്തം ദാനം ചെയ്തു മാതൃക കാണിച്ചു. 10 ദിവസത്തോളം തുടർച്ചയായി രക്തം നൽകി. ഇക്കാര്യത്തിൽ ബഹ്‌റൈൻ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നൽകാനും കെ.എം.സി.സിയുടെ കീഴിൽ പ്രത്യേക വിങ് തന്നെ പ്രവർത്തിക്കുന്നു. രോഗ ബാധിതർക്ക് വസ്ത്രങ്ങൾ, മറ്റ് സാധന സാമഗ്രികകൾ തുടങ്ങിയവ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിച്ചു നൽകുന്നതോടൊപ്പം മാനസിക കരുത്ത് പകർന്ന് കരുതലാവുകയാണ് കെ.എം.സി.സി.

ലോക്ക്ഡൗണിനെ തുടർന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോൾ ഓരോരുത്തർക്കും ഇഫ്താർ കിറ്റുകളെത്തിച്ച് ബഹ്‌റൈൻ കെ.എം.സി.സി
കാരുണ്യത്തിന്റെ ഇഫ്താർ ഒരുക്കുകയായിരുന്നു. ദിവസവും ആറായിരത്തിലധികം ദുരിതമനുഭവിക്കുന്നവർക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകളെത്തിച്ചത്. ഇതിലൂടെ ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് ഒന്നര ലക്ഷത്തോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 20 ഏരിയ, ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കിറ്റുകളെത്തിച്ചു നൽകുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്തവർക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുൻപന്തിയിലുണ്ട്.

പ്രതികൂല സാഹചര്യത്തിലും പ്രവാസികൾക്ക് മാർഗ നിർദേശങ്ങളെത്തിക്കാനും സഹായങ്ങളെത്തിച്ചു നൽകാനും കെ.എം.സി.സിയുടെ വളണ്ടിയർമാർ 24 മണിക്കൂറും കർമനിരതരായി പ്രവർത്തന രംഗത്തുണ്ട്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് 20 കമ്മിറ്റികളിലായി 500 അംഗ വളണ്ടിയർ വിങ് മുഴുവൻ സമയ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഭക്ഷ്യക്കിറ്റുകൾ, ഇഫ്താർ കിറ്റുകൾ എന്നിവ അർഹരിലേക്കെകത്തിക്കുക, മരുന്നുകളെത്തിക്കുക, ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഭാരവാഹികളും ഈ വളണ്ടിയർമാരുമാണ്.

കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗർഭിണികൾ ഉൾപ്പടെ രോഗികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും മറ്റു അർഹരായ പ്രവാസികൾക്കും 'കാരുണ്യ യാത്ര' പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിവരുന്നു. ഇതിനകം 15 ഓളം ടിക്കറ്റുകൾ നൽകി കഴിഞ്ഞു.

പ്രതിരോധ സേവന പ്രവർത്തനങ്ങളോടൊപ്പം ലോക്ക് സൗൺ കാലത്ത് വീടുകളിൽ കഴിയുന്ന കുട്ടികളെ കോവിഡ് ഭീതിയകറ്റി ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരം (വരയും വർണവും) ശ്രദ്ധേയമായിരുന്നു. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിൽ ബഹ്‌റൈനിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ കമ്മിറ്റി നിശ്ചയിച്ച വിധി കർത്താക്കളുടെ നിർണയത്തിലൂടെയാണ് കണ്ടെത്തിയത്. കൂടാതെ ഫേസ്‌ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തിൽ പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു.

വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിലും മറ്റുമായി കെ.എം.സി.സി പ്രവർത്തകർ നൽകിയ സേവനം മഹത്തരമാണ്. ചെറിയ പെരുന്നാൽ ദിനത്തിൽ ബഹ്‌റൈനിന്റെ വിവിധയിടങ്ങളിൽ കഴിയുന്ന 9000 ഓളം പേർക്കാണ് സഹജീവി സ്‌നേഹത്തിന്റെ സന്ദേശങ്ങൾ പകർന്ന് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. അതിജീവന കാലത്തെ ചെറിയ പെരുന്നാൾ ആഘോഷം നന്മയിലാക്കി ഒരുമയുടെ സ്‌നേഹം ചൊരിയുകയായിരുന്നു ബഹ്‌റൈൻ കെ.എം.സി.സി.

ഇന്നലെ ബഹ്റൈൻ കെ.എം.സി.സിയുടെ പ്രഥമ ചാർട്ടേഡ് വിമാനം 169 യാത്രക്കാരുമായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്നപ്പോൾ ചരിത്രനിമിഷങ്ങൾക്കാണ് ബഹ്റൈനിലെ പ്രവാസലോകം സാക്ഷിയായത്. ബഹ്റൈൻ കെ.എം.സി.സിയുടെ ചരിത്രത്തിൽ തന്നെ നവ്യാനുഭവമായ ഈ പദ്ധതി ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി നിരവധി പ്രയാസമനുഭവിക്കുന്നവർക്കാണ് ആശ്വാസമേകിയത്. ഇത്തരത്തിൽ സഹജീവികൾക്ക് സാന്ത്വനമേകുന്ന കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ നൂറുദിനം പിന്നിടുമ്പോൾ അഭിമാന മുഹൂർത്തത്തിലാണ് നേതാക്കളും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP