Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാരുണ്യ സ്പർശമായ്' ബഹ്‌റൈൻ കെഎംസിസി; കോവിഡ് ദുരിതകാലത്ത് ആശ്വാസമേകിയത് ആയിരങ്ങൾക്ക്

കാരുണ്യ സ്പർശമായ്' ബഹ്‌റൈൻ കെഎംസിസി; കോവിഡ് ദുരിതകാലത്ത് ആശ്വാസമേകിയത് ആയിരങ്ങൾക്ക്

സ്വന്തം ലേഖകൻ

മനാമ: ലോകത്തിലെ ഇരുന്നൂറിലധികം രാജ്യങ്ങളെ മുൾമുനയിലാക്കി കൊവിഡ് വ്യാപിക്കുമ്പോൾ സേവന-പ്രതിരോധ രംഗത്ത് ശ്രദ്ധേയമാവുകയാണ് കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി). മലയാളി പ്രതിനിധ്യമുള്ള രാജ്യങ്ങളിൽ കാരുണ്യ രംഗത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തി ലാഭേച്ഛ കൂടാതെ ജനനന്മ മാത്രം ലക്ഷ്യവച്ച് മുന്നോട്ടുപോകുന്ന ഈ സംഘടന, ഈ കൊവിഡ് കാലത്ത് ബഹ്റൈനിൽ നടത്തിവരുന്ന പദ്ധതികൾ ഏറെ പ്രശംസനീയമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ പാർട്ടിയായ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ കീഴിലുള്ള കെ.എം.സി.സി ബഹ്റൈൻ ഘടകം 44 വർഷത്തിലധികമായി സേവനരംഗത്ത് നിറസാന്നിധ്യമാണ്. ഈ പ്രവർത്തന മികവ് കൊണ്ടു തന്നെയാണ് സ്വന്തം രാജ്യത്തിന്റെ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവാസികൾക്ക് കരുതലാകാൻ കെ.എം.സി.സിക്ക് സാധിച്ചത്.

ബഹ്റൈനിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ കെ.എം.സി.സി പ്രതിരോധ-സേവന രംഗത്ത് സജീവമായിരുന്നു. പ്രവാസികളെ കൊവിഡ് ബാധയിൽനിന്ന് അകറ്റുക എന്നതോടൊപ്പം ജോലി നഷ്ടപ്പെട്ടും മറ്റ് കാരണങ്ങൾ കൊണ്ടും ബഹ്റൈനിൽ കുടുങ്ങിയവർക്ക് സംരക്ഷണമേകുക എന്ന ലക്ഷ്യവും കെ.എം.സി.സിക്കുണ്ടായിരുന്നു. അതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം സേവന മേഖലയിൽ ഊർജസ്വലമായി പ്രവർത്തിക്കാനും കെ.എം.സി.സിക്ക് കഴിഞ്ഞു. ഇതിനായി വിവിധ പദ്ധതികളാണ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചത്.

മാസ്‌ക് വിതരണവും ബോധവൽക്കരണവും
പ്രവാസികളിൽ ഏറിയ പങ്കും ലേബർ ക്യാംപുകളിലും മറ്റ് മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ തന്നെ, കൊവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ ഇവരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി പ്രവർത്തിച്ചത്. ഇതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധയിടങ്ങളിലെ ലേബർ ക്യാംപുകൾ സന്ദർശിച്ച് ഓരോരുത്തരെയും കൊവിഡ് മഹാമാരിയെ കുറിച്ച് ബോധവാന്മാരാക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. സാമൂഹ്യഅകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എങ്ങനെയൊക്കെ കൊവിഡ് പടരുമെന്നത് സംബന്ധിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുമാണ് ആദ്യഘട്ട ബോധവൽക്കരണം നടത്തിയത്. ആദ്യമായി അനുഭവിക്കുന്ന പ്രത്യേക സാഹചര്യം എന്ന നിലയിൽ വേണ്ടത്ര അറിവും കാര്യബോധവും ഇല്ലാത്തവർക്കിടയിൽ കെ.എം.സി.സിയുടെ പ്രചാരണ പ്രവർത്തനങ്ങൾ വലിയ അവബോധം ഉണ്ടാക്കി. കൂടാതെ ഇവർക്ക ആവശ്യമായ മാസ്‌ക്കുകൾ സൗജന്യമായി എത്തിക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മാസ്‌കുകൾ വിതരണം ചെയ്തപ്പോൾ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾ ഒറ്റക്കല്ലെന്ന തോന്നൽ പ്രവാസികൾക്കിടയി രൂപപ്പെട്ടു.

ബ്രേക്ക് ദി ചെയിൻ കാംപയിൻ സജീവമാക്കി
കൊവിഡ് വ്യാപനം തടയുന്നതിനായി കേരളത്തിൽ നടത്തിയ ബ്രേക്ക് ദി ചെയിൻ കാംപയിൻ പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും വ്യാപകമാക്കുന്നതിൽ കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ സഹായകമായി. ഇതിനോടനുബന്ധിച്ച് ബഹ്റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാൻഡ് വാഷ് സൗകര്യവും സാനിറ്റൈസർ സൗകര്യവും കെ.എം.സി.സിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികൾക്കിടയിൽ ഈ കാംപയിൻ വിജയിപ്പിക്കാനുള്ള നിർദേശങ്ങളും മാർഗങ്ങളും നൽകുകയും ചെയ്തു.

ആശ്വാസവാക്കായി ഹെൽപ്പ് ഡെസ്‌ക്ക്
ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികൾക്ക് വേണ്ട സേവനങ്ങളൊരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ബഹ്റൈനിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഹെൽപ്പ് ഡെസ്‌ക്കിലേക്ക് വിളിക്കുന്നവർക്ക് വേണ്ട സഹായങ്ങളെത്തിച്ച് സംരക്ഷണമാവുകയാണ് ഈ കൂട്ടായ്മ. അതിനാൽ തന്നെ മനാമയിൽ ബഹ്റൈൻ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിലേക്ക് നൂറുകണക്കിന് ഫോൺവിളികളാണ് ദിനവുമെത്തുന്നത്. ഓരോരുത്തരുടെയും കാര്യങ്ങൾ കേട്ടറിഞ്ഞ് അവർക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്റൈൻ ഗവൺമെന്റിന്റെയും നോർക്കയുടെയും മാർഗനിർദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്നു. 24 മണിക്കൂറും സജീവമായ ഹെൽപ്പ് ഡെസ്‌ക്കിന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് നേതൃത്വം നൽകുന്നതും.

വിഷപ്പകറ്റാൻ കാരുണ്യ സ്പർശം
കൊവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ കെ.എം.സി.സി നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയിലൂടെ ഇതുവരെ മൂവായിരം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിനായി കെ.എം.സി.സി 20 ജില്ല-ഏരിയ കമ്മിറ്റികളുടെ കീഴിൽ അഞ്ഞൂറോളം വളണ്ടിയർമാരാണ് പ്രവർത്തിച്ചുവരുന്നത്.

രോഗാവസ്ഥയുടെ പടർച്ച തടയാനുള്ള ഏകമാർഗം എന്ന നിലയിൽ ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് എന്ന സർക്കാർ നിർദ്ദേശം കർശനമായതോടെ തങ്ങളുടെ ഭക്ഷണത്തെ കുറിച്ചുള്ള ഭീതി പ്രവാസികളെ വല്ലാതെ ആശങ്കയിൽ എത്തിച്ചിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് സമാശ്വാസത്തിന്റെ സാമീപ്യമായി ബഹ്റൈനിൽ കെ.എം.സി.സി സജീവ സാന്നിധ്യമായി മാറിയത്. ജോലിക്കു പോകാൻ കഴിയാത്തതിനാലും ഷോപ്പുകളിൽ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകൾക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോൾ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല ഏരിയ കെ.എം.സി.സികൾ ഏറ്റെടുത്തത്.

ഹെൽപ്പ് ഡെസ്‌ക്കിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾക്ക് ശേഷം അർഹരാണെന്ന് കണ്ടെത്തിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. നിലവിൽ മൂവായിരത്തിലധികം ഭക്ഷ്യക്കിറ്റുകൾ വഴി പതിനയ്യായിരത്തോളം പേർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സംഘടനാ ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.

ആരോഗ്യത്തോടെ മെഡി ചെയിൻ
കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് രോഗങ്ങൾക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്ന രോഗികൾക്ക് സാന്ത്വനമാവുകയാണ് ബഹ്റൈൻ കെ.എം.സി.സിയുടെ മെഡി ചെയിൻ പദ്ധതി. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സൗജന്യമായും അല്ലാത്തവർക്ക് നാട്ടിൽനിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുയകയ്ക്ക് മരുന്ന് വാങ്ങാൻ കഴിയാത്തവർ, ജോലിയില്ലാത്തവർ, വിസിറ്റിങ് വിസയിലെത്തിയവർ തുടങ്ങിയവർക്കും താമസിക്കുന്ന ബിൽഡിങ് ക്വാറൈന്റിനിലായി പുറത്തുപോകാൻ കഴിയാത്തവർക്കും ഈ പദ്ധതി ഏറെ ആശ്വാസമാവുകയാണ്.

ജീവസ്പർശം സജീവമാക്കി
11 വർഷത്തിലധികമായി ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പർശം കൊവിഡ് കാലത്തും സജീവമാക്കുന്നതിൽ പ്രവർത്തകർ ഏറെ ശ്രദ്ധ പുലർത്തി. നിയന്ത്രണങ്ങളുള്ളതിനാൽ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം. സൽമാനിയ ഹോസ്പിറ്റലിൽ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തകർ ഈ പ്രത്യേക സാഹചര്യത്തിലും രക്തം ദാനം ചെയ്തു മാതൃക കാണിച്ചു. ഇക്കാര്യത്തിൽ ബഹ്റൈൻ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കൊവിഡ് ബാധിതർക്ക് കരുതൽ
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നൽകാനും കെ.എം.സി.സിയുടെ കീഴിൽ പ്രത്യേകവിങ് തന്നെ പ്രവർത്തിക്കുന്നു. രോഗ ബാധിതർക്ക് വസ്ത്രങ്ങൾ, മറ്റ് സാധനസാമഗ്രികകൾ തുടങ്ങിയവ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിച്ചു നൽകുന്നതോടൊപ്പം മാനസിക കരുത്ത് പകർന്ന് കരുതലാവുകയാണ് കെ.എം.സി.സി. ഇതിനായി കൗൺസിലിങ് വിങ്ങും പ്രവർത്തിച്ചുവരുന്നു. കൊവിഡ് ബാധിച്ചവർ, ആശ്രിതർ, കൂടെ താമസിക്കുന്നവർ, മാനസിക സമ്മർദ്ദമോ ഏകാന്തതയോ പിടിപെട്ടവർ ഇവർക്കെല്ലാം ആത്മവിശ്വാസം പകരാനും മാർഗനിർദ്ദേശം പകരാനും ഇതിലൂടെ സാധിക്കുന്നു.

ആശ്വാസമായി ഇഫ്താർ കിറ്റുകൾ
ലോക്ക്ഡൗണിനെ തുടർന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാത്തായപ്പോൾ ഓരോരുത്തർക്കും കിറ്റുകളെത്തിച്ച് ബഹ്റൈൻ കെ.എം.സി.സി
കാരുണ്യത്തിന്റെ ഇഫ്താറൊരുക്കുന്നു. ദിനവും 4 ആയിരത്തിലധികം ദുരിതമനുഭവിക്കുന്നവർക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകളെത്തിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 20 ഏരിയ-ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കിറ്റുകളെത്തിച്ചു നൽകുന്നത്. നിലവിൽ 4 ആയി ത്തിലധികം ഇഫ്താർ കിറ്റുകളിലൂടെ ഒരു ലക്ഷത്തിലധികം പേർക്കാണ് ഇഫ്താറൊരുക്കി വരുന്നത്. ലോകം കടുത്ത പ്രയാസത്തിലൂടെയാണ് നീങ്ങുന്നതെങ്കിലും ആരും തന്നെ നോമ്പുകാലത്ത് വിഷമിക്കരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സൗജന്യ കുടിവെള്ള വിതരണം
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്തവർക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുൻപന്തിയിലുണ്ട്. കുടിവെള്ളം ആവശ്യമായ ഏതുസമയത്തും ശുദ്ധജലമെത്തിക്കാൻ കെ.എം.സി.സി പ്രവർത്തകർ വിളിപ്പുറത്തുണ്ടാകും.

കരുത്തേകാൻ 500 അംഗ വളണ്ടിയർ വിങ്
പ്രതികൂല സാഹചര്യത്തിലും പ്രവാസികൾക്ക് മാർഗ നിർദേശങ്ങളെത്തിക്കാനും സഹായങ്ങളെത്തിച്ചു നൽകാനും കെ.എം.സി.സിയുടെ വളണ്ടിയർമാർ 24 മണിക്കൂറും കർമനിരതരായി പ്രവർത്തന രംഗത്തുണ്ട്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് 20 കമ്മിറ്റികളിലായി 500 അംഗ വളണ്ടിയർ വിങ് മുഴുവൻ സമയ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഭക്ഷ്യക്കിറ്റുകൾ, ഇഫ്താർ കിറ്റുകൾ എന്നിവ അർഹരിലേക്കെകത്തിക്കുക, മരുന്നുകളെത്തിക്കുക, ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ വളണ്ടിയർമാരാണ്

'കാരുണ്യ യാത്ര' പദ്ധതി
കോവിഡ് 19 : സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗർഭിണികൾ ഉൾപ്പടെ രോഗികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും മറ്റു അർഹരായ പ്രവാസികൾക്ക് കെഎംസിസി ബഹ്റൈൻ 'കാരുണ്യ യാത്ര' പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകുന്നു.

കുട്ടികളെ ആനന്ദകരമാക്കാൻ വരയും വർണവും
പ്രതിരോധ സേവന പ്രവർത്തനങ്ങളോടൊപ്പം ലോക്ക് സൗൺ കാലത്ത് വീടുകളിൽ കഴിയുന്ന കുട്ടികളെ കൊവിഡ് ഭീതിയകറ്റി ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരം (വരയും വർണവും) ശ്രദ്ധേയമായിരുന്നു. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിൽ ബഹ്റൈനിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ കമ്മിറ്റി നിശ്ചയിച്ച വിധി കർത്താക്കളുടെ നിർണയത്തിലൂടെയാണ് കണ്ടെത്തിയത്. കൂടാതെ ഫേസ്‌ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തിൽ പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു...

പ്രവർത്തങ്ങൾക്ക് മാറ്റ് കൂട്ടാൻ മീഡിയ & പബ്ലിസിറ്റി വിങ്
ബഹ്റൈൻ കെ എം സി സി യുടെ മുഴുവൻ പ്രവർത്തനങ്ങളെയും എക്കാലത്തും വേറിട്ട രീതിയിൽ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പൊതു സമൂഹത്തിൽ എത്തിക്കുന്നതിൽ മികവു പുലർത്തുന്ന പ്രവർത്തനമാണ് മീഡിയ & പബ്ലിസിറ്റി ടീം കാഴ്‌ച്ച വെച്ചിട്ടുള്ളത് . ഈ കോവിഡ് കാലത്തും ചിട്ടയും കൃത്യതയുമാർന്ന പ്രവർത്തനങ്ങളിലൂടെ നൂതനമായ രീതിയിലുള്ള അവതരണവും റിപ്പോർട്ടിങ്ങും കൊണ്ട് ശ്രദ്ധേയമാവുകയാണ് കെ എം സി സി ബഹ്റൈൻ മീഡിയ & പബ്ലിസിറ്റി വിങ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP