Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹറിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് സമർപ്പണവും 8 ന്

ബഹറിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് സമർപ്പണവും 8 ന്

മനാമ: ബഹറിനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ മന്നം ജയന്തി ആഘോഷവും അവാർഡ് സമർപ്പണവും ഈ മാസം 8 ഇസ് ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. സുരേഷ് ഗോപി എംപി മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ നടൻ ജഗദീഷും പങ്കെടുക്കും.

ഇക്കൊല്ലത്തെ മന്നം അവാർഡ് എസ്.രമേശൻ നായരും സ്റ്റാർ ഐക്കൺ അവാർഡ് നടൻ ജഗദീഷും, പ്രവാസി രത്‌ന അവാർഡ് കെ.ജി.ബാബുരാജും ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ഗായകൻ ശ്രീനാഥ്, ജാനകി നായർ, സുനീഷ് വരനാട് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു..

കൂടുതൽ വിവരങ്ങൾക്ക്..39222431..39650857..39810554..36441548

ഹരിഹരലയം ഫെബ്രുവരി 8ന്

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഫെബ്രുവരി 8ന് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ''ഹരിഹരലയം'' എന്ന പേരിൽ മന്നം ജയന്തി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചു. ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ രാജ്യസഭാംഗവും പ്രശസ്ത സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. ഗാനരചയിതാവ് എസ് രമേശൻ നായർ, സിനിമാ നടൻ ജഗദീഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഇതോടനുബന്ധിച്ച് ഈ വർഷത്തെ മന്നം അവാർഡ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് പമ്പാവാസൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ, അതായത് ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങി വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആദരിക്കുവാൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഏർപ്പെടുത്തിയതാണ് മന്നം അവാർഡ്. തുടർച്ചയായി ഇത് ആറാമത് തവണയാണ് ഈ അവാർഡ് നൽകുന്നത്. മുൻവർഷങ്ങളിൽ ഡോ. ഗോപാലകൃഷ്ണൻ, പ്രോഫ. വി.എൻ രാജശേഖരൻ പിള്ള, സുരേഷ് ഗോപി, ബാലകൃഷ്ണപിള്ള, മന്മഥൻ നായർ എന്നിവർക്കാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.

പ്രശസ്ത കവിയും പണ്ഡിതനും ഗാനരചയിതാവുമായ എസ്. രമേശൻ നായർക്ക് ഈ വർഷത്തെ മന്നം അവാർഡ് നൽകാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ അറിയിച്ചു. എസ്. രമേശൻ നായർ 160-ൽ പരം സിനിമകൾക്കായി 700-ൽ പരം ഗാനങ്ങളും 2000ലധികം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. നിരവധി പദ്യങ്ങൾ, കവിതാസമാഹാരങ്ങൾ, നാടകങ്ങൾ, ബാലസാഹിത്യങ്ങൾ, ആമുഖങ്ങൾ, ഉപന്യാസങ്ങൾ, സീരിയലുകൾ എന്നിവ മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും വിവരിക്കുന്ന 'ഗുരുപൗർണമി' എന്ന പുസ്തകത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ വ്യക്തിയാണ്. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ആശാൻ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, നാടകഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് എന്നിങ്ങനെ അൻപതോളം ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. തിരുക്കുറൽ, ചിലപ്പതികാരം എന്നീ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തതിന് തമിഴ്‌നാട് ഗവണ്മെന്റിന്റെ ആദരവ് നേടിയ വ്യക്തിയാണ്.

സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ തമിഴിൽ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. സംഘപരിവാർ സാംസ്‌കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. അനിൽ കുമാർ ചെയർമാനും ദേവദാസ് നമ്പ്യാർ, പ്രവീൺ നായർ, ശിവകുമാർ, അജയ് പി നായർ എന്നിവരടങ്ങുന്ന അഞ്ചംഗകമ്മിറ്റിയാണ് ഈ വർഷത്തെ മന്നം അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്റ്റാർ ഐക്കൺ പുരസ്‌കാരം പ്രശസ്ത സിനിമാനടൻ ശ്രീ ജഗദീഷിന് സമ്മാനിക്കും. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജഗദീഷ് പിന്നീട് അദ്ധ്യാപന രംഗത്തെത്തി. 1984ൽ ''മൈ ഡിയർ കുട്ടിച്ചാത്തൻ'' എന്ന മലയാളത്തിലെ ആദ്യ 3D സിനിമയിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച അദ്ദേഹം നാനൂറോളം സിനിമകളിൽ ഹാസ്യനടനായും സഹനടനായും നായകനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

അഭിനേതാവ് എന്നതിലുപരി ഛയാഗ്രാഹകനും, എഴുത്തുകാരനും ഗായകനും പ്രാസംഗികനുമാണ് ഈ ബഹുമുഖ പ്രതിഭ. അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം എന്നീ രംഗങ്ങളിലും കഴിവു തെളിയിച്ച അപൂർവ്വം നടന്മാരിലൊരാളാണ് അദ്ദേഹം. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമക്ക് പുറമെ ടെലിവിഷൻ രംഗത്തും അനായാസമായ അവതരണ ശൈലി കൊണ്ട് അവിഭാജ്യ ഘടകമായ അദ്ദേഹം നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകനായും വിധികർത്താവായും തിളങ്ങിയിട്ടുണ്ട്.

വ്യവസായ പ്രമുഖർക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രവാസി രത്‌ന പുരസ്‌കാരം മിഡിൽ ഈസ്റ്റിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും പ്രമുഖ നിർമ്മാണ വിദഗ്ദനും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി ബാബുരാജന് സമ്മാനിക്കും. ബഹ്‌റൈനിലെ ഏറ്റവും പ്രഗല്ഭരായ എൻജിനീയർമാരിലൊരാണ് ബാബുരാജൻ. ബഹ്‌റൈനിൽ ഇന്ന് നമ്മൾ കാണുന്ന ഒട്ടുമിക്ക പ്രധാന കെട്ടിടങ്ങൾക്കും പിറകിൽ അദ്ദേഹത്തിന്റെ നിർമ്മാണ വൈദഗ്ദ്യം കാണാൻ കഴിയുമെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. ബഹ്റൈനു പുറമെ ഖത്തറിലും അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു.

ഈ അവസരത്തിൽ സംഘടനയുടെ മെമ്പർഷിപ്പ് ഡയറക്ടറി പ്രകാശനം ചെയ്യുന്നതായിരിക്കും. സംഘടന രൂപം കൊണ്ട് 36 വർഷത്തിനു ശേഷം ആദ്യമായി ഇത്തരം ഒരു ഡയറക്ടറി പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പമ്പാവാസൻ നായർ അറിയിച്ചു. അംഗങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ ഉതകുന്ന രീതിയിൽ നവീന സംവിധാനങ്ങളോടു കൂടിയ ഒരു ഇ-ഡയറക്ടറി കൂടി ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഡയറക്ടറി ജനറൽ കൺവീനർ ഹരിദാസ് ബി നായർ അറിയിച്ചു.

തുടർന്ന് പ്രശസ്ത പിന്നണി ഗായകരായ ശ്രീനാഥ്, ജാനകി നായർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയും കോമഡി ആർട്ടിസ്റ്റ് സുനീഷ് വാരനാട് അവതരിപ്പിക്കുന്ന കോമഡി ഷോയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും. ജനറൽ കൺവീനർ പ്രവീൺ നായർ, ജനറൽ കോർഡിനേറ്റർ ജ്യോതി മേനോൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. സുരേഷ് ഗോപിക്ക് 9 മണിക്ക് പോകേണ്ടതിനാൽ 5 മണിക്കു തന്നെ പരിപാടികൾ ആരംഭിക്കുമെന്നും എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.

പമ്പാവാസൻ നായർ, സന്തോഷ് കുമാർ, ജയകുമാർ, പ്രവീൺ നായർ, അനിൽ കുമാർ, ഹരിദാസ് നായർ, അജയകുമാർ, അഭിലാഷ് പിള്ള, ജ്യോതി മേനോൻ, ജയൻ എസ് നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP